14 December Saturday

സുവർണ തിളക്കത്തിൽ ഗോവൻ മേളയ്‌ക്ക്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Wednesday Nov 20, 2019

പനാജി >  50-ാം ഗോവൻ അന്താരാഷ്‌ട്ര ചലച്ചിതമേളയ്‌ക്ക്‌ വർണാഭമായ തുടക്കം. ശ്യാമപ്രസാദ്‌ സ്‌റ്റേഡിയത്തിൽ നടൻ അമിതാഭ്‌ ബച്ചൻ ഉദ്‌ഘാടനംചെയ്‌തു. സുവര്‍ണ ജൂബിലി ഐക്കണ്‍ അവാര്‍ഡ് രജനികാന്തിന്‌ സമ്മാനിച്ചു. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ഫ്രഞ്ച് നടി ഇസബെല്ല ഹൂപ്പര്‍ട്ട്‌ ഏറ്റുവാങ്ങി. ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹറായിരുന്നു ഉദ്ഘാടനച്ചടങ്ങിൽ അവതാരകൻ.

 സംവിധായകരായ മധുർ ഭണ്ഡാർക്കർ, പ്രിയദർശൻ, നിർമാതാവ്‌ സിദ്ധാർഥ്‌ റോയ്‌ കപൂർ, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, കേന്ദ്രമന്ത്രിയും ഗായഗകനുമായ ബാബുൾ സുപ്രിയോ, കേന്ദ്രമന്ത്രി പ്രകാശ്‌ ജാവദേക്കർ എന്നിവരും പങ്കെടുത്തു. ഉദ്ഘാടന ചടങ്ങിനുശേഷം ശങ്കർ മഹാദേവൻ നയിച്ച സംഗീതവിരുന്നുമുണ്ടായി. ഇറ്റാലിയന്‍ സംവിധായകന്‍ ഗോരന്‍ പാസ്‌കല്‍ജെവികിന്റെ ഡെസ്പൈറ്റ് ദി ഫോഗായിരുന്നു ഉദ്ഘാടനചിത്രം.

ഗുജറാത്തി സംവിധായകന്‍ അഭിഷേക് ഷായുടെ ഹെല്ലാരോയാണ്‌ ഇന്ത്യന്‍ പനോരമയിൽ ഉദ്ഘാടനചിത്രം. ഇത്‌ വ്യാഴാഴ്ച പ്രദര്‍ശിപ്പിക്കും.  മലയാളത്തില്‍നിന്ന്‌ മനു അശോകന്റെ ഉയരെ, ടി കെ രാജീവ് കുമാറിന്റെ കോളാമ്പി എന്നീ ചിത്രങ്ങളടക്കം ആകെ 41 ചിത്രമാണ്‌ ഇന്ത്യൻ പനോരമ വിഭാഗത്തിലുള്ളത്‌. നോണ്‍ ഫീച്ചര്‍ വിഭാഗത്തിലെ ഉദ്ഘാടനചിത്രം കശ്മീരിചിത്രമായ നൂറയാണ്. ആഷിഷ് പാണ്ഡയാണ് സംവിധായകൻ. 15 ചിത്രമാണ്‌ ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കുക. ഫീച്ചർവിഭാഗത്തിൽ 26 ചിത്രമാണുള്ളത്‌.

76 രാജ്യത്തിൽനിന്നായി 200 ചിത്രമാണ്‌ എട്ടുദിവസം നീണ്ടുനിൽക്കുന്ന മേളയിൽ പ്രദർശിപ്പിക്കുക. സംവിധായകൻ പ്രിയദർശൻ ഫീച്ചർ വിഭാഗം ജൂറി ചെയർമാനും രാജേന്ദ്ര ജംഗ്ലി നോൺ ഫീച്ചർ വിഭാഗം ജൂറി ചെയർമാനുമാണ്‌.

ഒമ്പതിനായിരം പേരാണ്‌ മേള കാണാനെത്തുന്നത്‌. മേള 28ന്‌ സമാപിക്കും. ഇറ്റാലിയൻ സംവിധായകൻ മൊഹസിൻ മഖ്‌മൽബഫിന്റെ മാഗെ ആൻഡ്‌ ഹെർ മദർ ആണ്‌ സമാപന ചിത്രം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top