21 July Sunday

ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കരുതെന്ന്‌ പറഞ്ഞ ഗംഭീര്‍ കമന്ററി ബോക്‌സിൽ; ബിജെപി എംപിക്കെതിരെ സോഷ്യൽമീഡിയ

വെബ് ഡെസ്‌ക്‌Updated: Monday Jun 17, 2019

ഗൗതം ഗംഭീർ

മാഞ്ചസ്‌റ്റർ > തെരഞ്ഞെടുപ്പ്‌ പ്രചരണത്തിനിടെ പാകിസ്ഥാനുമായുള്ള ലോകകപ്പ്‌ മത്സരം ഇന്ത്യ ബഹിഷ്‌കരിക്കണമെന്ന്‌ പറഞ്ഞ ബിജെപി എംപിയും മുൻ ക്രിക്കറ്റ്‌ താരവുമായ ഗൗതം ഗംഭീർ അതേ മത്സരത്തിന്‌ കമന്ററി പറയാനെത്തി. രണ്ട് പോയന്റ് നഷ്ടമായാലും കുഴപ്പമില്ല, ഇന്ത്യ ലോകകപ്പില്‍ പാകിസ്ഥാനോട് കളിക്കരുതെന്നായിരുന്നു ഗംഭീര്‍ തെരഞ്ഞെടുപ്പ്‌ പ്രചരണത്തിനിടെ പറഞ്ഞത്‌. എന്നാൽ തെരഞ്ഞെടുപ്പ്‌ വിജയിച്ചയിച്ചതോടെ മലക്കം മറിഞ്ഞ ഗംഭീർ സ്‌റ്റാർ ഇന്നലെ സ്‌റ്റാർ സ്‌പോർട്‌സിനായി ഇന്ത്യ‐പാകിസ്ഥാൻ മത്സരം വിലയിരുത്താനെത്തി. തെരഞ്ഞെടുപ്പ്‌ കഴിഞ്ഞതോടെ വമ്പൻ പ്രതിഫലത്തിനായി ഗംഭീർ തന്റെ മുൻ പ്രസ്‌താവനയും എംപി എന്ന നിലയിലുള്ള ചുമതലകളും മറന്നു എന്നാണ്‌ സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനം. നാലു ദിവസത്തേക്ക് സ്റ്റാര്‍ സ്‌പോര്‍ട്‌സിനായി കമന്ററി പറയാന്‍ പോവുകയാണെന്നും, തന്റെ എംപി ഓഫീസ് പ്രവര്‍ത്തിക്കുമെന്നും ട്വീറ്റ് ചെയ്താണ് ഗംഭീര്‍ കമന്ററി പറയാനെത്തിയത്‌.

‘ഈ മത്സരം ബഹിഷ്‌കരിച്ചതിന്റെ പേരില്‍ നോക്കൗട്ട് റൗണ്ടിലെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഇന്ത്യന്‍ ടീമിനെ ആരാധകര്‍ പിന്തുണയ്‌ക്കുകയാണ്‌ വേണ്ടത്‌. അതിന്റെ പേരില്‍ ആരും ടീമിനെ കുറ്റപ്പെടുത്തരുത്. രാജ്യം മുഴുവന്‍ ടീമിന് പിന്നില്‍ അണിനിരക്കണം. ലോകകപ്പ് മാത്രമല്ല, ഏഷ്യാ കപ്പും ഇന്ത്യ ബഹിഷ്‌കരിക്കണം. ചില ഘട്ടങ്ങളില്‍ കളിയ്ക്ക് മുകളില്‍ രാഷ്ട്രീയത്തെ കാണേണ്ടതുണ്ട്‌. രാജ്യത്തിനായി വീരമൃത്യു വരിച്ച സൈനികരോടുള്ള സ്നേഹത്തേക്കാള്‍ വലുതായി മറ്റൊന്നുമില്ല. പാകിസ്ഥാനെതിരെ നിബന്ധനകളോടെയുള്ള ബഹിഷ്‌കരണമല്ല വേണ്ടത്, നമ്മള്‍ പാകിസ്ഥാനെതിരെ കളിക്കുന്നത് പൂര്‍ണമായും അവസാനിപ്പിക്കണം.’ ‐ എന്നിങ്ങനെയായിരുന്നു പുൽവാമ ആക്രമണത്തിന്‌ ശേഷം ഗംഭീറിന്റെ വാക്കുകൾ.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top