13 November Wednesday

ഹരിയാനയിൽ സീറ്റ്‌ വിൽപ്പനയെന്ന്‌ അശോക്‌ തൻവാർ; സോണിയയുടെ വീട്ടിലേക്ക്‌ പ്രതിഷേധ മാർച്ച്‌

സ്വന്തം ലേഖകൻ Updated: Wednesday Oct 2, 2019

ന്യൂഡൽഹി > നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ്‌ വിഭജനത്തെച്ചൊല്ലി ഹരിയാന കോൺഗ്രസിലെ രൂക്ഷമായ ചേരിപ്പോര്‌ സോണിയാഗാന്ധിയുടെ വീടിന്‌ മുന്നിലേക്കും നീണ്ടു. ഹരിയാന കോൺഗ്രസ്‌ മുൻ പ്രസിഡന്റും മുതിർന്ന നേതാവുമായ അശോക്‌ തൻവറിന്റെ നേതൃത്വത്തിൽ ബുധനാഴ്‌ച  കോൺഗ്രസ്‌ ആസ്ഥാനത്തേക്കും പാർടി അധ്യക്ഷ സോണിയ ഗാന്ധിയുടെ വസതിയിലേക്കും പ്രതിഷേധമാർച്ച്‌ നടത്തി. തെരഞ്ഞെടുപ്പ്‌ നിർവാഹകസമിതി തലവൻ ഭൂപീന്ദർസിങ്‌ ഹൂഡയുടെ നേതൃത്വത്തിൽ സീറ്റുകൾ വിൽക്കുകയാണെന്ന്‌ തൻവർ ആരോപിച്ചു.

സോഹ്‌ന സീറ്റ്‌ അഞ്ചുകോടി രൂപയ്‌ക്കാണ്‌ വിറ്റത്‌. ഹരിയാനയിലെ 11 എംഎൽഎമാർ കോൺഗ്രസ്‌ വിട്ട്‌ ബിജെപിയിലേക്ക്‌ ചേക്കേറി. മൂന്ന്‌ മാസത്തിനിടെ ആറ്‌ വട്ടം ബിജെപി എന്നെ അവരുടെ പാർടിയിലേക്ക്‌ ക്ഷണിച്ചു. എന്നാൽ, കോൺഗ്രസിനോട്‌ കൂറുള്ള താൻ അവരുടെ വാഗ്‌ദാനങ്ങൾ നിരസിച്ചു’–- വികാരഭരിതനായ തൻവർ പറഞ്ഞു. ഭൂപീന്ദർസിങ് ഹൂഡയ്‌ക്ക്‌ പുറമേ  സംസ്ഥാന അധ്യക്ഷ കുമാരി ഷെൽജയ്‌ക്കും ഹരിയാനയുടെ ചുമതലയുള്ള മുതിർന്ന കോൺഗ്രസ്‌ നേതാവ്‌ ഗുലാംനബി ആസാദിനുമെതിരെ അശോക്‌ തൻവറിന്റെ അനുയായികൾ മുദ്രാവാക്യം മുഴക്കി.  ചേരിപ്പോര്‌ ശക്തമായതിനെ തുടർന്ന്‌ സെപ്‌തംബറിൽ അശോക്‌ തൻവറിനെ നീക്കി കുമാരി ഷെൽജയെ പ്രസിഡന്റായി നിയമിച്ചിരുന്നു. തെരഞ്ഞെടുപ്പ്‌ നിർവാഹകസമിതി അധ്യക്ഷനായി മുൻ മുഖ്യമന്ത്രി ഭൂപീന്ദർസിങ്‌ ഹൂഡയെയും ചുമതലപ്പെടുത്തി. കുമാരി ഷെൽജയും ഭൂപീന്ദർസിങ്‌ ഹൂഡയും ചേർന്ന്‌ തന്റെ അനുയായികൾക്ക്‌ സീറ്റ്‌ നിഷേധിച്ചുവെന്നാണ്‌ തൻവറിന്റെ പ്രധാന ആരോപണം. 21ന്‌ നടക്കുന്ന തെരഞ്ഞെടുപ്പിൽ നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി വെള്ളിയാഴ്‌ചയാണ്‌. സോണിയ ഇടപെട്ട്‌ ഉടൻ തർക്കം പരിഹരിച്ചില്ലെങ്കിൽ കടുത്ത നടപടികളിലേക്ക്‌ കടക്കുമെന്നാണ്‌ തൻവറും കൂട്ടരും നൽകുന്ന സൂചന.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top