23 January Wednesday

'സര്‍ക്കാര്‍ സ്വാഭാവികനീതി നിഷേധിച്ചു'; അലോക് വര്‍മ സര്‍വീസില്‍ നിന്ന് രാജിവെച്ചു

വെബ് ഡെസ്‌ക്‌Updated: Friday Jan 11, 2019

ന്യൂഡല്‍ഹി > സിബിഐ മുന്‍ ഡയറക്ടര്‍ അലോക് വര്‍മ സര്‍വീസില്‍നിന്ന് രാജിവെച്ചു. ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റിയതിന് പിന്നാലെയാണ് രാജി. ഫയര്‍സര്‍വീസ് ഡിജി സ്ഥാനം ഏറ്റെടുക്കില്ലെന്ന് അലോക് വര്‍മ അറിയിച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ തനിക്ക് സ്വാഭാവികനീതി നിഷേധിച്ചുവെന്നും ചട്ടങ്ങള്‍ അട്ടിമറിച്ചുകൊണ്ടാണ് തന്നെ പുറത്താക്കിയതെന്നും രാജിക്കത്തില്‍ അലോക് വര്‍മ പറയുന്നു.

സുപ്രീംകോടതി ഉത്തരവ് പ്രകാരം സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് തിരിച്ചെത്തിയ അലോക് വര്‍മയെ കേന്ദ്രസര്‍ക്കാര്‍ വ്യാഴാഴ്‌‌ച്ചയാണ് പുറത്താക്കിയത്. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വസതിയില്‍ ചേര്‍ന്ന രണ്ട് മണിക്കൂറിലേറെ നീണ്ട ഉന്നതതലസമിതി യോഗത്തിലാണ് വര്‍മയെ നീക്കാന്‍ തീരുമാനിച്ചത്. ഫയര്‍ഫോഴ്‌സിന്റെയും ഹോംഗാര്‍ഡിന്റെയും സിവില്‍ഡിഫെന്‍സിന്റെയും ഡയറക്ടര്‍ ജനറല്‍ സ്ഥാനത്തേക്കായിരുന്നു അലോക് വര്‍മയ്ക്ക് മാറ്റം നല്‍കിയത്. എന്നാല്‍ ഈ സ്ഥാനങ്ങള്‍ ഏറ്റെടുക്കാനാവില്ലെന്ന് വര്‍മ അറിയിച്ചു.

ഈ മാസം 31ന് വിരമിക്കാനിരിക്കുകയായിരുന്നു അലോക് വര്‍മ. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 23ന് അര്‍ധരാത്രി അലോക് വര്‍മയെ സിബിഐ തലപ്പത്തുനിന്ന് മാറ്റിയത് അദ്ദേഹം റഫേല്‍ കേസില്‍ അന്വേഷണത്തിന് തുടക്കമിട്ടതിനു തൊട്ടുപിന്നാലെയാണ്. അര്‍ധരാത്രിതന്നെ പുതിയ മേധാവി ചുമതലയേല്‍ക്കുകയും ചെയ്‌തു. അന്നുതന്നെ ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥര്‍ സിബിഐ ആസ്ഥാനത്തുനിന്ന് ഫയലുകള്‍ കടത്തിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അലോക് വര്‍മയെ പുറത്താക്കിയശേഷം സംഘപരിവാറിന്റെ വിശ്വസ്‌തനും വിവാദപുരുഷനുമായ നാഗേശ്വരറാവുവിനെയാണ് സിബിഐ തലപ്പത്ത് അവരോധിച്ചത്. ചുമതലയേറ്റയുടന്‍ റാവു നടപ്പാക്കിയത് കൂട്ടസ്ഥലംമാറ്റമാണ്. അന്യായസ്ഥലംമാറ്റത്തിനെതിരെ എ കെ ശര്‍മ എന്ന ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ സുപ്രീംകോടതിയില്‍  നല്‍കിയ ഹര്‍ജിയില്‍ കേന്ദ്രമന്ത്രിമാര്‍ക്കെതിരെ ഉള്‍പ്പെടെ ആരോപണം ഉയര്‍ത്തിയിരുന്നു.

കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയ എതിരാളികളെ സിബിഐയെ ഉപയോഗിച്ച് വേട്ടയാടാനുള്ള ശ്രമങ്ങളെ ചെറുക്കാനും അലോക് വര്‍മ തയ്യാറായിരുന്നു. ബിജെപിയുടെ വിശ്വസ്‌തനായ രാകേഷ് അസ്താനയെ സ്‌പെഷ്യല്‍ ഡയറക്ടറായി നിയമിച്ച് രാഷ്ട്രീയസര്‍ക്കാര്‍ അജന്‍ഡ നടപ്പാക്കുകയാണ് മോഡിസര്‍ക്കാര്‍ ചെയ്‌തത്.

അസ്‌താനയ്‌‌‌‌ക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ അലോക് വര്‍മ ശ്രമിച്ചതും സ്ഥാനചലനത്തിനു കാരണമായി. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ തിരിച്ചുവന്ന അലോക് വര്‍മ സിബിഐ ആസ്ഥാനത്ത് വീണ്ടും  അഴിച്ചുപണിക്ക് ഉത്തരവിട്ടിരുന്നു. എന്നാല്‍, മണിക്കൂറുകള്‍ക്കുള്ളില്‍ അദ്ദേഹത്തിന് കസേര നഷ്‌ടമായി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top