20 February Wednesday

പ്രഖ്യാപനങ്ങള്‍ നടപ്പാക്കിയില്ല; രാജസ്ഥാൻ കർഷകർ വീണ്ടും സമരത്തിന‌്

വെബ് ഡെസ്‌ക്‌Updated: Tuesday Jan 15, 2019

ന്യൂഡൽഹി > കർഷകരുടെ കടം എഴുതിത്തള്ളുമെന്ന പ്രഖ്യപനം നടപ്പാക്കാത്തതിൽ പ്രേതിഷേധിച്ച‌് രാജസ്ഥാനിൽ കർഷകർ വീണ്ടും പ്രക്ഷോഭത്തിലേക്ക‌്. അഖിലേന്ത്യാ കിസാൻ സഭയുടെ നേതൃത്വത്തിലാണ‌് കർഷകർ പ്രക്ഷോഭത്തിനൊരുങ്ങുന്നത‌്. ഉൽപ്പന്നങ്ങൾക്ക‌് താങ്ങുവില പ്രഖ്യാപിക്കണമെന്നും കർഷകർ ആവശ്യപ്പെടുന്നു.

അശോക‌് ഗെലോട്ടിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ‌് സർക്കാർ അധികാരമേറ്റ‌് ഒരുമാസം പിന്നിട്ടിട്ടും കർഷകരുടെ ആവശ്യങ്ങൾ അവഗണിക്കുന്നതിൽ പ്രതിഷേധിച്ചാണ‌് സമരം. 2018 നവംബർ 30 വരെയെടുത്ത, രണ്ടു ലക്ഷം വരെയുള്ള വായ‌്പകൾ എഴുതിത്തള്ളുമെന്നത‌് കോൺഗ്രസ‌് അധികാരത്തിൽ വന്നയുടൻ നടത്തിയ പ്രഖ്യാപനമായിരുന്നു. എന്നാൽ, നടപ്പായില്ല. ചുരുക്കം ചിലർക്കേ ഇതിന്റെ ഗുണം ലഭിച്ചുള്ളൂവെന്ന‌് കിസാൻ സഭ ജില്ലാ സെക്രട്ടറി സാഗർ ഖചാര്യ പറഞ്ഞു.

തെരഞ്ഞടുപ്പുവേളയിലെ പ്രധാന വാഗ‌്ദാനമായിരുന്നു വായ‌്‌പ എഴുതിത്തള്ളുമെന്നത‌്. എന്നാൽ, ദിവസംചെല്ലുന്തോറും തങ്ങൾ വഞ്ചിക്കപ്പെട്ടതായാണ‌് ജനങ്ങൾക്ക‌് തോന്നുന്നത‌്. സർക്കാർ ജീവനക്കാരോ പെൻഷൻകാരോ ഗ്രാമത്തലവന്മാരോ നഗരപാലികാ ചെയർമാൻ, പഞ്ചായത്ത‌് പ്രമുഖ‌് തുടങ്ങിയവരോ കുടുംബത്തിൽ ഉണ്ടെങ്കിൽ അവർ വായ‌്പാ ഇളവിന‌് അർഹരല്ല എന്നാണ‌് ഉത്തരവ‌്.

എന്നാൽ, ഒരാൾ സർക്കാർ ജീവനക്കാരനുണ്ടെങ്കിലും ബാക്കി മൂന്നുപേരെങ്കിലും കൃഷിചെയ‌്ത‌് കടക്കാരായവരും ഓരോ കുടുംബത്തിലുമുണ്ടാകും. അങ്ങനെ നോക്കുമ്പോൾ ആർക്കാണ‌് ഇളവ‌് ലഭിക്കുക? –- സാഗർ ഖചാര്യ ചോദിച്ചു. സർക്കാരിനെതിരെ പ്രതിഷേധവുമായി രംഗത്തിറങ്ങിയ കർഷകർ എട്ടിന‌്  സിക്കറിൽ മുഖ്യമന്ത്രിയുടെ കോലവും വായ‌്പാ ഇളവ‌് സംബന്ധിച്ച സർക്കുലറും കത്തിച്ചു.


പ്രധാന വാർത്തകൾ
 Top