15 September Sunday

വൈരുധ്യങ്ങളുടെ എക്സിറ്റ‌്പോൾ; 20 വർഷത്തിനിടെ ഒരു പ്രവചനവും കൃത്യമായില്ല

വെബ് ഡെസ്‌ക്‌Updated: Monday May 20, 2019

ന്യൂഡൽഹി> എക‌്സിറ്റ‌്പോൾ ഫലങ്ങൾ ജനഹിതത്തിന്റെ കൃത്യമായ പ്രതിഫലനമല്ലെന്ന‌് വ്യക്തമാക്കുന്ന തെളിവുകളേറെ. വിവിധ ഏജൻസികൾ നടത്തിയ എക്സിറ്റ‌്പോളുകളുടെ ഫലങ്ങൾ തമ്മിൽ ഒരേ സംസ്ഥാനത്തുതന്നെ അമ്പരപ്പിക്കുന്ന തോതിലാണ‌് അന്തരം. സ്ഥിതിവിവരക്കണക്കുകളിലെ പൊരുത്തക്കേടും  അവ്യക്തതയും, ഉദ്ദേശിക്കുന്ന ഫലത്തിൽ എത്തിക്കാൻ തട്ടിക്കൂട്ടിയ കണക്കുകളാണ‌്  അവതരിപ്പിച്ചതെന്ന സംശയത്തിന‌് ഇടംനൽകുന്നു. ഉയരുന്നു. ടൈംസ‌് നൗ–-വിഎംആർ പോൾ 58 സീറ്റും ന്യൂസ‌്24–-ടുഡെയ‌്സ‌് ചാണക്യ 65 സീറ്റും യുപിയിൽ എൻഡിഎയ‌്ക്ക‌് നൽകുന്നു.  ശരാശരി 10 ലക്ഷംമുതൽ 20 ലക്ഷംവരെ വോട്ടർമാരുള്ള ലോക‌്സഭാ മണ്ഡലങ്ങളിൽ ആയിരത്തിൽ താഴെമാത്രം വോട്ടർമാരെ കണ്ടാണ‌് സർവേ നടത്തുന്നത‌്.

ബിഹാറിൽ ടൈംസ‌് നൗ എൻഡിഎയ‌്ക്ക‌് 30 സീറ്റ‌് പ്രവചിക്കുമ്പോൾ ആജ‌്തക് 40 വരെ നൽകുന്നു. ഒഡിഷയിൽ റിപ്പബ്ലിക്ക‌് ടിവി–സീവോട്ടർ എൻഡിഎയ‌്ക്ക‌് 10 സീറ്റ‌് നൽകുമ്പോൾ ആജ‌്തക് 15 മുതൽ 19 വരെ പ്രവചിക്കുന്നു. ബംഗാളിൽ ടൈംസ‌്നൗ എൻഡിഎയ‌്ക്ക‌് 11 സീറ്റും ആജ‌്തക് 19 മുതൽ 23 വരെ സീറ്റും പ്രവചിക്കുന്നു. എൻഡിഎയ‌്ക്ക‌് ഏറ്റവും കൂടുതൽ സീറ്റ‌് നൽകുന്നത‌് ഇന്ത്യ ടുഡെയാണ‌്–-365 വരെ. എന്നാൽ, കഴിഞ്ഞദിവസം ഇന്ത്യ ടുഡെയുടെ എക്സിറ്റ‌്പോൾ ഫലം അബദ്ധത്തിൽ പുറത്തുവന്നിരുന്നു. അതിൽ പറഞ്ഞിരുന്നത‌് എൻഡിഎയ‌്ക്ക‌് 177 സീറ്റ‌് മാത്രമാണ‌്. ആ കണക്കും ഇപ്പോൾ പറയുന്നതും തമ്മിൽ 188 സീറ്റിന്റെ വ്യത്യാസം. ഏറ്റവും കൃത്യമായി സാമ്പിൾശേഖരണം നടത്തിയെന്ന‌് അവകാശപ്പെടുന്ന ഏജൻസിയാണ‌് ഇന്ത്യ ടുഡെ. ബിജെപിക്ക‌് പരമാവധി സീറ്റ‌് ലഭിക്കുമെന്ന‌് പറയുന്ന പല സംസ്ഥാനങ്ങളിലും അവർക്ക‌് 2014ൽ കിട്ടിയതിനെ അപേക്ഷിച്ച‌് സീറ്റ‌് കുറയുമെന്ന‌് ഏജൻസികൾതന്നെ സമ്മതിക്കുന്നു. ഇങ്ങനെ നഷ്ടമാകുന്ന സീറ്റുകളും പുതുതായി ലഭിക്കുമെന്ന‌് കരുതുന്ന  സീറ്റുകളും എൻഡിഎ മുന്നണിക്ക‌് മൊത്തത്തിൽ കിട്ടുമെന്ന‌് പറയുന്ന സീറ്റുകളും തമ്മിൽ എണ്ണത്തിന്റെ കാര്യത്തിൽ പൊരുത്തമില്ല.

മൊത്തത്തിൽ എൻഡിഎയ‌്ക്ക‌് കിട്ടുമെന്ന‌് പറയുന്ന സീറ്റുകളുടെ എണ്ണത്തിലും വിവിധ പോളുകൾ തമ്മിലുള്ള വ്യത്യാസം ശ്രദ്ധേയമാണ‌്. ന്യൂസ‌്എക‌്സ‌്–-242, എബിപി–-നീൽസൺ–-267, റിപ്പബ്ലിക്ക‌് ടിവി–-287, ഇന്ത്യ ടിവി–-300, റിപ്പബ്ലിക്ക‌് ഭാരത‌്–-305, ടൈംസ‌് നൗ–-306, ന്യൂസ‌് 24–-350, ഇന്ത്യ ടുഡെ–-339 മുതൽ 365 വരെ. കഴിഞ്ഞതവണ ഫലത്തോട‌് ഏറ്റവും അടുത്തുനിൽക്കുന്ന പ്രവചനം നടത്തിയത‌് എബിപി നീൽസൺ പോളാണ‌്. ഇത്തവണ എൻഡിഎ കേവലഭൂരിപക്ഷം കടക്കില്ലെന്നാണ‌് എബിപി–-നീൽസൺ പ്രവചനം. എൻഡിഎയ‌്ക്ക‌് അനുകൂലമായ എക്സിറ്റ‌്പോൾ ഫലങ്ങൾ പുറത്തുവിട്ട മാധ്യമങ്ങൾ തെരഞ്ഞെടുപ്പ‌് പ്രചാരണകാലത്ത‌് ന‌ഗ്നമായ രാഷ്ട്രീയപക്ഷപാതം കാട്ടിയവരാണ‌്. മോഡിയുടെയും ബിജെപിയുടെയും പ്രചാരണം സംപ്രേഷണം ചെയ്യാൻ നീക്കിവച്ചതിന്റെ  പത്തിലൊന്നു സമയംപോലും ഇതര കക്ഷികൾക്കായി നൽകിയിട്ടില്ല.  ബിജെപിക്ക‌് മുൻതൂക്കം നൽകാനുള്ള വ്യഗ്രതയിൽ ചാനലുകൾക്ക‌് പല അബദ്ധങ്ങളും പിണഞ്ഞു. 10 സീറ്റുള്ള ഹരിയാനയിൽ എൻഡിടിവി ബിജെപിക്ക‌് പ്രവചിച്ചത‌് 12 സീറ്റാണ‌്.

20 വർഷത്തെ എക്സിറ്റ‌്പോളുകളിൽ ഒന്നിലും ഫലപ്രവചനം കൃത്യമായിരുന്നില്ല. 2014ൽ എബിപി–-നീൽസൺ പ്രവചനം ഏറെക്കുറെ ശരിയായെന്ന‌ുമാത്രം. 2004ൽ വാജ‌്പേയി സർക്കാർ തിരിച്ചുവരുമെന്നും 2009ൽ യുപിഎയ‌്ക്ക‌് ക്ഷീണം സംഭവിക്കുമെന്നും എക‌്സിറ്റ‌് പോളുകൾ പ്രവചിച്ചെങ്കിലും സ്ഥിതി മറിച്ചായി. ‘ഇന്ത്യ തിളങ്ങുന്നു’ എന്ന  പ്രചാരണത്തിന്റെ അകമ്പടിയിൽ തെരഞ്ഞെടുപ്പിനെ നേരിട്ട ബിജെപി 2004ൽ തകർന്നടിഞ്ഞു. 2009ൽ യുപിഎ വീണ്ടും അധികാരത്തിൽ വരികയുംചെയ‌്തു. കഴിഞ്ഞവർഷം മധ്യപ്രദേശ‌്, രാജസ്ഥാൻ, ഛത്തീസ‌്ഗഢ‌് നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്നിടത്തും ബിജെപിക്ക‌് ഭരണം നഷ്ടപ്പെട്ടു. എന്നാൽ, ഇക്കാര്യം എക്സിറ്റ‌്പോളുകളിൽ ഒന്നിൽപ്പോലും പറഞ്ഞില്ല. 2015ൽ ഡൽഹിയിൽ തൂക്കുസഭയാണ‌് പ്രവചിച്ചത‌്. ഫലം വന്നപ്പോൾ 70ൽ 67 സീറ്റും ആംആദ‌്മി പാർടിക്കായിരുന്നു. അക്കൊല്ലംതന്നെ ബിഹാറിൽ എക്സിറ്റ‌്പോളുകൾക്ക‌് വിരുദ്ധമായി മഹാസഖ്യം വൻവിജയം നേടി. 1998, 1999 വർഷങ്ങളിലെ പ്രവചനവും പരാജയപ്പെട്ടു. ഉപരാഷ്ട്രപതി വെങ്കയ്യനായിഡു, കേന്ദ്രമന്ത്രി നിതിൻ ഗഡ‌്കരി എന്നിവർതന്നെ എക്സിറ്റ‌്പോളുകളെ തള്ളിപ്പറഞ്ഞിട്ടുണ്ട‌്.


പ്രധാന വാർത്തകൾ
 Top