27 June Thursday

വോട്ടെണ്ണലിൽ ഗുരുതര പിഴവ്; പോൾ ചെയ്തതിലും കൂടുതൽ വോട്ട് എണ്ണിയപ്പോൾ കിട്ടിയതായി റിപ്പോർട്ട്

വെബ് ഡെസ്‌ക്‌Updated: Tuesday May 28, 2019

ന്യൂഡല്‍ഹി> ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണലില്‍ ഗുരുതര പിഴവ് സംഭവിച്ചതായി റിപ്പോര്‍ട്ട്. ബിഹാര്‍, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലെ വോട്ടെണ്ണലില്‍ ഗുരുതര പിഴവ് സംഭവിച്ചതായി ദേശീയ മാധ്യമം ന്യൂസ് ക്ലിക്കാണ് റിപ്പോര്‍ട്ട് ചെയ്തത്. ആകെ വോട്ടും പോള്‍ ചെയ്ത വോട്ടും എണ്ണിയ വോട്ടും തമ്മില്‍ ഈ സംസ്ഥാനങ്ങളിലെ ചില പ്രധാനപ്പെട്ട മണ്ഡലങ്ങളില്‍ വലിയ തോതിലുള്ള വ്യത്യാസമുള്ളതായാണ് റിപ്പോര്‍ട്ടുകള്‍.

ബിഹാറിലെ ജഹനാബാദ്, പാട്ന സാഹിബ്, ബേഗുസാരായ്, ഉത്തര്‍പ്രദേശിലെ ബദൗന്‍, ഫാറുഖാബാദ് മണ്ഡലങ്ങളിലാണ് ക്രമക്കേട് നടന്നതായി ന്യൂസ് ക്ലിക്ക് ചൂണ്ടിക്കാണിക്കുന്നത്.

ഓരോ മണ്ഡലങ്ങളിലെയും വോട്ടര്‍മാര്‍, പോളിങ് ശതമാനം, വോട്ട്, എണ്ണിയ വോട്ട്, വ്യത്യാസം, ഭൂരിപക്ഷം തുടങ്ങിയവയുടെ പട്ടികയും വാര്‍ത്തയ്‌ക്കൊപ്പമുണ്ട്. ബിജെപി സ്ഥാനാര്‍ഥികളാണ് ഈ മണ്ഡലങ്ങളിലെല്ലാം ജയിച്ചത്.

പ്രധാനമായും ബിഹാറിലെ ജഹാനാബാദ് മണ്ഡലത്തില്‍ ആകെ 15,75,018 വോട്ടാണ്. പോളിങ് ശതമാനം 53.75. ആകെ പോള്‍ ചെയ്ത വോട്ട് 8,45,312. എണ്ണിയപ്പോള്‍ 8,22,233 വോട്ട്. വ്യത്യാസം 23,079 വോട്ടുകളുടെ കുറവ്. അവിടെ ജയിച്ച ജെഡിയു സ്ഥാനാര്‍ഥിയുടെ ഭൂരിപക്ഷം 1700 വോട്ട്.

ബിഹാറിലെ പട്നാ സാഹിബില്‍ മൊത്തം വോട്ട് 21,36,800. പോള്‍ ശതമാനം 43.10. പോള്‍ ചെയ്ത വോട്ട് 9,20,961, എണ്ണിയപ്പോള്‍ 9,82,939. വ്യത്യാസം 61,978 വോട്ട് അധികം. ബിജെപി സ്ഥാനാര്‍ത്ഥി രവിശങ്കര്‍ പ്രസാദിന് എതിര്‍ സ്ഥാനാര്‍ത്ഥി ശത്രുഘ്നന്‍ സിന്‍ഹയുടെ മേലുള്ള ഭൂരിപക്ഷം 4 ലക്ഷം. ബിഹാറിലെ തന്നെ ബെഗുസരായ് മണ്ഡലത്തില്‍ ആകെ വോട്ടര്‍മാര്‍ 19,42,769.

 പോള്‍ ശതമാനം 62.32. പോള്‍ചെയ്തത് 12,10,734, എണ്ണിയത് 12,26,503. വ്യത്യാസം 15769 വോട്ടുകള്‍ അധികം. ബിജെപി സ്ഥാനാര്‍ത്ഥി ഗിരിരാജ് സിങിന് കനയ്യ കുമാറിന് മേലുളള ഭൂരിപക്ഷം 4 ലക്ഷം.

കനയ്യയ്ക്കും ഗിരിരാജ് സിംഗിനും പുറമെ ആര്‍ജെഡിയുടെ മുഹമ്മദ് തന്‍വീര്‍ ഹസനായിരുന്നു മറ്റൊരു ശ്രദ്ധേയ സ്ഥാനാര്‍ത്ഥി. 6,92,193 വോട്ടാണ് ഗിരിരാജ് സിംഗിന് ലഭിച്ചത്. 2,69,976 വോട്ട് കനയ്യയ്ക്കും 1,98,233 വോട്ട് തന്‍വീറിനും ലഭിച്ചത്. മറ്റുള്ള എല്ലാ സ്ഥാനാര്‍ത്ഥികളും കൂടെ നേടിയത് 44,747 വോട്ടാണ്.

യുപിയില്‍ ബദൗന്‍ മണ്ഡലത്തില്‍ ആകെ വോട്ട് 18,90,129, പോള്‍ ശതമാനം 56.7. പോള്‍ ചെയ്ത വോട്ട് 10,71,744, എണ്ണിയത് 10,81,108. വ്യത്യാസം 9364 വോട്ടുകള്‍ അധികം. ബി.ജെ.പി സ്ഥാനാര്‍ത്ഥി ഡോ. സംഘമിത്ര മൗര്യ ജയിച്ച ഭൂരിപക്ഷം 18,384. ഫാറൂഖാബാദ് മണ്ഡലത്തില്‍ ആകെ വോട്ട് 17,03,926, പോള്‍ ശതമാനം 58.72, പോള്‍ ചെയ്തത് 10,00,563. എണ്ണിയത് 10,02,953.

വ്യത്യാസം 2390 വോട്ടുകള്‍ അധികം. ബി.ജെ.പി സ്ഥാനാര്‍ത്ഥി മുകേഷ് രാജ്പുത് ജയിച്ച ഭൂരിപക്ഷം 18,454.

സംഭവവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷന്‍ വിശദീകരണം നല്‍കണമെന്നും ഇതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം കമീഷനാണെന്നും മുന്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകളും ന്യൂസ്‌ക്ലിക്ക് പുറത്ത് വിട്ടിട്ടുണ്ട്.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top