04 December Friday

ഭരണകക്ഷിയുടെ രാഷ്‌ട്രീയ ആയുധം; ഇഡിക്കും സിബിഐ രക്തമോ?

വെബ് ഡെസ്‌ക്‌Updated: Friday Oct 30, 2020


ന്യൂഡൽഹി
കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയ ആയുധമാകുന്നതിൽ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ് (ഇഡി) സിബിഐക്ക്‌ പഠിക്കുകയാണെന്ന ആക്ഷേപം ശക്തമാകുന്നു. ആരോപണത്തിന്‌ കരുത്തുപകരുന്നതാണ്‌ തെരഞ്ഞെടുപ്പുകൾക്ക്‌ മുന്നോടിയായി വരുന്ന പല കേസുകളും, പാതിവഴിയിൽ നിലയ്‌ക്കുന്ന അന്വേഷണവും.

● ശാരദ ചിട്ടിതട്ടിപ്പ്‌ കേസിൽ ആരോപണവിധേയരായ രണ്ട്‌ നേതാക്കളാണ്‌ മുകുൾ റോയിയും ഹിമന്ത ബിസ്വ സാർമയും. തൃണമൂൽ കോൺഗ്രസിൽനിന്ന്‌ റോയി ബിജെപിയിൽ എത്തിയതോടെ ഇഡി അന്വേഷണമില്ല.  ഇപ്പോൾ ബിജെപി ദേശീയ സെക്രട്ടറിയാണ്‌. കോൺഗ്രസ്‌ വിട്ട്‌  ബിജെപിയിൽ എത്തിയ സാർമയ്‌ക്കും ക്ലീൻചിറ്റ്‌. അസമിൽ ധനമന്ത്രിയുമായി

● രാജ്യസഭാംഗങ്ങളായ വൈ എസ്‌ ചൗധരിയുടെയും നാരായൺ റാണയുടെയും പേരിൽ ഇഡി അന്വേഷണം തുടങ്ങി. ചൗധരി തെലുഗുദേശത്തിൽനിന്ന്‌ ബിജെപിയിൽ എത്തിയതോടെ അന്വേഷണം മന്ദഗതിയിലായി. ബിജെപി സ്വതന്ത്രനായ റാണയ്‌ക്ക്‌ എതിരായ അന്വേഷണത്തിൽ താൽപ്പര്യം കാണിക്കുന്നില്ലെന്ന്‌ ബോംബെ ഹൈക്കോടതിയിൽ   പൊതുതാൽപ്പര്യ ഹർജി വന്നു

● എൻസിപി നേതാക്കളായ ശരദ്‌ പവാർ, അജിത്‌ പവാർ എന്നിവരുടെ പേരിൽ മഹാരാഷ്ട്ര സംസ്ഥാന സഹകരണ ബാങ്കുമായി ബന്ധപ്പെട്ട്  നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി അന്വേഷണം തുടങ്ങി 

● ഹരിയാനയിൽ കോൺഗ്രസ്‌ നേതാക്കളായ ഭൂപീന്ദർസിങ്‌ ഹൂഡ, മോത്തിലാൽ വോറ എന്നിവരുടെ പേരിൽ കേസെടുത്തു

● ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി 2019 ജനുവരിയിൽ ഉത്തർപ്രദേശ്‌ മുൻ മുഖ്യമന്ത്രിമാരായ അഖിലേഷ്‌ യാദവ്‌, മായാവതി എന്നിവരുടെ പേരിൽ കേസെടുത്തു

● രാജസ്ഥാനിലെ രാഷ്ട്രീയപ്രതിസന്ധിയുടെ കാലത്ത്‌ മുഖ്യമന്ത്രി അശോക്‌ ഗെലോട്ടിന്റെ സഹോദരൻ അഗ്രസെൻ ഗെലോട്ടിനെതിരെ അന്വേഷണം 

● കേന്ദ്ര കാർഷിക നിയമങ്ങൾക്കെതിരെ പഞ്ചാബ്‌ സർക്കാർ നിലപാട്‌ സ്വീകരിച്ചതോടെ മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന്റെ മകൻ രണീന്ദർ സിങ്ങിനെ ചോദ്യം ചെയ്യാൻ തീരുമാനിച്ചു. യുപിഎ സർക്കാരിന്റെ കാലത്ത്‌ ജഗൻ മോഹൻ റെഡ്ഡി, മധു കോഡ എന്നിവർക്കെതിരെ ഉയർന്ന കേസുകളിലും രാഷ്ട്രീയതാൽപ്പര്യം പ്രകടമായി

ചിദംബരം തുടങ്ങി; മോഡി ശക്തമാക്കി
ധനമന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ 1957ൽ രൂപംകൊണ്ട ഇഡിയുടെ പ്രവർത്തനത്തിൽ കാതലായ മാറ്റം വരുത്തിയത്‌ 1999, 2002 വർഷങ്ങളിൽ കൊണ്ടുവന്ന രണ്ട്‌ നിയമമാണ്‌. യഥാക്രമം വിദേശകറൻസി വിനിമയ നിയമവും കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമവും. 2002ലെ നിയമം പ്രാബല്യത്തിൽ വന്നത്‌ 2005ൽ പി ചിദംബരം ധനമന്ത്രിയായിരിക്കെയാണ്‌. മോഡിസർക്കാർ ഈ നിയമം കർക്കശമാക്കി. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം അന്വേഷണ ഉദ്യോഗസ്ഥനു നൽകുന്ന മൊഴി കോടതിയിൽ തെളിവായി സ്വീകരിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top