27 February Thursday

അടിയന്തര ഇടപെടൽ തള്ളി; കേന്ദ്രത്തിന്‌ സാവകാശം

സ്വന്തം ലേഖകൻUpdated: Thursday Jan 23, 2020

ന്യൂഡൽഹി>  പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിൽ രാജ്യത്തിന്റെ ആശങ്ക പരിഗണിച്ച്‌ അടിയന്തര ഇടപെടൽ വേണമെന്ന ആവശ്യം സുപ്രീം കോടതി നിരസിച്ചത്‌ ഒരുഭാഗത്തിന്റെ വാദം മാത്രം കേട്ട്‌  ഇടക്കാല ഉത്തരവ്‌ പുറപ്പെടുവിക്കാനാവില്ലെന്ന്‌ നിരീക്ഷിച്ച്‌. ഹർജികളിൽ മറുപടി നൽകാൻ കേന്ദ്രസർക്കാരിന്‌ നാലാഴ്‌ച അനുവദിച്ചാണ്‌ ചീഫ്‌ജസ്‌റ്റിസ്‌ അധ്യക്ഷനായ മൂന്നംഗബെഞ്ച്‌ കേസ്‌ അഞ്ചാഴ്‌ചത്തേക്ക്‌ മാറ്റിയത്‌. 

പൗരത്വ ഭേദഗതി നിയമത്തിനും പൗരത്വ, ജനസംഖ്യാ രജിസ്‌റ്ററുകൾക്കും എതിരെ രാജ്യത്തുടനീളം നടക്കുന്ന ശക്തമായ പ്രക്ഷോഭങ്ങൾ  അടിച്ചമർത്താൻ ഈ സമയം സഹായകമാകുമെന്നാണ്‌ സർക്കാരിന്റെ കണക്കുകൂട്ടൽ.

പൗരത്വ ഭേദഗതി നിയമത്തിൽ സുപ്രീംകോടതിയുടെ അടിയന്തര ഇടപെടൽ വേണമെന്ന്‌ മുതിർന്ന അഭിഭാഷകരായ കപിൽസിബലിന്റെയും മനു അഭിഷേക്‌ സിങ്‌വിയുടെയും വാദങ്ങൾ കോടതി കണക്കിലെടുത്തില്ല. പൗരത്വ ഭേദഗതി നിയമവും പൗരത്വരജിസ്റ്ററും നടപ്പാക്കാൻ ഉത്തർപ്രദേശ്‌ സർക്കാർ നീക്കം തുടങ്ങിയതായി  മനു അഭിഷേക്‌സിങ്‌വി വാദിച്ചു.

ജില്ലാഅധികൃതരിൽ നിന്നും അഭയാർഥികളുടെയും കുടിയേറ്റക്കാരുടെയും കണക്കുകൾ ശേഖരിക്കാൻ തുടങ്ങി. സംശയപ്പട്ടികയിൽ ഉള്ളവർ, കൂടുതൽ പരിശോധന ആവശ്യമുള്ളവർ എന്നിങ്ങനെ ജനങ്ങളെ തരംതിരിക്കാനാണ്‌ നീക്കം.
സംസ്ഥാനത്ത്‌ 19 ജില്ലയിലെ 40 ലക്ഷത്തോളം ആൾക്കാരെ സംശയിക്കേണ്ടവരുടെ പട്ടികയിൽ ഉൾപ്പെടുത്തിയെന്നാണ്‌ റിപ്പോർട്ട്‌.
നിയമത്തിന്റെ ചട്ടങ്ങൾ  രൂപീകരിച്ചിട്ടില്ലെങ്കിലും യുപി സർക്കാർ നടപടികളുമായി മുന്നോട്ടുപോകുകയാണ്‌. അടിയന്തരമായി സ്‌റ്റേ ഏർപ്പെടുത്തിയാൽ വലിയ കലാപങ്ങൾ ഒഴിവാക്കാൻ കഴിയുമെന്നും- സിങ്‌വി വാദിച്ചു.

ദേശീയജനസംഖ്യാ രജിസ്‌റ്ററിന്റെ പ്രവർത്തനം ഏപ്രിലിൽ തുടങ്ങാനിരിക്കെ  വിഷയത്തിൽ കോടതി അടിയന്തരമായി ഇടപെടണമെന്ന്‌ മുതിർന്ന അഭിഭാഷകൻ കപിൽസിബലും ആവശ്യപ്പെട്ടു.

ഒരാളുടെ പൗരത്വം നഷ്ടമായാൽ അത്‌ തിരിച്ചുനൽകാൻ പോംവഴിയില്ല. അതിനാൽ, മൂന്ന്‌ മാസത്തേക്ക്‌ എങ്കിലും നടപടികൾ നീട്ടിവയ്‌ക്കാൻ സർക്കാരിനോട്‌ നിർദേശിക്കണമെന്നും സിബൽ ആവശ്യപ്പെട്ടു. എന്നാൽ, സാങ്കേതികത ചൂണ്ടിക്കാണിച്ച്‌ കേസ്‌ മാറ്റിവയ്‌ക്കുകയായിരുന്നു കോടതി.


പ്രധാന വാർത്തകൾ
 Top