20 June Thursday

ത്രിപുരയിൽ 168 ബൂത്തുകളിലെ വോട്ടെടുപ്പ‌് റദ്ദാക്കി തെരഞ്ഞെടുപ്പ് കമീഷൻ; മെയ് 12-ന‌് റീപോളിങ‌്

വെബ് ഡെസ്‌ക്‌Updated: Wednesday May 8, 2019

അഗർത്തല> പടിഞ്ഞാറൻ ത്രിപുര മണ്ഡലത്തിലെ ആദ്യഘട്ടത്തിൽ വോട്ടെടുപ്പ‌് നടന്ന 168 ബൂത്തുകളിൽ റീപോളിങ‌് നടത്തണമെന്ന‌് തെരഞ്ഞെടുപ്പ് കമീഷൻ. ഏപ്രിൽ 11-നാണ‌് ആദ്യഘട്ട വോട്ടെടുപ്പ‌് നടന്നത‌്. ആറാംഘട്ട വോട്ടെടുപ്പ് നടക്കുന്ന മെയ് 12-നാണ‌് ഈ ബൂത്തുകളിൽ റീ പോളിങ് തീരുമാനിച്ചിരിക്കുന്നത‌്.

ലോക്സഭാ തെരഞ്ഞെടുപ്പിനിടെ മണ്ഡലത്തിൽ ബിജെപി വ്യാപകമായി ബൂത്ത് പിടിത്തവും ക്രമക്കേടുകളും നടത്തിയെന്ന പരാതിയുമായി സിപിഐ എം തെരെഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് മണ്ഡലത്തിന്റെ ചുമതലയുള്ള മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ, വരണാധികാരി, പ്രത്യേക നിരീക്ഷകൻ എന്നിവരുടെ റിപ്പോർട്ടുകൾ പരിശോധിച്ചാണ് കമീഷൻ റീ പോളിങ് നിർദേശിച്ചത്.

റീപോളിങ് നടത്താൻ തെരഞ്ഞെടുപ്പ് കമീഷൻ തയ്യാറായില്ലെങ്കിൽ സുപ്രീം കോടതിയെ സമീപിക്കുമെന്നും സിപിഐ എം അറിയിച്ചിരുന്നു. ആകെ 1679 പോളിങ‌് ബൂത്തുകളാണ‌് പടിഞ്ഞാറൻ ത്രിപുര മണ്ഡലത്തിലുള്ളത‌്.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top