16 September Monday

തെര. കമീഷൻ നോക്കുകുത്തി

സ്വന്തം ലേഖകൻUpdated: Sunday May 19, 2019

ന്യൂഡൽഹി
തെരഞ്ഞെടുപ്പ‌് പ്രക്രിയയുടെ മുഴുവൻ മേൽനോട്ടവും നിയന്ത്രണവും നിർവഹിക്കണമെന്ന ഭരണഘടനാവ്യവസ്ഥ വിസ‌്മരിച്ച‌് മോഡി സർക്കാരിന‌് പൂർണമായും കീഴ‌്പ്പെട്ട തെരഞ്ഞെടുപ്പ‌് കമീഷന്റെ നിലപാട‌് ചർച്ചയാകുന്നു. 17–-ാംലോക‌്സഭയിലേക്കുള്ള  തെരഞ്ഞെടുപ്പിന്റെ ഏഴ‌ുഘട്ടങ്ങളിലും ഏറ്റവും കൂടുതൽ പരാതികൾ ഉയർന്നത‌് കേന്ദ്ര തെരഞ്ഞെടുപ്പ‌് കമീഷന‌് എതിരെ. ആദ്യഘട്ടങ്ങളിൽ ഇലക‌്ട്രോണിക് വോട്ടിങ് യന്ത്രത്തിനും വിവിപാറ്റ‌് സംവിധാനത്തിനും എതിരെയായിരുന്നു ആരോപണം.  പിന്നീടത‌് പ്രധാനമന്ത്രിയും ബിജെപി അധ്യക്ഷനും നടത്തുന്ന പെരുമാറ്റച്ചട്ടലംഘനങ്ങളിൽ  കണ്ണടച്ചുവെന്ന പരാതിയിലേക്ക‌് വഴിമാറി.

തെരഞ്ഞെടുപ്പ‌് നടപടികൾ തുടങ്ങിക്കഴിഞ്ഞാൽ കോടതികൾക്ക‌് പോലും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇടപെടാൻ കഴിയില്ലെന്ന വ്യവസ്ഥയുണ്ട‌്. അത്രയും അധികാരമുള്ള സംവിധാനത്തെയാണ‌് നോക്കുകുത്തിയാക്കിയത‌്. വമ്പൻസ്രാവുകൾക്ക‌് എതിരായ പരാതികളിൽ തീരുമാനമെടുക്കുന്നതിൽ കാലതാമസം വരുത്തിയ കമീഷൻ നടപടിയെ വിമർശിച്ച‌് മുൻ മുഖ്യതെരഞ്ഞെടുപ്പ‌് കമീഷണർമാരായ ഓം പ്രകാശ‌് റാവത്തും എസ‌് വൈ ഖുറേഷിയും ഉൾപ്പടെയുള്ളവർ രംഗത്തെത്തി.

ബിജെപിക്കെതിരായ പരാതികളിൽ മെല്ലെപ്പോക്ക‌് സമീപനം പുലർത്തിയ തെരഞ്ഞെടുപ്പ‌് കമീഷൻ ബംഗാളിൽ അമിത‌് ഷായുടെ റാലിയെ തുടർന്ന‌് അക്രമസംഭവമുണ്ടായ അവസരത്തിൽ   ഞെട്ടിയുണർന്നു. അസാധാരണമായ അധികാരം ഉപയോഗിച്ച‌് ഒമ്പത‌ു മണ്ഡലത്തിലെ പരസ്യപ്രചാരണം ഒരുദിവസത്തേക്ക‌് വെട്ടിക്കുറച്ച‌ു.

അതേസമയം, വ്യാപകമായി ബൂത്തുപിടിത്തവും അക്രമവും സ്ഥിരീകരിച്ച വെസ‌്റ്റ‌് ത്രിപുര മണ്ഡലത്തിലെ 464 ബൂത്തിൽ റീപോളിങ് നടത്തണമെന്ന സിപിഐ എമ്മിന്റെ  ആവശ്യം നിരാകരിച്ചച്ചു. 464 ബൂത്തിൽ തെരഞ്ഞെടുപ്പ‌് അട്ടിമറിക്കപ്പെട്ടതായി വരണാധികാരി തന്നെ റിപ്പോർട്ട‌് നൽകിയിട്ടും 168 ബൂത്തിൽ മാത്രം റീപോളിങ് നടത്തിയാൽ മതിയെന്നായിരുന്നു കമീഷൻ തീരുമാനം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top