ന്യൂഡൽഹി
മഹാരാഷ്‌ട്രയിൽ സർക്കാരിനെ അട്ടിമറിക്കാനുള്ള ബിജെപി ശ്രമങ്ങൾക്കിടെ ശിവസേന നേതാവായ സഞ്ജയ് റാവത്ത് എംപിക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ്. പത്രചവ്‌ൽ മേഖലയുടെ പുനർനിർമാണവുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ ചൊവ്വ പകൽ 11ന് മുംബൈയിലെ ഓഫീസിൽ ചോദ്യം ചെയ്യലിന് എത്തണമെന്നാണ് നോട്ടീസ്. എന്നാൽ, അലിബാഗിൽ സുപ്രധാന യോഗത്തിൽ പങ്കെടുക്കേണ്ടതിനാൽ ഹാജരാകില്ലെന്ന് റാവത്ത് പ്രതികരിച്ചു. ശിവസേന വിമതരെപ്പോലെ ഗുവാഹത്തിക്ക് പോകില്ല. അറസ്റ്റ് ചെയ്യാൻ ഇഡിയെ വെല്ലുവിളിക്കുന്നതായും റാവത്ത് ട്വീറ്റ് ചെയ്തു.
ഏക്‌നാഥ് ഷിൻഡെയുടെയും ബിജെപിയുടെയും അട്ടിമറിശ്രമങ്ങളെ ഉദ്ധവിനൊപ്പം ചെറുക്കുന്നതിനാലാണ് റാവത്തിനെതിരെ 12 വർഷംമുമ്പുള്ള കേസിൽ ഇഡി ഇപ്പോൾ നോട്ടീസയച്ചതെന്ന് ശിവസേന പ്രതികരിച്ചു. പത്രചവ്‌ലിലെ 672 കുടുംബത്തിന് ഫ്ലാറ്റ് നിർമിക്കാൻ സ്വകാര്യകമ്പനിക്ക് ഭൂമി കെെമാറിയതിൽ അഴിമതിയുണ്ടെന്നാണ് കേസ്. റിയൽ എസ്റ്റേറ്റ് കമ്പനി ഡയറക്ടർമാരിൽ ഒരാളും റാവത്തിന്റെ സുഹൃത്തുമായ പ്രവീൺ റാവത്ത് 100 കോടി രൂപ കൈപ്പറ്റിയെന്നും ഇതിൽ 83 ലക്ഷം രൂപ റാവത്തിന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് എത്തിയെന്നാണ് ആരോപണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..