22 October Tuesday

ഡിവൈഎഫ്‌ഐ നേതാവിന്റെ കൊലപാതകം; നാളെ രാജ്യവ്യാപക പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Friday Jun 14, 2019

തിരുനെൽവേലി > തമിഴ്‌നാട്ടിലെ തിരുനെൽവേലിയിൽ തൊട്ടുകൂടായ്‌മക്കെതിരെസംസാരിച്ചതിന്‌ ജാതിഭ്രാന്തന്മാർ ക്രൂരമായി കൊലപ്പെടുത്തിയ ഡിവൈഎഫ്‌ഐ ജില്ലാ ട്രഷറർ അശോകിന്റെ (26) സംസ്‌കാരം വീട്ടുവളപ്പിൽ നടന്നു. ആശുപത്രിയിൽനിന്ന്‌ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ്‌ മുഹമ്മദ്‌ റിയാസ്‌, കേരള സംസ്ഥാന കമ്മിറ്റി ട്രഷറർ എസ്‌ കെ സജീഷ്‌, തമിഴ്‌നാട്‌ സംസ്ഥാന സെക്രട്ടറി എസ്‌ ബാലവേലൻ, പ്രസിഡന്റ്‌ എൻ രജീഷ്‌ കുമാർ എന്നിവർ ചേർന്ന്‌ അശോകിന്റെ മൃതദേഹം ഏറ്റുവാങ്ങി. വിലാപയാത്രയായാണ്‌ മൃതദേഹം വീട്ടിലേക്ക്‌ കൊണ്ടുപോയത്‌.

സംഭവത്തിൽ ശനിയാഴ്‌ച ഡിവൈഎഫ്‌ഐ രാജ്യ വ്യാപകമായി  പ്രതിഷേധം സംഘടിപ്പിക്കുമെന്ന്‌ ദേശീയ പ്രസിഡന്റ്‌ മുഹമ്മദ്‌ റിയാസ്‌ പറഞ്ഞു. ദലിത്‌ വിഭാഗത്തിൽപ്പെട്ടവർക്കുനേരെ നടക്കുന്ന ആക്രമണങ്ങളെ സംബന്ധിച്ച്‌ രാഷ്‌ട്രപതിക്കും മറ്റ്‌ ഭരണാധികാരികൾക്കും പരാതി നൽകും. പൊലീസിന്റെ ഭാഗത്തുനിന്ന്‌ ഗുരുതരമായ വീഴ്‌ച്ചയാണ്‌ ഉണ്ടായത്‌. കൊലയാളികളെ ഉടൻ പിടികൂടണം. അശോകിന്റെ പരാതിയിൽ അന്വേഷണം നടത്താതെ അനാസ്ഥ കാണിച്ച പൊലീസ്‌ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണം. ദലിതർക്കെതിരെ നടത്തിയ ആക്രമണത്തിനും കേസ്‌ എടുക്കണം. ഡിവൈഎഫ്‌ഐ വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.

തച്ചനല്ലൂർ ഗ്രാമത്തിൽ മാത്രം 15 വർഷത്തിനുള്ളിൽ  പിന്നോക്ക ജാതിയിലെ ആറുപേരെയാണ‌്  മേൽജാതിക്കാർ കൊന്നുതള്ളിയത‌്.  ഇനിയൊരാൾപോലും ജാതിവെറിയാൽ കൊല്ലപ്പെടില്ലെന്ന‌് സർക്കാർ ഉറപ്പുനൽകണമെന്നും അശോകിന്റെ നിർധനകുടുംബത്തിന‌് 50 ലക്ഷംരൂപ ധനസഹായവും കുടുംബത്തിൽ ഒരംഗത്തിന‌് സർക്കാർ ജോലിയും നൽകണമെന്ന‌് ഡിവൈഎഫ‌്ഐ സംസ്ഥാന സെക്രട്ടറിയറ്റ‌് ആവശ്യപ്പെട്ടു.

ബുധനാഴ്ച രാത്രി 9.45ഓടെ ഏഴംഗസംഘം വെട്ടി കൊലപ്പെടുത്തിയത‌്. ഗംഗൈകൊണ്ടാൻ എടിസി ടയർ കമ്പനിയിൽ ജീവനക്കാരനായിരുന്നു.  രാത്രി ജോലിക്ക‌് പോകാൻ കരയിരുപ്പിൽ ബസ‌് കാത്തുനിൽക്കെയാണ‌്  ബൈക്കിലെത്തിയ കൊലയാളി സംഘം ആക്രമിച്ചത‌്. കൊടുവാളുകൾകൊണ്ട‌്  കഴുത്തിനും താടിയിലും കൈയിലും തോളിലും വെട്ടിവീഴ‌്ത്തി. മരണം ഉറപ്പിക്കാൻ കരിങ്കല്ലുകൊണ്ട‌് തലയ‌്ക്കടിച്ചു. ബസിലെ യാത്രക്കാരാണ‌് പൊലീസിൽ വിവരം അറിയിച്ചത‌്.

തിരുനെൽവേലി പ്രദേശത്ത‌് തുടർന്നുവരുന്ന ജാതിസംഘർഷങ്ങൾക്കെതിരെ നിരന്തര സമരങ്ങളിൽ ഏർപ്പെട്ടിരുന്നയാളാണ‌് അശോക‌്. സിപിഐ എം നേതൃത്വം നൽകുന്ന തൊട്ടുകൂടായ്മ നിർമാർജന മുന്നണിയുടെ സജീവ പ്രവർത്തകനുമായിരുന്നു.

ഏപ്രിൽ 28ന് ഉയർന്ന ജാതിക്കാരുടെ തെരുവിൽക്കൂടി അമ്മയ‌്ക്കൊപ്പം ബൈക്കിൽ യാത്ര ചെയ്യുമ്പോൾ ഇരുവരെയും ആക്രമിച്ചു. സാരമായി പരിക്കേറ്റ അമ്മ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. അന്ന‌് അക്രമത്തിന‌് നേതൃത്വം നൽകിയ മേൽജാതിക്കാരനായ പേച്ചിരാജനെ പൊലീസ‌് പിടികൂടി. ജയിൽമോചിതനായ പേച്ചിരാജ‌ന്റെ നേതൃത്വത്തിലാണ‌് കൊലയാളികൾ എത്തിയത‌്.

തുടക്കത്തിൽ അക്രമികൾക്ക‌് സഹായകമായ നിലപാടാണ‌് പൊലീസ‌് സ്വീകരിച്ചതെന്ന‌് സിപിഐ എം തിരുനെൽവേലി ജില്ലാ സെക്രട്ടറി കെ ജി ഭാസ്കരൻ  പറഞ്ഞു. പേച്ചിരാജനടക്കം മറ്റ‌് നാലുപേരെയും അറസ‌്റ്റ‌് ചെയ്യാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന‌് പ്രഖ്യാപിച്ച ബന്ധുക്കളും സിപിഐ എം,- ഡിവൈഎഫ‌്ഐ പ്രവർത്തകരും  മെഡിക്കൽ കോളേജ‌് റോഡും പിന്നീട‌് മധുര–- തിരുനെൽവേലി ദേശീയപാതയും ഉപരോധിച്ചു. സിപിഐ എം സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണൻ, തൊട്ടുകൂടായ്മ നിർമാർജന മുന്നണി സംസ്ഥാന സെക്രട്ടറി സാമുവൽരാജ‌്, ഡിവൈഎഫ‌്ഐ സംസ്ഥാന പ്രസിഡന്റ‌് എൻ രജീഷ‌് കുമാർ, സെക്രട്ടറി എസ‌് ബാലവേലൻ എന്നിവർ പ്രതിഷേധത്തിന‌് നേതൃത്വം നൽകി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top