19 September Thursday

വരൾച്ച: ആശ്വാസനടപടി ഉടൻ വേണം – സിപിഐ എം

സ്വന്തം ലേഖകൻUpdated: Sunday Jun 9, 2019

ന്യൂഡൽഹി > രാജ്യം അഭിമുഖീകരിക്കുന്ന കൊടുംവരൾച്ച നേരിടാൻ സംസ്ഥാന സർക്കാരുകൾക്ക‌് ആവശ്യമായ സഹായം എത്തിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്ന‌് സിപിഐ എം കേന്ദ്രകമ്മിറ്റി യോഗം ആവശ്യപ്പെട്ടു. വരൾച്ച ദേശീയദുരന്തമായി പ്രഖ്യാപിച്ച‌് യുദ്ധകാലാടിസ്ഥാനത്തിൽ ദുരിതാശ്വാസനടപടികൾ സ്വീകരിക്കണം.

കഴിഞ്ഞ 65 വർഷത്തെ ഏറ്റവും രൂക്ഷമായ രണ്ടാമത്തെ വരൾച്ചയാണ‌് അനുഭവിക്കുന്നത‌്. 2012ലെ വേനൽമഴയിൽ 31 ശതമാനം കുറവുണ്ടായെങ്കിൽ ഈ വർഷം 25 ശതമാനം കുറവാണ‌ുണ്ടായത‌്. രാജ്യത്ത‌് 50 കോടി പേർ വരൾച്ചക്കെടുതി അനുഭവിക്കുന്നു. ആന്ധ്രപ്രദേശ‌്, തെലങ്കാന, മഹാരാഷ്ട്ര, കർണാടകം, ബിഹാർ, ഗുജറാത്ത‌്, ജാർഖണ്ഡ‌് എന്നീ സംസ്ഥാനങ്ങൾ പൂർണമായും പശ്ചിമബംഗാൾ, തമിഴ‌്നാട‌്, രാജസ്ഥാൻ, ഒഡിഷ  സംസ്ഥാനങ്ങൾ ഭാഗികമായും അതിരൂക്ഷമായ വരൾച്ച നേരിടുകയാണ‌്.

ഇവിടങ്ങളിൽ ജലസംഭരണികൾ മിക്കവാറും വറ്റി. വരൾച്ചാ മുന്നറിയിപ്പ‌് നൽകിയെങ്കിലും കേന്ദ്രം ആവശ്യമായ സഹായം എത്തിക്കുന്നില്ല. ആന്ധ്രപ്രദേശ‌്, ഒഡിഷ, ഗുജറാത്ത‌്, രാജസ്ഥാൻ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ ഒട്ടേറെ ജില്ല വരൾച്ചബാധിതമായി പ്രഖ്യാപിച്ചിട്ടുണ്ട‌്. കന്നുകാലികളടക്കം വളർത്തുമൃഗങ്ങളുടെ സ്ഥിതി ദയനീയമാണ‌്. വൻതോതിൽ കൃഷി നശിച്ചു. പട്ടിണിമരണങ്ങളും റിപ്പോർട്ട‌് ചെയ്യുന്നു.

സാഹചര്യത്തെ നേരിടാൻ കേന്ദ്ര–-സംസ്ഥാന സർക്കാരുകൾ തൊഴിലുറപ്പ‌് പദ്ധതി വേതനകുടിശ്ശിക ഉടൻ വിതരണം ചെയ്യണം. സ‌്കൂൾ ഫീസുകൾ ഇളവുചെയ്യുകയും  ഇതര സഹായങ്ങൾ എത്തിക്കുകയും വേണം.
ദുരിതാശ്വാസപ്രവർത്തനങ്ങളിലെ വീഴ‌്ചകൾക്കെതിരെ പ്രതിഷേധമുയർത്താൻ എല്ലാ പാർടിഘടകങ്ങളോടും കേന്ദ്രകമ്മിറ്റി ആഹ്വാനം ചെയ‌്തു. ജനാധിപത്യ കർഷകപ്രസ്ഥാനങ്ങളുടെയും ഇതര ബഹുജനസംഘടനകളുടെയും സഹകരണത്തോടെ ദുരിതാശ്വാസപ്രവർത്തനങ്ങളിൽ ഏർപ്പെടാനും യോഗം പ്രവർത്തകരോട‌് ആവശ്യപ്പെട്ടു.


പ്രധാന വാർത്തകൾ
 Top