29 February Saturday

എംപി, എംഎൽഎ അയോഗ്യരാക്കല്‍; സ്വതന്ത്രസംവിധാനം വേണം: സുപ്രീംകോടതി

സ്വന്തം ലേഖകൻUpdated: Wednesday Jan 22, 2020

ന്യൂഡൽഹി > എംപിമാരെയും എംഎൽഎമാരെയും അയോഗ്യരായി പ്രഖ്യാപിക്കുന്നതില്‍ സ്‌പീക്കർക്കുള്ള വിശേഷാധികാരം നിലനിർത്തുന്നതിനുപകരം സ്ഥിരവും സ്വതന്ത്രവുമായ സംവിധാനം രൂപീകരിക്കുന്നകാര്യം പാർലമെന്റ്  ആലോചിക്കണമെന്ന്‌ സുപ്രീംകോടതി. സ്‌പീക്കർ  രാഷ്ട്രീയപാർടി അംഗമായിരിക്കെ ഇതിനുള്ള അധികാരം സ്‌പീക്കർക്കുമാത്രം വിട്ടുകൊടുക്കുന്നതിൽ ഔചിത്യക്കുറവുണ്ട്‌.സ്‌പീക്കറുടെ നിഷ്‌പക്ഷതയിൽ സംശയം  രേഖപ്പെടുത്തുന്ന  പരാതികൾ സുപ്രീംകോടതിയിലുണ്ട്–- ജസ്‌റ്റിസ്‌ ആർ എഫ്‌ നരിമാൻ അധ്യക്ഷനായ മൂന്നംഗബെഞ്ച്‌ നിരീക്ഷിച്ചു.

മണിപ്പുരിലെ വനംമന്ത്രി തൗനാവോജം ശ്യാംകുമാറിനെ അയോഗ്യനാക്കിയതുമായി ബന്ധപ്പെട്ട കേസാണ്‌ സുപ്രീംകോടതി പരിഗണിച്ചത്‌. കോൺഗ്രസ്‌ ടിക്കറ്റിൽ മത്സരിച്ച ശ്യാംകുമാർ പിന്നീട് ബിജെപിയിലേക്ക്‌ കൂറുമാറി. ശ്യാംകുമാറിനെ അയോഗ്യനാക്കാന്‍ കോണ്‍​ഗ്രസ് എംഎല്‍എമാര്‍ സ്‌പീക്കർക്ക്‌ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. ഇതോടെ ആദ്യം  ഹൈക്കോടതിയെയും പിന്നീട് സുപ്രീംകോടതിയെയും സമീപിക്കുകയായിരുന്നു.

അയോഗ്യരാക്കണമെന്ന പരാതിയില്‍  സമയബന്ധിതമായി തീരുമാനം എടുക്കേണ്ട ഉത്തരവാദിത്തം സ്‌പീക്കർക്ക്‌ ഉണ്ടെന്ന്‌ സുപ്രീംകോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി. മണിപ്പുരിലെ പരാതിയിൽ മൂന്ന്‌ മാസത്തിനകം തീരുമാനമെടുക്കണം. മുമ്പ് കർണാടകത്തിലെ അധികാരത്തർക്കത്തിലും വിമത എംഎൽഎമാർ സ്‌പീക്കറുടെ നിഷ്‌പക്ഷതയിൽ സംശയം രേഖപ്പെടുത്തി സുപ്രീംകോടതിയെ സമീപിച്ചിരുന്നു.


പ്രധാന വാർത്തകൾ
 Top