വിജയവാഡ> സിപിഐ ജനറൽ സെക്രട്ടറിയായി ഡി രാജയെ (73) വിജയവാഡയിൽ ചേർന്ന പാർടി കോൺഗ്രസ് ഐക്യകണ്‌ഠേന തെരഞ്ഞെടുത്തു. ഇത് രണ്ടാം തവണയാണ് തമിഴ്‌നാട് വെല്ലൂർ സ്വദേശിയായ രാജ പാർടിയെ നയിക്കുന്നത്. 11 അംഗ ദേശീയ സെക്രട്ടറിയറ്റ്, 31 അംഗ എക്സിക്യൂട്ടീവ്, 125 അംഗ ദേശീയ കൗൺസിൽ എന്നിവരെയും സമ്മേളനം തെരഞ്ഞെടുത്തു.
അനാരോഗ്യത്തെ തുടർന്ന് ജനറൽ സെക്രട്ടറിയായിരുന്ന എസ് സുധാകർ റെഡ്ഡി 2019ൽ സ്ഥാനമൊഴിഞ്ഞതോടെ ദേശീയ കൗൺസിൽ രാജയെ ജനറൽ സെക്രട്ടറിയായി പ്രഖ്യാപിച്ചിരുന്നു. ജനറൽ സെക്രട്ടറിയാകുന്ന ആദ്യ ദളിത് വിഭാഗത്തിൽ നിന്നുള്ള നേതാവും അദ്ദേഹമാണ്. 2007, 2013 വർഷങ്ങളിൽ രാജ്യസഭയിലെത്തിയ രാജ 1994 മുതൽ പാർടിയുടെ ദേശീയ എക്‌സിക്യൂട്ടീവ് അംഗമാണ്. വെല്ലൂർ ചിതാത്തൂർ ഗ്രാമത്തിൽ കർഷകത്തൊഴിലാളികളായ പി ദൊരൈസ്വാമിയുടെയും നായകത്തിന്റെയും മകനായി 1949 ജൂൺ മൂന്നിന് ജനിച്ച രാജ ദരിദ്ര ജീവിത സാഹചര്യങ്ങളോട് പൊരുതിയാണ് കമ്മ്യൂണിസ്‌റ്റ് പാർടിയുടെ പരമോന്നത പദവിയിൽ എത്തുന്നത്. പലദിവസങ്ങളിലും ഒഴിഞ്ഞ വയറുമായി ഗ്രാമത്തിലെ സ്‌കൂളിൽ എത്തിയിരുന്ന അദ്ദേഹത്തെ പല ദിവസങ്ങളിലും അധ്യാപകരാണ് സഹായിച്ചിരുന്നത്. സ്‌കൂൾ ലൈബ്രറിയിലെ പുസ്‌തകങ്ങളിൽ നിന്നാണ് റഷ്യൻ വിപ്ലവത്തെയും ലെനിനെയും കുറച്ചറിയുന്നത്. പതുക്കെ കാൾ മാർക്‌സ്, ഏംഗൽസ് എന്നിവരുടെ രചകൾ വായിച്ചു. വിഖ്യാത എഴുത്തുകാരായ മാക്‌സിം ഗോർഖി, ടോൾസ്‌റ്റോയി എന്നിവരെയും വായിച്ച അദ്ദേഹം ഗുഡിയാട്ടം ജിഡിഎം കോളേജിൽ ബിരുദം നേടി, ഗ്രാമത്തിൽ നിന്നുള്ള ആദ്യ ബിരുദദാരികൂടിയായി രാജ. പിന്നീട് ബിഎഡും പൂർത്തിയാക്കി.
എഐഎസ്‌എഫിലൂടെയാണ് പൊതുരംഗത്തെത്തിയത്. എഐവൈഎഫിന്റെ തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി (1975- 80), അഖിലേന്ത്യ ജനറൽ സെക്രട്ടറി (1985– 90) എന്നീ നിലകളിൽ പ്രവർത്തിച്ചു. 1994ൽ സിപിഐ ദേശീയ സെക്രട്ടറി. 2007ലും 2013ലും രാജ്യസഭയിലെത്തി. ദളിത് ക്രിസ്‌ത്യൻ, ദി വേ ഫോർവേർഡ്: ഫൈറ്റ് എഗൈസ്‌റ്റ് അൺ എംപ്ലോയ്‌മെന്റ്, എ ബുക്ക് ലെറ്റർ ഓൺ അൺഎംപ്ലോയ്‌മമെന്റ് തുടങ്ങിയവ അദ്ദേഹത്തിന്റെ പുസ്‌തകങ്ങളാണ്. പാർടി ദേശീയ എക്‌സിക്യൂട്ടീവ് അംഗം ആനി രാജയാണ് ഭാര്യ. മകൾ അപരാജിത രാജ എഐഎസ്‌എഫ് നേതാവാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..