27 May Monday

നോട്ട‌് നിരോധനം: നഷ്ടമായത‌് 50 ലക്ഷം തൊഴിൽ ; തൊഴിൽ പങ്കാളിത്ത നിരക്ക‌് കുറഞ്ഞു

സ്വന്തം ലേഖകൻUpdated: Thursday Apr 18, 2019

ന്യൂഡൽഹി
നോട്ട‌് നിരോധനത്തിനുശേഷം രണ്ടുവർഷത്തിനിടെ രാജ്യത്ത‌്  50 ലക്ഷം ആളുകൾക്ക‌് തൊഴിൽ നഷ്ടപ്പെട്ടെന്ന‌് പഠനം.  2011നും 2018നും ഇടയിൽ മൊത്തം തൊഴിലില്ലായ‌്മ നിരക്ക‌് ഇരട്ടിയായി വർധിച്ച‌് ആറ‌് ശതമാനമായി. ബംഗളൂരു അസിം പ്രേംജി സർവകലാശാലയിലെ സുസ്ഥിര തൊഴിൽകേന്ദ്രമാണ‌് (സിഎസ‌്ഇ) ‘സ‌്റ്റേറ്റ‌് ഓഫ‌് വർക്കിങ‌് ഇന്ത്യ’ (എസ‌്ഡബ്ല്യുഐ) റിപ്പോർട്ട‌്  പുറത്തുവിട്ടത‌്. വിവിധ മേഖലകളിൽനിന്ന‌് 5.22 ലക്ഷംപേരെ ഉൾപ്പെടുത്തി സെന്റർ ഫോർ മോണിറ്ററിങ‌് ദി ഇന്ത്യൻ ഇക്കണോമി (സിഎംഐഇ) നടത്തിയ സർവേയെ അധികരിച്ചാണ‌് റിപ്പോർട്ട‌്.

നിയമനങ്ങളിൽ ഇടിവ‌്
യൂണിയൻ പബ്ലിക‌് സർവീസ‌് കമീഷൻ, സ‌്റ്റാഫ‌് സെലക്ഷൻ കമീഷൻ, റെയിൽവേ റിക്രൂട്ട‌്മെന്റ‌് ബോർഡ‌് എന്നിവ നടത്തിയ നിയമനങ്ങളിലും കുറവുണ്ടായി. ഈ മൂന്ന‌് ഏജൻസികളും കൂടി 2014–-15ൽ 1,13,524 പേർക്കാണ‌് നിയമനം നൽകിയത‌്. 2015–-16ൽ ഇത‌് 1,11,807 ആയും 2016–-17ൽ 1,00,933 ആയും കുറഞ്ഞു.യുപിഎസ‌്സി  സിവിൽ സർവീസ‌് നിയമനത്തിൽ 2014നുശേഷം 40 ശതമാനം ഇടിവുണ്ടായി.  2014ൽ 1236 ഉദ്യോഗാർഥികളെ തെരഞ്ഞെടുത്തപ്പോൾ 2018ൽ അത‌് 759 ആയി.  പ്രധാനമന്ത്രി ഓഫീസിനു കീഴിലെ പേഴ‌്സണൽ വകുപ്പിന്റെ കണക്കുപ്രകാരം കഴിഞ്ഞ വർഷം 1449 ഐഎഎസ‌്, 970 ഐപിഎസ‌്, 560 ഐഎഫ‌്എസ‌് തസ‌്തിക ഒഴിഞ്ഞുകിടക്കുന്നു.

തൊഴിൽ പങ്കാളിത്ത നിരക്ക‌് കുറഞ്ഞു
2016 ജനുവരി–-ഏപ്രിലിൽ 72 ശതമാനമായിരുന്ന ഗ്രാമീണമേഖലയിലെ പുരുഷന്മാരുടെ തൊഴിൽ പങ്കാളിത്ത നിരക്ക‌് 2018 ഡിസംബറിൽ 68 ശതമാനമായി. ഈ കാലയളവിൽ നഗരമേഖലയിലെ നിരക്ക‌് 68ൽനിന്ന‌് 65 ശതമാനത്തിലേക്കും ഇടിഞ്ഞു. ഏറ്റവും ആഘാതം നേരിട്ടത‌് ഗ്രാമീണമേഖലയിൽ 20നും 24 വയസ്സിനും ഇടയിലുള്ള ബിരുദധാരികൾക്കാണ‌്. 

അവിദഗ‌്ധ മേഖലയിലും വലിയ വീഴ‌്ച ഉണ്ടായി.  നോട്ട‌് നിരോധനം തൊഴിൽ അവസരങ്ങളിൽ ഉണ്ടാക്കിയ ആഘാതം മറികടക്കാൻ ഇതുവരെ കഴിഞ്ഞില്ലെന്നാണ‌് കണക്കുകൾ അടിവരയിടുന്നതെന്ന‌് പഠനത്തിന‌് നേതൃത്വം നൽകിയ അമിത‌് ബസോലെ പറഞ്ഞു.


പ്രധാന വാർത്തകൾ
 Top