23 March Saturday

മേഘാലയ ഗവർണറെ സ്ഥാനത്തുനിന്ന്‌ നീക്കണം: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Thursday Feb 21, 2019

ന്യൂഡൽഹി > കശ്‌മീർ ഉത്‌പന്നങ്ങൾ ആരും വാങ്ങരുതെന്നും, കശ്‌മീരിൽ ആരും സന്ദർശനം നടത്തരുതെന്നും പറഞ്ഞ മേഘാലയ ഗവർണറെ സ്ഥാനത്തുനിന്ന്‌ നീക്കണമെന്ന്‌ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു. കശ്‌മീർ സ്വദേശികളായ വിദ്യാർഥികൾക്കെതിരെ ഉത്തർപ്രദേശിലും, ഡൽഹിയിലും മധ്യപ്രദേശിലുമടക്കം ആക്രമണങ്ങൾ നടക്കുമ്പോഴായിരുന്നു മേഘാലയ ഗവർണർ തഥാഗത റോയ് വിവാദ പ്രസ്‌താവന ട്വീറ്റ്‌ ചെയ്‌തത്‌.

അടുത്ത രണ്ട്​ വർഷം​ അമർനാഥ്​ തീർഥാടനത്തിന്​ പോകരുത്​. ആരും കശ്‌മീർ സന്ദർശിക്കരുതെന്നും കശ്​മീരിൽ നിന്നുള്ള കച്ചവടക്കാരിൽ നിന്ന്​ ഒരു സാധനങ്ങളും വാങ്ങരുതെന്നും ഗവർണർ ആവശ്യപ്പെട്ടിരുന്നു. വിരമിച്ച ഒരു കേണലി​ന്റെ ആവശ്യമാണിതെന്നും താൻ ഇതിനോട്​ പൂർണമായും യോജിക്കുന്നുവെന്നും തഥാഗത റോയ്​ ട്വീറ്റ്​ ചെയ്​തിരുന്നു.

ഗവർണർ എന്നത്‌ ഒരു ഭരണഘടനാ പദവിയാണ്‌. രാഷ്‌ട്രപതിയുടെ പ്രതിനിധി എന്ന നിലയിൽ ഭരണഘടനയുടെ സംരക്ഷകനാകേണ്ട ആളാണ്‌ ഗവർണർ. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെപ്പോലും വെല്ലുവിളിക്കുന്ന നടപടിയാണ്‌ മേഘാലയഗവർണർ ചെയ്‌തിട്ടുള്ളത്‌. ഇത്‌ അംഗീകരിക്കാൻ കഴിയില്ല. ആദ്യമായല്ല തഥാഗത റോയ് ഇത്തരം വിവാദ പരാമർശങ്ങൾ നടത്തുന്നത്‌. തഥാഗത റോയിയെ  ഗവർണർ സ്ഥാനത്തുനിന്ന്‌ നീക്കാൻ രാഷ്‌ട്രപതി അടിയന്തിരമായി ഇടപെടണമെന്ന്‌ സിപിഐ എം ആവശ്യപ്പെട്ടു.


പ്രധാന വാർത്തകൾ
 Top