18 January Tuesday

ന്യൂനപക്ഷങ്ങൾക്കെതിരായ കടന്നാക്രമണം; പ്രതിഷേധ ദിനം ആചരിക്കാന്‍ സിപിഐ എം ആഹ്വാനം

വെബ് ഡെസ്‌ക്‌Updated: Monday Nov 15, 2021

ന്യൂഡൽഹി > രാജ്യത്ത്‌ ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമം വർധിച്ചുവരുന്നതിൽ സിപിഐ എം പൊളിറ്റ്‌ബ്യൂറോ കടുത്ത ആശങ്ക പ്രകടമാക്കി. ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങൾ ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനവും മതേതര ഘടനയെ അപകടപ്പെടുത്തുന്നതുമാണ്‌. ന്യൂനപക്ഷവിരുദ്ധ ആക്രമണങ്ങൾക്കെതിരായി എല്ലാ സിപിഐ എം ഘടകങ്ങളും പ്രതിഷേധ ദിനം ആചരിക്കണം. തീവ്ര വലതുപക്ഷശക്തികൾക്ക്‌ സർക്കാരുകൾ നൽകുന്ന സംരക്ഷണമാണ്‌ ഇത്തരം ആക്രമണങ്ങൾക്ക്‌ പ്രോത്സാഹനം. ഭരണകൂടം ഇരകളെ സംരക്ഷിക്കുന്നതിനുപകരം ഭീകര നിയമങ്ങൾ പ്രകാരം അവരെയും അനുകൂലിക്കുന്നവരെയും അറസ്റ്റ്‌ ചെയ്‌ത്‌ ശിക്ഷിക്കുന്നു.

അസമിലും ത്രിപുരയിലും അടുത്തിടെ ഉണ്ടായ ആൾക്കൂട്ട ആക്രമണങ്ങൾ സംസ്ഥാന സർക്കാരുകളുടെ പിന്തുണയിലാണ്‌. ഇവ റിപ്പോർട്ട് ചെയ്യുന്നവർക്കെതിരായി യുഎപിഎ പ്രകാരം കേസെടുക്കുകയാണ്‌. യുപിയിൽ ‘ഏറ്റുമുട്ടലു’കളുടെയും മറ്റും പേരിൽ മുസ്ലിങ്ങൾക്കെതിരായി രാജ്യസുരക്ഷാ നിയമം ചുമത്തുന്നത്‌ പതിവായി. പ്രാർഥിക്കുകയെന്ന മൗലികാവകാശംപോലും നിഷേധിക്കപ്പെടുന്നവെന്ന് ഗുഡ്‌ഗാവിലെസംഭവങ്ങൾ ചൂണ്ടിക്കാട്ടി. ക്രൈസ്‌തവർക്കെതിരെ 2021ലെ ആദ്യ ഒമ്പതുമാസത്തിൽ മുന്നൂറിലേറെ ആക്രമണം നടന്നതായി മനുഷ്യാവകാശ ഗ്രൂപ്പുകൾ റിപ്പോർട്ടിൽ പറയുന്നു. പല സംഭവത്തിലും എഫ്‌ഐആറിടാൻപോലും പൊലീസ്‌ തയ്യാറാകുന്നില്ല. ദളിത്‌–- ആദിവാസി അതിക്രമങ്ങളില്‍ പലപ്പോഴും കേസുപോലുമില്ല. പലയിടത്തും പള്ളികൾ തകർക്കപ്പെട്ടു. ന്യൂനപക്ഷങ്ങൾക്കെതിരായ വലതുശക്തികളുടെ ആക്രമണങ്ങൾക്കെതിരായി ശക്തമായ പ്രതിഷേധമുയരണം–- പിബി ആഹ്വാനം ചെയ്‌തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top