16 January Saturday

കേന്ദ്ര ഏജൻസികളെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നു: പിബി

സ്വന്തം ലേഖകൻUpdated: Thursday Nov 19, 2020

ന്യൂഡൽഹി > കേരളത്തിലെ എൽഡിഎഫ്‌ സർക്കാരിനെ അസ്ഥിരപ്പെടുത്താനും മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടും എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ അടക്കമുള്ള  കേന്ദ്രഏജൻസികളെ ബിജെപി സർക്കാർ ദുരുപയോഗം ചെയ്യുന്നതിനെ സിപിഐ എം പൊളിറ്റ്‌ബ്യൂറോ ശക്തിയായി അപലപിച്ചു.

സ്വർണ കള്ളക്കടത്ത്‌ വഴി ലഭിച്ച പണം ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കായി വിനിയോഗിച്ചുവെന്ന യുഎപിഎ ചുമത്തിയ കേസ്‌ അന്വേഷിക്കുന്നതിനു പകരം കേന്ദ്ര ഏജൻസികൾ എൽഡിഎഫ്‌ സർക്കാരിന്റെ രാഷ്ട്രീയനേതൃത്വത്തെ ലക്ഷ്യമിട്ട്‌ നീങ്ങുകയാണ്‌.

രാഷ്ട്രീയനേതൃത്വത്തിലുള്ളവരുടെ പേര്‌ പറയണമെന്നും പ്രത്യുപകാരമായി കേസിൽ മാപ്പു സാക്ഷിയാക്കാമെന്നും പറഞ്ഞ്‌ സമ്മർദ്ദമുണ്ടെന്ന്‌ കസ്‌റ്റഡിയിലുള്ള രണ്ട്‌ പ്രതികൾ വെളിപ്പെടുത്തിയിട്ടുണ്ട്‌. പ്രതിയായ സ്‌ത്രീയുടെ ശബ്ദരേഖയും സസ്‌പെൻഷനിലുള്ള ഐഎഎസ്‌ ഉദ്യോഗസ്ഥന്റെ ജാമ്യാപേക്ഷയും ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്നു.

ഈ അതിക്രമം അംഗീകരിക്കാൻ കഴിയില്ല. ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങൾ അട്ടിമറിക്കാൻ ബിജെപി സർക്കാർ കേന്ദ്രഏജൻസികളെ ഉപയോഗിക്കുന്നു. രാഷ്ട്രീയതാൽപര്യങ്ങൾ സംരക്ഷിക്കാൻ ഭരണഘടനവിരുദ്ധമായി കേന്ദ്രഏജൻസികളെ ദുരുപയോഗം ചെയ്യുകയാണ്‌. ഇത്തരം നീക്കങ്ങളെ സിപിഐ എം ചെറുക്കും.

കോടതികളും ഇതര സ്വതന്ത്ര സംവിധാനങ്ങളും ഭരണഘടന ഉയർത്തിപ്പിടിക്കണം. ഇത്തരം ഹീനപദ്ധതികൾക്കെതിരെ ജനങ്ങൾ പ്രതിഷേധിക്കണം. കേരളത്തിൽ ഒന്നിച്ചുനീങ്ങുന്ന ബിജെപിയുടെയും യുഡിഎഫിന്റെയും ഈ കുതന്ത്രങ്ങൾക്ക്‌ സംസ്ഥാനത്തെ ജനങ്ങൾ ഉചിതമായ മറുപടി നൽകുമെന്ന്‌ ഉറപ്പുണ്ടെന്ന്‌ പിബി പ്രസ്‌താവനയിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top