22 October Tuesday

ബിജെപിയുടെ വെല്ലുവിളി നേരിടും: സിപിഐ എം

സ്വന്തം ലേഖകൻUpdated: Tuesday Jun 11, 2019

ന്യൂഡൽഹി > ലോക‌്സഭാ തെരഞ്ഞെടുപ്പിൽ വ്യക്തമായ വിജയം നേടിയ ബിജെപിയുടെ ഭരണം രാജ്യത്തിനും ജനങ്ങൾക്കും കനത്ത വെല്ലുവിളിയാണ‌് ഉയർത്തുന്നതെന്ന‌് സിപിഐ എം കേന്ദ്ര കമ്മിറ്റി യോഗം ചൂണ്ടിക്കാട്ടി. ബഹുരാഷ്ട്ര, ആഭ്യന്തര കോർപറേറ്റുകളുടെ പൂർണ പിന്തുണയോടെയും വൻതോതിൽ പണമൊഴുക്കിയുമാണ‌് ബിജെപി ജയിച്ചത‌്. വൻകിട ബിസിനസുകാർക്കും ധനികർക്കുംവേണ്ടി ജനവിരുദ്ധ സാമ്പത്തികനയങ്ങളാണ‌് കേന്ദ്രസർക്കാർ നടപ്പാക്കുന്നത‌്. ഈ കടന്നാക്രമണത്തിനെതിരെ പരമാവധി ജനവിഭാഗങ്ങളെ അണിനിരത്താൻ സിപിഐ എം മുന്നിൽനിന്ന‌് പ്രവർത്തിക്കുമെന്ന‌് കേന്ദ്ര കമ്മിറ്റി തീരുമാനങ്ങൾ വിശദീകരിച്ച‌് പാർടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

ഹിന്ദുത്വ വർഗീയ ധ്രുവീകരണം ശക്തിപ്രാപിക്കുന്നത‌് മത, ഭാഷാ ന്യൂനപക്ഷ വിഭാഗങ്ങൾക്ക‌ുനേരെയുള്ള കടന്നാക്രമണങ്ങൾ വർധിക്കാനും അവരുടെ ജീവനും ജീവനോപാധികളും അപകടത്തിലാക്കാനും വഴിയൊരുക്കും. ഭരണഘടന വിഭാവനംചെയ്യുന്ന മതനിരപേക്ഷത സംരക്ഷിക്കാനും ശക്തിപ്പെടുത്താനും സംഘടിപ്പിക്കുന്ന പോരാട്ടങ്ങളിൽ എല്ലാ വിഭാഗം ജനങ്ങളെയും പാർടി അണിനിരത്തും.

ഭരണഘടനാ സ്ഥാപനങ്ങളിൽ കഴിഞ്ഞ അഞ്ച‌ുവർഷം ആർഎസ‌്എസ‌് നടത്തിവന്ന കടന്നുകയറ്റം കൂടുതൽ ശക്തമാകും. മതനിരപേക്ഷ റിപ്പബ്ലിക്കിനെ ആർഎസ‌്എസ‌് പദ്ധതിപ്രകാരമുള്ള ഹിന്ദുത്വരാഷ്ട്രമാക്കി മാറ്റാൻ സൗകര്യമൊരുക്കുംവിധം ഭരണഘടനാ സ്ഥാപനങ്ങളെ അട്ടിമറിക്കുന്നതിലേക്ക‌് എത്തിച്ചേരും. ഭരണഘടനാ സ്ഥാപനങ്ങളെ സംരക്ഷിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള പോരാട്ടങ്ങൾക്ക‌് സിപിഐ എം നേതൃത്വം നൽകും.

അഞ്ചുവർഷമായി നടത്തിവന്ന വലതുപക്ഷ കടന്നാക്രമണമാണ‌് ബിജെപിക്ക‌് നിർണായകമായ വിജയം നേടിക്കൊടുത്തത‌്. പുൽവാമ, ബാലാക്കോട്ട‌് സംഭവങ്ങൾക്കുശേഷം ജീവിതപ്രശ്നങ്ങളിൽനിന്ന‌് ജനശ്രദ്ധ തിരിച്ചുവിടാനും ബിജെപിക്ക‌് കഴിഞ്ഞു. കെട്ടിച്ചമച്ച മോഡിപ്രഭാവത്തിന്റെ  അകമ്പടിയിൽ, വർഗീയതയിലും ദേശീയതയിലും അധിഷ്ഠിതമായ യുദ്ധവെറിയുടെ അന്തരീക്ഷം സൃഷ്ടിച്ചു. അഭൂതപൂർവമായ പണക്കൊഴുപ്പ‌് പ്രചാരണത്തിൽ പ്രകടമായി. ഇലക്ടറൽ ബോണ്ടുകൾവഴി ബിജെപിക്ക‌് വൻതോതിൽ പണം ലഭിച്ചു. തെരഞ്ഞെടുപ്പ‌് കമീഷനും ബിജെപിയുടെ വിജയത്തിൽ പങ്കുണ്ട‌്.

രാജ്യസുരക്ഷയുടെ പേരുപറഞ്ഞ‌് വ്യക്തിപരമായ അവകാശങ്ങൾ ഹനിക്കുകയും വിയോജിപ്പിനുള്ള അവകാശം നിഷേധിക്കുകയും ചെയ്യണമെന്ന‌തിൽ കേന്ദ്രീകരിച്ചാണ‌് ബിജെപി തെരഞ്ഞെടുപ്പ‌് വിജയം നേടിയത‌്. ഇതിന്റെ പരിണതഫലങ്ങൾ കണ്ടുതുടങ്ങി. സ്വകാര്യസേനകളുടെ ആക്രമണങ്ങളും ദളിതർക്കും ന്യൂനപക്ഷങ്ങൾക്കും നേരെയുള്ള കടന്നാക്രമണങ്ങളും വർധിക്കുന്നു. അധ്വാനിക്കുന്ന ജനവിഭാഗങ്ങളും മതഭാഷാ ന്യൂനപക്ഷങ്ങളും വേട്ടയാടപ്പെടും. ജനാധിപത്യവും പൗരാവകാശങ്ങളും സംരക്ഷിക്കാൻ വിശാലസഖ്യം കെട്ടിപ്പടുത്ത‌് പോരാട്ടങ്ങൾ സംഘടിപ്പിക്കാൻ സിപിഐ എം മുൻകൈ എടുക്കും.

തെരഞ്ഞെടുപ്പ‌് തോൽവിക്ക‌് പരിഹാരം രാജിയല്ലെന്ന‌് യെച്ചൂരി പ്രതികരിച്ചു. പിശകുകളും കുറവുകളും പരിഹരിക്കുകയാണ‌് വേണ്ടത‌്. കമ്യൂണിസ്റ്റ‌് പാർടികൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തണം. ഇതിനുള്ള മാർഗങ്ങൾ സംബന്ധിച്ച‌്  സിപിഐ ജനറൽ സെക്രട്ടറിയുമായി ഉടൻതന്നെ ചർച്ച നടത്തുമെന്നും സീതാറാം യെച്ചൂരി പറഞ്ഞു.
ഇലക‌്ട്രോണിക‌് വോട്ടിങ‌് മെഷീനുകളെക്കുറിച്ച‌് ഉയർന്ന ആശങ്കകൾ സംബന്ധിച്ച‌് സിപിഐ എം പഠനം നടത്തും. മറ്റു രാഷ്ട്രീയപാർടികളുമായി കൂടിയാലോചിച്ച‌് ഈ വിഷയത്തിൽ ഭാവിപരിപാടികൾ തീരുമാനിക്കും.തെരഞ്ഞെടുപ്പ‌് കമീഷന്റെ നിഷ‌്പക്ഷത ഉറപ്പാക്കാൻ കമീഷനിലേക്ക‌് കേന്ദ്രസർക്കാർ നിയമനം നടത്തുന്നത‌് അവസാനിപ്പിക്കണം. രാഷ്ട്രപതി അധ്യക്ഷനായ കൊളീജിയം രൂപീകരിച്ച‌് അംഗങ്ങ‌ളെ നിയമിക്കണമെന്നും യെച്ചൂരി പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top