20 February Wednesday
പൊതുമേഖലാ ബാങ്കുകളുടെ ലയനം

ബാങ്ക‌് ലയനത്തിൽനിന്ന‌് കേന്ദ്രം പിന്തിരിയണം: സിപിഐ എം

സ്വന്തം ലേഖകൻUpdated: Wednesday Jan 16, 2019

ന്യൂഡൽഹി> പൊതുമേഖലാ ബാങ്കുകളുടെ ലയന  നീക്കത്തിൽനിന്ന‌് കേന്ദ്ര സർക്കാർ പിൻവാങ്ങണമെന്ന‌് സിപിഐ എം പൊളിറ്റ‌്ബ്യൂറോ ആവശ്യപ്പെട്ടു. വിജയാ ബാങ്ക‌്, ബാങ്ക‌് ഓഫ‌് ബറോഡ, ദേനാ ബാങ്ക‌് എന്നീ ബാങ്കുകളുടെ ലയനത്തിനായി കേന്ദ്ര സർക്കാർ തിടുക്കംകാട്ടുന്നത‌് ആശങ്കാജനകമാണ‌്. ബാങ്കിങ‌് മേഖലയിലെ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും കടുത്ത എതിർപ്പ‌് അവഗണിച്ചാണ‌് ലയനനീക്കം. ബന്ധപ്പെട്ട ബാങ്കുകളെ ശക്തിപ്പെടുത്തുന്നതിനാണ‌് ലയനമെന്ന ന്യായീകരണമാണ‌് കേന്ദ്രം മുന്നോട്ടുവയ‌്ക്കുന്നത‌്.

എന്നാൽ, മൂന്ന‌് ബാങ്കുകളും ലയനശേഷം ദുർബലപ്പെടും എന്നതാണ‌് യാഥാർഥ്യം. വൻകിട കുത്തകകൾ വായ‌്പാ തിരിച്ചടവിൽ ബോധപൂർവം വീഴ‌്ചവരുത്തുന്നതാണ‌് യഥാർഥ  പ്രശ‌്നം. ലയനമെന്ന നിഷ‌്ഫലനടപടിക്ക‌് പകരം കോർപറേറ്റുകളുടെ കിട്ടാക്കടം പിഴയടക്കം തിരിച്ചുപിടിക്കുന്നതിൽ കർക്കശ നടപടിയാണ‌് സർക്കാർ ചെയ്യേണ്ടത‌്.  പാപ്പർ ചട്ട നടപടിയിലൂടെ കിട്ടാക്കട തുകയിൽ വലിയ ഇളവ‌് വരുത്താൻ പൊതുമേഖാ ബാങ്കുകൾ നിർബന്ധിതമാകുകയുമാണ‌്.

അടിസ്ഥാന പ്രശ‌്നങ്ങൾ പരിഹരിക്കാതെ ബാങ്കുകളെ ലയിപ്പിക്കുന്നത‌് പ്രവർത്തനമേഖല ചുരുക്കുന്നതിനും നിരവധി ശാഖകളുടെ അടച്ചുപൂട്ടലിനും വഴിയൊരുക്കും. ബാങ്കിങ‌് സേവനങ്ങൾ സാധാരണക്കാരിലേക്കുകൂടി എത്തിക്കുന്നതിനും ഉൾപ്രദേശങ്ങളിലേക്കുകൂടി വ്യാപിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളെയും ഇത‌് ബാധിക്കും.–- പൊളിറ്റ‌്ബ്യൂറോ പ്രസ‌്താവനയിൽ പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top