23 January Wednesday

ബിജെപി രാഷ്ട്രീയ അജണ്ടയ്ക്കുള്ള ഉപകരണമായി സിബിഐയെ മാറ്റുന്നു; അലോക് വര്‍മയെ സ്ഥലംമാറ്റിയതിനെ അപലപിച്ച് പൊളിറ്റ്ബ്യൂറോ

സ്വന്തം ലേഖകന്‍Updated: Friday Jan 11, 2019

ന്യൂഡല്‍ഹി > അലോക് വര്‍മ്മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് സുപ്രീംകോടതി പുനര്‍നിയമിച്ച് 48 മണിക്കൂറിനുള്ളില്‍ അദേഹത്തെ സ്ഥലംമാറ്റിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നടപടിയെ സിപിഐ എം പൊളിറ്റ്ബ്യൂറോ ശക്തമായി അപലപിച്ചു.

സിബിഐക്ക് മേല്‍ സര്‍ക്കാരിന്റെ നിയന്ത്രണം ഉറപ്പുവരുത്തുന്നതിനും തങ്ങളുടെ രാഷ്ട്രീയ- തെരഞ്ഞെടുപ്പ് അജണ്ട മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള ഒരു ഉപകരണമായി സിബിഐയെ ഉപയോഗിക്കുന്നതിനുമാണ് ഈ തീരുമാനം. സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെയും എതിര്‍ക്കുന്നവരെയും ഭീഷണിപ്പെടുത്താനും ബ്ലാക്ക്‌മെയില്‍ ചെയ്യാനും നിശബ്ദരാക്കാനാനുമാണ് ബിജെപി ശ്രമം. ഇതോടൊപ്പം വിശ്വസ്തരെ സംരക്ഷിക്കുകയെന്ന ലക്ഷ്യവുമുണ്ട്. തങ്ങളുടെ തെറ്റായ നടപടികള്‍ ഒന്നൊന്നായി പുറത്തുവരുന്നത് തടയാനും ഈയൊരു നടപടിയിലൂടെ മോഡി സര്‍ക്കാര്‍ ശ്രമിക്കുകയാണ്.

കേന്ദ്ര വിജിലന്‍സ് കമീഷണറുടെ സാധുതയില്ലാത്തതും സംശയകരവുമായ ഒരു റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 2013 ഒക്ടോബര്‍ 23 ന് അര്‍ധരാത്രിയില്‍ അലോക് വര്‍മയെ സര്‍ക്കാര്‍ പുറത്താക്കുകയായിരുന്നു. എന്നാല്‍ അര്‍ധരാത്രിയിലെ ഈ അട്ടിമറി നിയമവിരുദ്ധമെന്ന് കണ്ടെത്തിയ സുപ്രീംകോടതി അലോക് വര്‍മയെ ഡയറക്ടര്‍ സ്ഥാനത്ത് വീണ്ടും നിയമിക്കുകയും ചെയ്തു. എന്നാലിപ്പോള്‍ രണ്ടാമതൊരു അട്ടിമറിയിലൂടെ അലോക് വര്‍മയെ സ്ഥലം മാറ്റിയിരിക്കയാണ്. അദേഹം അടുത്തുതന്നെ വിരമിക്കാനിരിക്കെയാണ് ഈ നടപടി. ശക്തമായ വിയോജിപ്പിനെ മറികടന്നാണ് പ്രധാനമന്ത്രി മോഡിയുടെ നടപടി. സിവിസി റിപ്പോര്‍ട്ടിന്റെ കാര്യത്തില്‍ സ്വന്തം നിലപാട് വിശദീകരിക്കുന്നതിനുള്ള അവസരം അലോക് വര്‍മയ്ക്ക് നിഷേധിക്കുകയും ചെയ്തു. ദേശസുരക്ഷയ്ക്ക് തന്നെ അപകടകരമായ ഈ നടപടി ശിങ്കിടി മുതലാളിത്തവും അഴിമതിയുമെല്ലാം പുറത്തുവരുന്നത് തടയാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്. മോഡി സര്‍ക്കാരിനെതിരായി ഇത്തരം ആക്ഷേപങ്ങള്‍ വലിയ രീതിയില്‍ ഉയര്‍ന്നുവന്നിരുന്നു. ഒട്ടനവധി കാര്യങ്ങള്‍ മോഡി സര്‍ക്കാരിന് ഒളിപ്പിക്കാനുണ്ടെന്ന് വ്യക്തമാണ്. പൊതുതെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കെ റഫേല്‍  ഇടപാട് അടക്കം ഒട്ടനവധി അഴിമതികള്‍ പുറത്തുവരാനുള്ള സാധ്യതകളോട് എത്രമാത്രം ഭയവും പരിഭ്രാന്തിയുമാണ് സര്‍ക്കാരിനുള്ളതെന്ന് ഈ നീക്കത്തില്‍ നിന്ന് വ്യക്തമാണ്. സിബിഐയുടെ വിശ്വാസ്യതയാണ് ഇതോടെ പൂര്‍ണമായും ഇല്ലാതായിരിക്കുന്നത്.

സിബിഐക്ക് പുറമെ ആര്‍ബിഐ, ജുഡീഷ്യറി, വിവരാവകാശ കമീഷന്‍, ജനാധിപത്യത്തിന്റെ മറ്റ് സ്തംഭങ്ങള്‍ തുടങ്ങി ഭരണഘടനാ സ്ഥാപനങ്ങളെയെല്ലാം തന്നെ തകര്‍ക്കാന്‍ മോഡി സര്‍ക്കാര്‍ കിണഞ്ഞുശ്രമിക്കുകയാണ്. സര്‍ക്കാരിന്റെ നാട്യങ്ങളെല്ലാം ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. വരുന്ന പൊതുതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയ്ക്ക് ജനങ്ങള്‍ തക്കതായ തിരിച്ചടി നല്‍കും- പൊളിറ്റ്ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top