13 May Thursday
പുതിയ രോഗികളിൽ‌ 
83 ശതമാനവും 10 സംസ്ഥാനങ്ങളിൽ

പിടിമുറുക്കി ‌ രണ്ടാം തരംഗം ; 10 ദിവസം, 
രോഗികൾ 
47 ശതമാനം കൂടി ; 24 മണിക്കൂറിൽ 1,45,384 പേർക്ക്‌ രോഗം

വെബ് ഡെസ്‌ക്‌Updated: Saturday Apr 10, 2021


ന്യൂഡൽഹി
രാജ്യത്ത്‌  തുടർച്ചയായ നാലാംദിവസവും കോവിഡ്‌ രോഗികളുടെ എണ്ണം  ഒരുലക്ഷം കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിൽ 1, 45,384 പേർക്ക്‌ രോഗം സ്ഥിരീകരിച്ചു. രാജ്യത്ത്‌ ഇതുവരെയുള്ള  ഉയർന്ന പ്രതിദിന രോഗസംഖ്യ‌.

ആകെ രോഗം ബാധിച്ചവർ 1,32,05,926. 24 മണിക്കൂറിൽ 794 മരണം. ഒക്ടോബർ 18ന്‌ ശേഷമുള്ള ഉയർന്ന മരണസംഖ്യ. ആകെ മരണം 1,68,436. പുതിയ രോഗികളിൽ 83 ശതമാനവും പത്ത്‌ സംസ്ഥാനത്തുനിന്നാണ്‌‌. മഹാരാഷ്ട്ര: 58,993, ഛത്തീസ്‌ഗഢ്‌: 11,447, ഉത്തർപ്രദേശ്‌: 9,587, ഡൽഹി: 8,521, കർണാടക: 7,955, തമിഴ്‌നാട്‌: 5,441 എന്നിവിടങ്ങളിലാണ്‌ കൂടുതൽ. രാജ്യത്ത്‌ ചികിത്സയിലുള്ളവരുടെ എണ്ണം ഏഴ്‌ മാസത്തിനുശേഷം 10 ലക്ഷം കടന്നു.

കൂടുതൽ നിയന്ത്രണങ്ങൾ 
ഏർപ്പെടുത്തുന്നു
കോവിഡ്‌ രോഗികളുടെ എണ്ണവും മരണവും നിയന്ത്രിക്കാനാകാത്ത സാഹചര്യത്തിൽ സംസ്ഥാനങ്ങൾ കൂടുതൽ നിയന്ത്രണങ്ങൾ നടപ്പാക്കാനൊരുങ്ങുന്നു. മഹാരാഷ്ട്രയിൽ ഉടൻ സമ്പൂർണഅടച്ചുപൂട്ടൽ പ്രഖ്യാപിച്ചേക്കും. ശനിയാഴ്‌ച മുഖ്യമന്ത്രി ഉദ്ദവ്‌ താക്കറേയുടെ അധ്യക്ഷതയിൽ സർവകക്ഷിയോഗത്തിൽ പ്രതിപക്ഷപാർടികളടക്കം അടച്ചുപൂട്ടലിനെ അനുകൂലിച്ചു. തിങ്കളാഴ്‌ച ഉദ്ദവ്‌ താക്കറേ ടാസ്‌ക് ഫോഴ്‌സുമായി നടത്തുന്ന യോഗത്തിനുശേഷം ലോക്‌ഡൗൺ പ്രഖ്യാപിക്കുമെന്നാണ്‌ സൂചന. സംസ്ഥാനത്ത്‌ നിലവിൽ വാരാന്ത്യ അടച്ചുപൂട്ടലും രാത്രികർഫ്യൂവും നിലവിലുണ്ട്‌. എന്നാൽ, അതുകൊണ്ടുമാത്രം കോവിഡിനെ പിടിച്ചുകെട്ടാൻ കഴിയില്ലെന്നാണ്‌ ആരോഗ്യവിദഗ്‌ധരുടെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ ആഴ്‌ചകൾ നീളുന്ന അടച്ചുപൂട്ടലായിരിക്കും ഏർപ്പെടുത്തുകയെന്ന്‌ സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു.

ഡൽഹിയിൽ സമ്പൂർണ അടച്ചുപൂട്ടൽ ആലോചിക്കുന്നില്ലെന്ന്‌ മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാൾ അറിയിച്ചു. രോഗവ്യാപനം‌ തടയാൻ ഉടൻ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. എല്ലാവർക്കും വാക്‌സിൻ നൽകണമെന്നാണ്‌ സർക്കാരിന്റെ നിലപാട്‌. അതിന്‌ മാനദണ്ഡങ്ങളിൽ ഇളവ്‌ അനുവദിക്കാൻ കേന്ദ്രസർക്കാരിനോട്‌ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഛത്തീസ്‌ഗഢിൽ എട്ട്‌ ജില്ലയിൽ പൂർണ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചു. തലസ്ഥാനമായ റായ്‌പുരടക്കം അഞ്ച്‌ ജില്ലയിൽ നേരത്തേ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചിരുന്നു. മധ്യപ്രദേശിലും വാരാന്ത്യ അടച്ചുപൂട്ടൽ നിലവിൽ വന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top