13 May Thursday
ദുരിതത്തിന്റെ പൂർണ ഉത്തരവാദി നരേന്ദ്ര മോഡിയാണെന്ന്‌ സീതാറാം യെച്ചൂരി

കോവിഡ്‌ നേരിടുന്നതിൽ പരാജയം ; കേന്ദ്രത്തെ തുറന്നുകാട്ടി പ്രതിപക്ഷം

വെബ് ഡെസ്‌ക്‌Updated: Saturday Apr 17, 2021


ന്യൂഡൽഹി
കോവിഡ്‌ രണ്ടാംവ്യാപനം പ്രതിരോധിക്കുന്നതിലും അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിലും പൂർണമായും പരാജയപ്പെട്ട കേന്ദ്ര സർക്കാരിനെ നിശിതമായി വിമർശിച്ച്‌ സിപിഐ എം ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർടികൾ. ഒരു വർഷത്തിലേറെ സമയമുണ്ടായിട്ടും ആരോഗ്യരംഗത്ത്‌ അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിൽ മോഡി സർക്കാർ പൂർണമായും പരാജയപ്പെട്ടെന്ന്‌‌ പ്രതിപക്ഷം കുറ്റപ്പെടുത്തി‌. വാക്‌സിൻ ക്ഷാമം, കോവിഡ്‌ മരുന്നായ റെംഡെസിവിറിന്റെയും മെഡിക്കൽ ഓക്‌സിജന്റെയും ഐസിയു കിടക്കകളുടെയും ലഭ്യതക്കുറവ്‌ തുടങ്ങിയ പോരായ്‌മകളും ചൂണ്ടിക്കാട്ടുന്നു‌. കഴിഞ്ഞവർഷം കോവിഡ്‌ വ്യാപനകാലത്ത്‌ തുടങ്ങിയ സ്വകാര്യ നിധിയായ പിഎം കെയറിലൂടെ സമാഹരിച്ച കോടികൾ എവിടെയെന്ന ചോദ്യവും ഉയർത്തി.

ജനങ്ങളനുഭവിക്കുന്ന ദുരിതത്തിന്റെ പൂർണ ഉത്തരവാദി പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കുറ്റപ്പെടുത്തി. ജനാധിപത്യപരമായ ഉത്തരവാദിത്തത്തിൽനിന്ന്‌ പ്രധാനമന്ത്രിക്ക്‌ ഒഴിഞ്ഞുമാറാനാകില്ല. യുപി, ഗുജറാത്ത്‌ തുടങ്ങി ബിജെപി ഭരണസംസ്ഥാനങ്ങളിലെ കോവിഡ്‌ മേൽനോട്ട സംവിധാനങ്ങൾ പൂർണമായും തകർന്നു. പല സംസ്ഥാനങ്ങളും കണക്കുകൾ കുറച്ചുകാട്ടുകയാണ്‌. കോവിഡ്‌ വ്യാപനത്തിൽ ദുരിതത്തിലായ സാധാരണക്കാരെ സഹായിക്കാൻ സർക്കാർ  നടപടി സ്വീകരിക്കണം. 7500 രൂപ പ്രതിമാസം നൽകണം. ഭക്ഷ്യധാന്യങ്ങൾ സൗജന്യമായി നൽകണം. തൊഴിലുറപ്പ്‌ പദ്ധതി കൂടുതൽ വ്യാപകമാക്കണം.  പൊതുആരോഗ്യ സംവിധാനത്തിന്‌ ഇന്ത്യക്കാർ കേഴുകയാണ്‌. ആരോഗ്യമേഖലയ്‌ക്കുള്ള ബജറ്റ്‌ വിഹിതം വെട്ടിക്കുറച്ചു. എന്നാൽ, സെൻട്രൽ വിസ്റ്റ, പുതിയ പാർലമെന്റ്‌ തുടങ്ങി പ്രധാനമന്ത്രിക്ക്‌ താൽപ്പര്യമുള്ള പദ്ധതികൾക്ക്‌ പണമുണ്ട്‌–- യെച്ചൂരി ട്വിറ്ററിൽ പറഞ്ഞു. 

പ്രതിപക്ഷത്തിന്റെ ക്രിയാത്മക നിർദേശങ്ങൾ കേൾക്കാതെ അവരെ ആക്രമിക്കാൻ കേന്ദ്രമന്ത്രിമാരെ നിയോഗിക്കുകയായിരുന്നുവെന്ന്‌ പ്രവർത്തകസമിതി യോഗത്തിൽ കോൺഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു. വാക്‌സിനേഷൻ പ്രായപരിധി 25 ആക്കണം. കോവിഡ്‌ ചികിത്സയ്ക്കുള്ള എല്ലാ മെഡിക്കൽ ഉപകരണങ്ങളെയും മരുന്നുകളെയും ജിഎസ്‌ടിയിൽനിന്ന്‌ ഒഴിവാക്കണം–- സോണിയ ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top