23 September Wednesday

രാജ്യത്ത്‌ 14 ലക്ഷം രോഗികള്‍ ; മരണം 32,700 കടന്നു

വെബ് ഡെസ്‌ക്‌Updated: Monday Jul 27, 2020

ന്യൂഡൽഹി
രാജ്യത്ത്‌ കോവിഡ്‌ ബാധിതര്‍ 14 ലക്ഷം കടന്നു. രണ്ടുദിവസത്തിനിടെ പുതുതായി ലക്ഷം രോ​ഗികള്‍. കോവിഡ്‌ മരണം 32,700 കടന്നു. ഈമാസം ഇതുവരെ എട്ടര ലക്ഷം രോ​ഗികള്‍. വര്‍ധന 144 ശതമാനം‌. ജൂലൈയിലെ മരണം 15,300. വര്‍ധന 88 ശതമാനം. 24 മണിക്കൂറില്‍ 48,661 രോ​ഗികള്‍. 705 മരണം. എന്നാൽ, സംസ്ഥാനങ്ങളിൽനിന്നുള്ള റിപ്പോർട്ടുപ്രകാരം രോ​ഗികള്‍ അരലക്ഷത്തിലേറെ. 24 മണിക്കൂറില്‍ രോഗമുക്തര്‍ 36,145. ആകെ രോഗമുക്തര്‍ 8,85,576. രോഗമുക്തിനിരക്ക്‌ 63.92 ശതമാനം. ചികിത്സയിലുള്ളത് 4.68 ലക്ഷം പേര്‍.

ശനിയാഴ്‌ച 4.42 ലക്ഷം സാമ്പിള്‍ പരിശോധിച്ചു. ആകെ പരിശോധന 1.63 കോടി. ദശലക്ഷം പേരിൽ 11,805 എന്ന തോതിലാണ്‌ രാജ്യത്തെ പരിശോധനനിരക്ക്‌. കേരളത്തിൽ പരിശോധനനിരക്ക്‌ 18,619 ആണ്‌. രാജ്യത്ത്‌ മരണനിരക്ക്‌ 2.31 ശതാനം‌. കേരളത്തിൽ 0.33 ശതമാനം.

സിക്കിമിൽ ആദ്യ കോവിഡ്‌ മരണം
സിക്കിമിൽ കോവിഡ്‌ ബാധിച്ച്‌ ചികിത്സയിലായിരുന്ന റോങ്‌ലി ഗ്രാമത്തിലെ എഴുപത്തിനാലുകാരൻ മരിച്ചു. സംസ്ഥാനത്തെ ആദ്യ കോവിഡ്‌ മരണമാണ്‌. രാജ്യത്ത്‌ ഇതുവരെ കോവിഡ്‌ മരണമില്ലാത്ത ഏക സംസ്ഥാനമായിരുന്നു സിക്കിം.മെയ്‌ 23നാണ്‌‌ ആദ്യമായി രോഗം സ്ഥിരീകരിച്ചത്‌. നിലവിൽ രോഗികളുടെ എണ്ണം 499 ആയി. സുരക്ഷാസേന അംഗങ്ങളിലാണ്‌ ആദ്യം രോഗം സ്ഥിരീകരിച്ചത്‌.  ജൂലൈ 27വരെ സംസ്ഥാനം‌ സമ്പൂർണ അടച്ചിടലിലാണ്‌. ഇത്‌ നീട്ടുമെന്ന്‌ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.

●ഉത്തർപ്രദേശിലെ ഇതാഹ്‌ ജില്ലാ ജയിലിൽ 36 തടവുകാർക്ക്‌ രോഗം. രോഗം പടരുന്ന സാഹചര്യത്തിൽ സമീപത്തെ സ്‌കൂൾ ജയിലാക്കി മാറ്റി.
●തമിഴ്‌നാട്ടിലെ തിരുച്ചറപ്പിള്ളിയിൽ ബാങ്കിലെ 30 ഉദ്യോഗസ്ഥർക്ക്‌ രോഗം.
●ഒഡിഷയിൽ ബാലാഷോറിൽ അണുനശീകരണം നടത്താൻ ഡ്രോണുകൾ. അണ സർവകലാശാല, മദ്രാസ്‌ ഐഐടി എന്നിവർ സംയുക്തമായാണ്‌ ഡ്രോൺ വികസിപ്പിച്ചത്‌.

കർണാടകത്തിൽ മന്ത്രിക്കും കോവിഡ്‌
കർണാടക വനംമന്ത്രി ആനന്ദ്‌ സിങ്ങിന്‌ കോവിഡ്‌ സ്ഥിരീകരിച്ചു. അദ്ദേഹത്തിന്‌ രോഗലക്ഷണങ്ങളൊന്നുമില്ലെന്ന്‌ അധികൃതർ പറഞ്ഞു. കുറച്ചു ദിവസംമുമ്പ്‌ മന്ത്രിയുടെ ഡ്രൈവർക്ക്‌ രോഗം സ്ഥിരീകരിച്ചിരുന്നു. ജൂലൈ ആദ്യം വിനോദസഞ്ചാര വക!പ്പ്‌ മന്ത്രി സി ടി രവിയും രോഗബാധിതനായിരുന്നു.

ലാലുപ്രസാദിന്‌ പരിശോധന
കോവിഡ്‌ പരിശോധനയ്‌ക്കായി ആർജെഡി അധ്യക്ഷൻ ലാലുപ്രസാദിന്റെ  സാമ്പിൾ ശേഖരിച്ചു. ജയിലിൽ കഴിയുന്ന ലാലുവിനെ നിലവിൽ റാഞ്ചി ആർഐഎംഎസിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. അദ്ദേഹത്തിന്റെ സഹായികളിൽ ഒരാൾക്ക്‌ കോവിഡ്‌ ലക്ഷണമുണ്ടായതിനെ തുടർന്നാണ്‌ ലാലുവിനെ പരിശോധനയ്‌ക്ക്‌ വിധേയനാക്കിയത്‌. മറ്റു രോഗങ്ങളുള്ളതിനാൽ രോഗം ബാധിക്കാനുള്ള സാധ്യത കൂടുതലായതിനാലാണ്‌ പരിശോധന നടത്തിയതെന്ന്‌ ഡോക്ടർ പറഞ്ഞു.

6 കിലോമീറ്റർ ആംബുലൻസ്‌ യാത്രയ്‌ക്ക്‌‌ 9200 രൂപ
പശ്‌ചിമ ബംഗാളിൽ കോവിഡ്‌ രോഗികളെ ആറു കിലോമീറ്റർ അകലെയുള്ള ആശുപത്രിയിൽ കൊണ്ടുപോകാനായി ആംബുലൻസ്‌ ഡ്രൈവർ ആവശ്യപ്പെട്ടത്‌ 9200 രൂപ. കോവിഡ്‌ ബാധിതരായ ഒമ്പതരയും ഒന്നരയും  വയസ്സുള്ള കുട്ടികളെയും അമ്മയെയും കൊൽക്കത്തയിലെ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ചൈൽഡ്‌ ഹെൽത്തിൽനിന്ന്‌ ആറുകിലോമീറ്റർ അകലെയുള്ള സർക്കാർ മെഡിക്കൽ കോളേജിലേക്ക്‌ കൊണ്ടുപോകാനാണ്‌ വൻ തുക  ആവശ്യപ്പെട്ടത്‌. അത്രയും തുക നൽകാനില്ലെന്ന്‌ പറഞ്ഞതോടെ ഡ്രൈവർ ആംബുലൻസിനകത്ത്‌ കിടത്തിയ കുഞ്ഞിന്‌ നൽകിയ ഓക്‌സിജൻ വിച്‌ഛേദിച്ചതായി കുട്ടികളുടെ അച്‌ഛൻ പറഞ്ഞു. പിന്നീട്‌ ആശുപത്രിയിലെ ഡോക്ടർമാർ ഇടപ്പെട്ട്‌ തുക 2000 രൂപയായി കുറച്ചു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top