04 August Tuesday

ലക്ഷംകടന്ന്‌ തമിഴ്‌നാട്‌ ; ഒരു ദിവസം 21000വും കടന്നു ; പിടിവിട്ട്‌ കർണാടക

എം പ്രശാന്ത‌്Updated: Saturday Jul 4, 2020


ന്യൂഡൽഹി
രാജ്യത്ത്‌ പ്രതിദിന കോവിഡ്‌ ബാധിതരുടെ എണ്ണത്തിൽ വർധന തുടരുന്നു. ആദ്യമായി രോഗികൾ 21000 കടന്നു. തുടർച്ചയായ രണ്ടാം ദിവസമാണ്‌ ഒരു ദിവസം ഇരുപതിനായിരത്തിലേറെ രോഗികൾ. ആകെ രോഗികൾ 6.48 ലക്ഷം കടന്നു. മരണം 18600 ലേറെയായി. കർണാടക, യുപി, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളിൽ വെള്ളിയാഴ്‌ച രോഗികളിൽ റെക്കോഡ്‌ വർധനയാണ്‌.

മഹാരാഷ്ട്രയിൽ തുടർച്ചയായ രണ്ടാം ദിവസവും ആറായിരത്തിലേറെ രോഗികളുണ്ട്‌. തമിഴ്‌നാട്ടിൽ ആകെ രോഗികൾ ഒരു ലക്ഷം കടന്നു. രോഗികൾ ലക്ഷം കടക്കുന്ന രണ്ടാമത്‌ സംസ്ഥാനമാണ്‌ തമിഴ്‌നാട്‌. തുടർച്ചയായ രണ്ടാം ദിവസവും 4000 ത്തിലേറെ രോഗികൾ തമിഴ്‌നാട്ടിലുണ്ട്‌.  വെള്ളിയാഴ്‌ച ചെന്നൈയിൽമാത്രം 2082 രോഗികൾ. സംസ്ഥാനത്ത്‌ ആകെ രോഗികൾ 102721 ലെത്തി. മരണം 1385 ആയി. 

പിടിവിട്ട്‌ കർണാടക
ഒരു ഘട്ടത്തിൽ കോവിഡ്‌ പ്രതിരോധത്തിൽ മുന്നിട്ടുനിന്നിരുന്ന കർണാടകയിൽ ഒരാഴ്‌ചയായി രോഗികളിൽ വലിയ വർധനയാണ്‌‌. 8705 രോഗികളാണ്‌ കഴിഞ്ഞ ഒരാഴ്‌ചയിൽ റിപ്പോർട്ട്‌ ചെയ്യപ്പെട്ടത്‌. വെള്ളിയാഴ്‌ച 1695 പേർക്ക്‌ കൂടി രോഗം സ്ഥിരീകരിച്ചു. ഒരു ദിവസം ഇത്രയധികം രോഗികൾ ഇതാദ്യമാണ്‌. ആകെ ഇരുപതിനായിരത്തോടടുത്തു. 21 പേർ കൂടി വെള്ളിയാഴ്‌ച മരിച്ചതോടെ ആകെ മരണം 293 ലെത്തി. മറ്റ്‌ മെട്രോ നഗരങ്ങളായ മുംബൈയ്‌ക്കും ഡൽഹിക്കും ചെന്നൈയ്‌ക്കുമൊപ്പം ബംഗളൂരുവിലും രോഗികൾ കുതിക്കുകയാണ്‌. വെള്ളിയാഴ്‌ച 994 രോഗികൾ ബംഗളൂരുവിലുണ്ട്‌. ആകെ 7173 ലെത്തി.

യുപിയിലും ഒഡിഷയിലും ഏറ്റവും കൂടുതൽ രോഗികൾ വെള്ളിയാഴ്‌ച. യുപിയിൽ 972 പേർക്ക്‌ രോഗം സ്ഥിരീകരിച്ചു. 14 പേർ കൂടി മരിച്ചു. ഒഡിഷയിൽ 561 പുതിയ രോഗികൾ. ആകെ രോഗികൾ 8106.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top