03 August Monday
രോ​ഗികള്‍ എട്ട്‌ ലക്ഷം

രാജ്യത്ത് രണ്ടാംദിനവും 26000ലേറെ രോ​ഗികള്‍; മരണം 22,000 കടന്നു

വെബ് ഡെസ്‌ക്‌Updated: Saturday Jul 11, 2020


ന്യൂഡൽഹി
രാജ്യത്ത് ദിവസേനയുള്ള രോ​ഗികളുടെ എണ്ണം തുടർച്ചയായ രണ്ടാം ദിനവും 26000കടന്നു. ആകെ രോ​ഗികള്‍ 8.20 ലക്ഷം കടന്നു, മരണം 22100 ലേറെ. വെള്ളിയാഴ്‌ച അഞ്ഞൂറിലേറെ മരണം.

●മഹാരാഷ്ട്രയിൽ ഒറ്റദിവസത്തെ രോ​ഗികളുടെ എണ്ണം ആദ്യമായി എണ്ണായിരത്തോടടുത്തു. വെള്ളിയാഴ്‌ച 7862 രോ​ഗികള്‍, 226 മരണം. ആകെ രോ​ഗികള്‍ 238461, മരണം 9893. പുണെ, കല്യാൺ തുടങ്ങിയ മേഖലകളില്‍ വീണ്ടും അടച്ചിടൽ.
●തമിഴ്‌നാട്ടിൽ 64 മരണം.ആകെ 130261 രോ​ഗികള്‍, മരണം 1829. ഡൽഹിയിൽ 42 മരണം. ആകെ രോ​ഗികല്‍ 109140, മരണം 3300.
●യുപിയിൽ 27 മരണം. ആന്ധ്രയിൽ 15 മരണം, ആകെ രോ​ഗികള്‍ കാൽലക്ഷം കടന്നു. ബംഗാളിൽ 26 മരണം. ഗുജറാത്തിൽ 14 മരണം ആകെ രോ​ഗികള്‍ നാൽപ്പതിനായിരം കടന്നു. കർണാടകയിൽ 57 മരണം.
●ബിഎസ്‌എഫിൽ 73 രോ​ഗികള്‍ കൂടി.ആകെ 1639. രോ​ഗികള്‍.14 പേർ രോഗമുക്തരായി. .
●കോവിഡ്‌ സ്ഥിതിയെക്കുറിച്ച്‌ ആഭ്യന്തര സെക്രട്ടറി അജയ്‌ ഭല്ല ബുധനാഴ്‌ച ആഭ്യന്തര കാര്യങ്ങൾക്കായുള്ള പാർലമെന്ററി സമിതി മുമ്പാകെ വിശദീകരണം നൽകും.

രോ​ഗികള്‍ എട്ട്‌ ലക്ഷം
രാജ്യത്ത്‌ കോവിഡ്‌ ബാധിതര്‍ എട്ടുലക്ഷവും മരണം 22000വും കടന്നു.  ഒറ്റലക്ഷം രോഗികൾ വർധിച്ചത്‌ വെറും നാലു ദിവസംകൊണ്ട്. ആദ്യമായി ഒരുദിവസത്തെ രോ​ഗികളുടെ എണ്ണം 26000 കടന്നു. ദിവസവും അഞ്ഞൂറിനടുത്ത്‌ മരണം. രോ​ഗികളുടെ എണ്ണത്തിൽ അമേരിക്കയ്ക്കും ബ്രസീലിനും പിന്നിൽ മൂന്നാമതാണ്‌ ഇന്ത്യ. രോഗികൾ 8.20 ലക്ഷം കടന്നു. മരണം 22,100ഉം.

ജനുവരി 30ന്‌ ആദ്യരോ​ഗിയെ കണ്ടെത്തിയശേഷം 117 ദിവസമെടുത്താണ് രോഗികള്‍ ലക്ഷമായത്‌. അഞ്ചുലക്ഷമെത്താൻ 39 ദിവസമെടുത്തു. പിന്നീട് രണ്ടാഴ്‌ചകൊണ്ട്‌ എട്ടുലക്ഷമായി. ‌ഓരോ നാലുദിവസത്തിലും ലക്ഷം രോ​ഗികള്‍ വർധിക്കുന്നു‌. മെയ്‌ 31ന്‌ 1.91 ലക്ഷം രോ​ഗികളും 5405 മരണവും എന്ന നിലയിലിരിക്കെയാണ് ജൂൺ ഒന്നു‌മുതൽ കേന്ദ്രം നിയന്ത്രണങ്ങളില്‍ ഇളവേര്‍പ്പെടുത്തിയത്. പിന്നീടുള്ള നാൽപ്പത്‌ ദിവസത്തില്‍ 6.25 ലക്ഷം രോ​ഗികള്‍ വര്‍ധിച്ചു. 16600 മരണം സംഭവിച്ചു. 

24 മണിക്കൂറില്‍ 26506 രോ​ഗികളും 475 മരണവും റിപ്പോർട്ടു ചെയ്‌തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 19138 പേർ രോഗമുക്തരായി. ആകെ രോഗമുക്തര്‍ 4.96 ലക്ഷം. 2.77 ലക്ഷം പേർ ചികിത്സയില്‍‌. കോവിഡ്‌ മരണനിരക്ക്‌ 2.72 ശതമാനം‌. കേരളമടക്കം 30 സംസ്ഥാനത്തിൽ മരണനിരക്ക്‌ ദേശീയ ശരാശരിയേക്കാൾ താഴെ‌. കേരളത്തിൽ 0.4 ശതമാനംമാത്രം‌. വലിയ സംസ്ഥാനങ്ങളിൽ ഏറ്റവും കുറഞ്ഞ മരണനിരക്ക്‌ കേരളത്തിലാണ്‌. രോഗമുക്തി നിരക്കിൽ 18 സംസ്ഥാനം ദേശീയ ശരാശരിയേക്കാൾ മുന്നില്‍‌. 24 മണിക്കൂറിൽ 2.84 ലക്ഷം പരിശോധന നടത്തി.

● 25,000 കടന്ന്‌ ആന്ധ്ര
ആന്ധ്രാപ്രദേശിൽ രോഗികളുടെ എണ്ണം കാൽലക്ഷം കടന്നു. 24 മണിക്കൂറിനിടെ 1,608 പേർക്കുകൂടി രോഗം ബാധിച്ചതോടെ ആകെ രോഗികൾ 25,422. 15പേർ കൂടി മരിച്ചതോടെ മരണസംഖ്യ 292.  പ്രതിദിന രോഗികളിലും മരണത്തിലും റെക്കോഡാണിത്‌.

● ബം​ഗാളില്‍ അതിതീവ്രം
പശ്ചിമ ബംഗാളിൽ ദിവസേനയുള്ള രോഗികളുടെ എണ്ണം തുടർച്ചയായി ആയിരത്തിനുമുകളിൽ. ആകെ രോഗികൾ 26500 കടന്നു, മരണം 870. ആകെ രോഗികളിൽ മൂന്നിലൊന്നും, മരണത്തിൽ പകുതിയിലേറെയും കൊൽക്കത്തയിലാണ്‌. സമീപ ജില്ലകളായ ഉത്തര–-ദക്ഷിണ 24 പർഗാനാസ്, ഹൗറ എന്നിവിടങ്ങളിലും രോഗവ്യാപനം തീവ്രമാണ്‌. 20 ജില്ലകളിലായി 434 ക്വാറന്റൈൻ മേഖല പ്രഖ്യാപിച്ചു. കൊൽക്കത്തയിലെ 26 വാർഡുകളുൾപ്പെടെ ഒരാഴ്ചത്തേക്ക് അടച്ചിടും.

●യെദ്യൂരപ്പ നിരീക്ഷണത്തിൽ
കർണാടക മുഖ്യമന്ത്രി ബി എസ്‌ യെദ്യൂരപ്പ സ്വയം നിരീക്ഷണത്തിൽ. ജീവനക്കാരിൽ ഒരാൾക്ക്‌ കോവിഡ്‌ ബാധിച്ചതിനെ തുടർന്നാണ്‌ നടപടി.

● നാഗ്‌പുർ ജയിലിൽ 132 പേർക്ക്‌
  മഹാരാഷ്ട്രയിലെ നാഗ്‌പുർ സെന്റൽ ജയിലിൽ 132 തടവുകാർക്കുകൂടി കോവിഡ്‌ സ്ഥിരീകരിച്ചു. ആന്റിജൻ പരിശോധനയിലാണ്‌ രോഗം കണ്ടെത്തിയത്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top