16 January Saturday

ഡൽഹിയിൽ രോഗികൾ കുതിച്ചുയരുന്നു‌ ;അടിയന്തരയോഗം ചേർന്നു

വെബ് ഡെസ്‌ക്‌Updated: Monday Nov 16, 2020


ന്യൂഡൽഹി
ഡൽഹിയിൽ കോവിഡ്‌ ബാധിതർ കുതിച്ചുയരുന്ന സാഹചര്യത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ ഷാ അടിയന്തരയോഗം വിളിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ്‌വർധൻ, ലെഫ്‌റ്റനന്റ്‌ ഗവർണർ അനിൽ ബെയ്‌ജാൾ, മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാൾ, ആരോഗ്യ മന്ത്രി സത്യേന്ദർ ജെയിൻ, വകുപ്പ്‌ ഉദ്യോഗസ്ഥർ തുടങ്ങിയവർ  പങ്കെടുത്തു.

ദീപാവലി ആഘോഷങ്ങളും അതിരൂക്ഷമായ വായുമലിനീകരണവും കാരണം ഡൽഹിയിൽ നവംബർ അവസാനവും ഡിസംബർ ആദ്യവും രോഗികൾ വർധിക്കുമെന്ന്‌ ആരോഗ്യവിദഗ്‌ധരുടെ മുന്നറിയിപ്പുണ്ട്‌. പ്രതിദിനം 15,000 രോഗികൾവരെ ഉണ്ടാകുമെന്നാണ്‌  വിലയിരുത്തൽ. ഈ സാഹചര്യത്തിൽ സർക്കാർ ആശുപത്രികളിൽ കിടക്കയുടെ എണ്ണവും തീവ്രപരിചരണവിഭാഗത്തിലെ സൗകര്യങ്ങളും വർധിപ്പിക്കണമെന്ന്‌  കെജ്‌രിവാൾ ആവശ്യപ്പെട്ടു.

ശനിയാഴ്‌ച 7340 പുതിയ രോഗികളാണ്‌‌ ഡൽഹിയിൽ‌. 96 പേർക്ക്‌ ജീവൻ നഷ്ടമായി.രോഗികൾ വർധിക്കുമ്പോഴും നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തുന്ന  സർക്കാരിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു.

ശ്വാസംമുട്ടി തലസ്ഥാനം
വിലക്ക്‌ മറികടന്ന്‌ ആളുകൾ ദീപാവലി ആഘോഷമാക്കിയതോടെ ശ്വാസംമുട്ടി ഡൽഹി. ഡൽഹിയിലും ദേശീയ തലസ്ഥാനമേഖലയിലും  നിയന്ത്രണം കണക്കിലെടുക്കാതെ ശനിയാഴ്‌ച രാത്രിയും ഞായറാഴ്‌ച രാവിലെയും പടക്കങ്ങൾ പൊട്ടിച്ചതാണ്‌ വായുനിലവാരം മോശമാക്കിയത്‌.

ഇതോടെ വായുവിലെ മാലിന്യപദാർഥങ്ങളുടെ അളവ്‌ സുരക്ഷിത പരിധിയേക്കാൾ എട്ട്‌ മടങ്ങ്‌ ഉയർന്നു.
ഡൽഹിയിലെ വായുനിലവാരം നേരത്തെ ‘വളരെ മോശം’ വിഭാഗത്തിലായിരുന്നു. ഞായറാഴ്‌ച രാവിലെ വായുനിലവാര സൂചിക 400ന്‌  മുകളിലായി‌ ‘മാരകം’ എന്ന വിഭാഗത്തിൽ എത്തി‌. ഡൽഹിക്ക്‌ അടുത്തുള്ള ഗുരുഗ്രാമിലും നോയിഡയിലും സമാനമാണ്‌ അവസ്ഥ‌.

തണുപ്പ്‌ കൂടുതലുള്ള സാഹചര്യത്തിൽ വായുനിലവാരം മോശമാകുന്നത്‌ കോവിഡ്‌ കൂടുതൽ രൂക്ഷമാക്കുമെന്ന്‌ ആരോഗ്യ വിദഗ്‌ധർ മുന്നറിയിപ്പ്‌ നൽകിയിരുന്നു. മൂടൽമഞ്ഞ്‌ ഉള്ളതിനാൽ കാഴ്‌ചയ്‌ക്കും ബുദ്ധിമുട്ടുണ്ട്‌. ചെറിയ മഴ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അതോടെ സാഹചര്യം മെച്ചപ്പെടുമെന്നുമാണ്‌ കാലാവസ്ഥാവിഭാഗത്തിന്റെയും മലിനീകരണ നിയന്ത്രണ ബോർഡിന്റെയും കണക്കുകൂട്ടൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top