26 May Tuesday

മരണമേറി, രോ​ഗികളും; പ്രതിരോധ നടപടി കർക്കശമാക്കി സംസ്ഥാനങ്ങൾ

വെബ് ഡെസ്‌ക്‌Updated: Thursday Apr 9, 2020

ന്യൂഡൽഹി > രാജ്യത്ത്‌ കോവിഡ്‌ മരണവും രോഗികളുടെ എണ്ണവും ഏറുന്നു. 24 മണിക്കൂറില്‍ 773 പുതിയ രോഗികളും 35 മരണവും  റിപ്പോർട്ട്‌ ചെയ്‌തു. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ആകെ രോഗികൾ 5274. മരണം 149. എന്നാൽ, വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള റിപ്പോർട്ടുപ്രകാരം രോ​ഗികള്‍ 5689 ആയി. മരണം  181ഉം.  പരിശോധന 1,21,271 ലേക്ക്‌ ഉയർന്നതായി ഐസിഎംആർ അറിയിച്ചു. ചൊവ്വാഴ്‌ചവരെ 1,14,015 ആയിരുന്നു. ഒരു ദിവസം കൊണ്ടുള്ള വർധന 7256 മാത്രം. എന്നാൽ രോ​ഗ പരിശോധനകൾക്ക്‌ പ്രതീക്ഷിച്ച വേഗം  കൈവരിക്കാനായിട്ടില്ല.

ബുധനാഴ്‌ച മഹാരാഷ്ട്രയിൽ ഒമ്പതും മധ്യപ്രദേശ്‌, കർണാടക എന്നിവിടങ്ങളിൽ ഓരോരുത്തരും മരിച്ചു. 117 പുതിയ സ്ഥിരീകരണം വന്നതോടെ മഹാരാഷ്ട്രയിൽ രോ​ഗികള്‍ 1135 ആയി,  മരണം 72 ഉം. മുംബൈയിൽ മാത്രം രോഗികൾ 696. മഹരാഷ്‌ട്രയിൽ ബുധനാഴ്‌ചയുണ്ടായ മരണങ്ങളിൽ എട്ടും പുണെയിലാണ്‌.  പുണെയിൽ സമൂഹ വ്യാപനം ഭയക്കുന്നതായി കോർപറേഷൻ അധികൃതർ അറിയിച്ചു.

മൂന്നാഴ്ചത്തെ അടച്ചിടൽ തീരാന്‍ ആറുദിനം മാത്രം ശേഷിക്കെ പല സംസ്ഥാനങ്ങളും പ്രതിരോധ നടപടി കർക്കശമാക്കി. യുപിയിൽ പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയടക്കം 15 ജില്ലയില്‍ 15 വരെ പൂർണ അടച്ചിടൽ പ്രഖ്യാപിച്ചു. അഞ്ചിലധികം ഹോട്ട്‌സ്‌പോട്ടുകൾ റിപ്പോർട്ടുചെയ്യപ്പെട്ട ജില്ലകളിലാണ്‌ സമ്പൂർണ അടച്ചിടൽ. മധ്യപ്രദേശിൽ എസ്‌മ പ്രഖ്യാപിച്ചു.  മുംബൈ, പുണെ നഗരങ്ങളിൽ  മാസ്‌ക്‌ ധരിക്കാതെ പുറത്തിറങ്ങുന്നവരെ അറസ്‌റ്റുചെയ്യാന്‍ നിര്‍ദേശിച്ചു. ഡൽഹിയിലും മാസ്‌ക്‌ നിർബന്ധമാക്കി.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top