31 March Tuesday

ദിവസക്കൂലിക്കാരുടെ കൂട്ടപ്പലായനം

സ്വന്തം ലേഖകൻUpdated: Friday Mar 27, 2020

ന്യൂഡൽഹി
പ്രധാനമന്ത്രി മൂന്നാഴ്‌ച അപ്രതീക്ഷിത അടച്ചിടൽ  പ്രഖ്യാപിച്ചതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആയിരക്കണക്കിന്‌ ദിവസക്കൂലിക്കാരും തൊഴിലാളികളും ഗ്രാമങ്ങളിലേക്കുള്ള കാൽനടയാത്രയില്‍. ചെറിയ കുട്ടികളടക്കം കുടുംബസമേതമാണ്‌ പലരുടെയും യാത്ര. വരുമാനം മുട്ടിയതോടെ ഏതുവിധേനയും നാടുപിടിക്കാനാണ്‌ ശ്രമം. പലർക്കും സ്വന്തം ഗ്രാമത്തിലെത്താൻ മൂന്നും നാലും ദിവസത്തെ നടപ്പ്‌ വേണ്ടിവരും.

അന്തർസംസ്ഥാന ​ഗതാ​ഗതം നിലച്ചതാണ്‌ ചെറിയ ജോലികളെടുത്ത്‌ ജീവിച്ചവരെ വലച്ചത്‌. ഡൽഹി, മുംബൈ തുടങ്ങിയ വൻ നഗരങ്ങളിലെ ബസ്‌സ്റ്റാൻഡുകളില്‍ ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഗ്രാമങ്ങളിലേക്ക് പോകാന്‍ വന്‍ തിരക്ക്‌ അനുഭവപ്പെട്ടു. ഭൂരിപക്ഷത്തിനും വാഹനം കിട്ടിയില്ല. ബുധനാഴ്‌ചമുതൽ റോഡിൽ നിൽക്കുന്നവരെ അടിച്ചോടിക്കാന്‍ തുടങ്ങിയതോടെയാണ് മിക്കവരും കാൽനടയായി മടങ്ങാൻ തീരുമാനിച്ചത്‌. ഡൽഹിയിൽനിന്ന്‌ ആഗ്രയിലേക്കും ലഖ്‌നൗവിലേക്കുമുള്ള ഹൈവേകളിൽ കടുത്ത വെയിലിനെ അവഗണിച്ച്‌ നൂറുകണക്കിനാളുകളാണ്‌ നടന്നുനീങ്ങുന്നത്‌. പലരും ദിവസങ്ങളായി പട്ടിണിയില്‍. യുപിയിലെയും ബിഹാറിലെയും പ്രധാന റോഡുകളിലെല്ലാം ഗ്രാമങ്ങളിലേക്ക്‌ കാൽനടയായി നീങ്ങുന്നവരുടെ  തിരക്കുണ്ട്.

മഹാരാഷ്ട്രയിൽ മഹേന്ദ്ര ഷെൽക്കെ എന്ന തൊഴിലാളി നാഗ്‌പുരിൽനിന്ന്‌ 140 കിലോമീറ്റർ കാൽനടയായി സഞ്ചരിച്ച്‌ വീട്ടിലെത്തി. രണ്ടുദിവസം വെള്ളംമാത്രം കുടിച്ചാണ്‌ വിശപ്പടക്കിയത്. ഡൽഹിയിലെ ആൻഡ്രൂസ്‌ ഗഞ്ചിൽ പൂരിയും കറിയും വിറ്റിരുന്ന ശാന്തിപാൽ യുപിയിലെ ബദൗനിലുള്ള വീട്ടിലേക്ക്‌ ബുധനാഴ്‌ച നടന്നുതുടങ്ങിയതാണ്‌. വെള്ളിയാഴ്‌ചയോടെ വീട്ടിലെത്താനാണ്‌ ശ്രമം, ഒന്നും കഴിച്ചിട്ടില്ലെന്നും ശാന്തിപാൽ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top