03 August Monday

വേറിട്ട്‌ കേരളം മാത്രം: ദക്ഷിണേന്ത്യയിൽ രോഗം കുതിക്കുന്നു

സ്വന്തം ലേഖകൻUpdated: Sunday Jul 5, 2020

ന്യൂഡൽഹി
രാജ്യത്തെ കോവിഡ്‌ ബാധിതരുടെ എണ്ണം കുതിക്കുന്നതിനിടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ രോഗവ്യാപനം രൂക്ഷം. തമിഴ്‌നാട്‌, കർണാടക, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിൽ രോഗികൾ വൻതോതിലാണ്‌ വർധിക്കുന്നത്‌. രോഗികളുടെ എണ്ണത്തിൽ വ്യത്യസ്തമായ നിലയുള്ള ദക്ഷിണേന്ത്യയിലെ ഏക സംസ്ഥാനം കേരളമാണ്‌. കേരളത്തിൽ ഒരാഴ്‌ചയ്‌ക്കിടെ ആയിരത്തിലധികം രോഗികൾ മാത്രമാണ്‌ റിപ്പോർട്ടുചെയ്‌തത്‌. 

കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച്  ഇത്‌ ഉയർന്ന നിരക്കാണ്‌. ഒരാഴ്‌ചയ്‌ക്കിടെ തമിഴ്‌നാട്ടിൽ 28,000 രോഗികളുണ്ടായതോടെ ആകെ രോഗികൾ ലക്ഷം കടന്നു.  കർണാടകത്തിലും തെലങ്കാനയിലും ഒരാഴ്‌ചയ്‌ക്കിടെ എണ്ണായിരം രോഗികൾ വീതമാണ്‌. ഈ കാലയളവിൽ ആന്ധ്രയിൽ 5500 പേർക്ക്‌ ‌ രോഗം സ്ഥിരീകരിച്ചു‌‌. മരണവും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഉയരുകയാണ്‌.

ആകെ രോഗികളിലും പ്രതിദിന രോഗികളിലും ഒന്നാമതുള്ള മഹാരാഷ്‌ട്രയിൽ വ്യാപനനിരക്ക്‌ കുറവാണ്‌.  ഒരാഴ്‌ചത്തെ ദേശീയ വളർച്ചാനിരക്ക്‌ 3.54 ശതമാനമായിരിക്കെ 3.40 ശതമാനമാണ്‌ മഹാരാഷ്‌ട്രയിൽ.  ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും രോഗികളിൽ കുറവില്ല. മുൻ ആഴ്‌ചകളെ അപേക്ഷിച്ച്‌ നില മെച്ചപ്പെട്ട ഡൽഹിയിൽ ദിനംപ്രതി 2000 രോഗികളാണുള്ളത്‌. 17,000 രോഗികളാണ്‌ കഴിഞ്ഞ ആഴ്‌ച‌. 

ഛത്തീസ്‌ഗഢിലും ഉത്തരാഖണ്ഡിലും രോഗികൾ 3000 കടന്നു. ജാർഖണ്ഡും ഈ നിലയിലേക്ക്‌ അടുത്തു. ഗോവ, ത്രിപുര, മണിപ്പുർ, ഹിമാചൽപ്രദേശ്‌, ലഡാക്ക്‌ എന്നിവിടങ്ങളിൽ രോഗികൾ ആയിരമായി. പുതുച്ചേരിയിൽ രോഗികൾ 824 ആയി. മേഘാലയ മാത്രമാണ്‌ രോഗികൾ 100 കടക്കാത്ത ഏക സംസ്ഥാനം.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top