25 May Monday

ആശങ്കയിൽ ഇറ്റലിയിലെ മലയാളികൾ നാട്ടിലേക്ക്‌ മടങ്ങാനാകുമോ...?

വെബ് ഡെസ്‌ക്‌Updated: Friday Mar 13, 2020

റോം
കേരളത്തിലേക്ക്‌ മടങ്ങാൻ കഴിയാതെ ഇറ്റലിയിലെ വീടുകളിലേക്ക്‌ പോയ  മലയാളികൾ തിരിച്ചുവരാനാകുമോ എന്ന ആശങ്കയിലാണ്‌. കോവിഡ്‌ ഇല്ലെന്ന സാക്ഷ്യപത്രമില്ലാതെ ഇന്ത്യയിലേക്ക്‌ പ്രവേശനാനുമതി ലഭിക്കില്ലെന്നുറപ്പായതോടെ ബുധനാഴ്ച നാൽപ്പതംഗ സംഘം വീടുകളിലേക്ക്‌ മടങ്ങിയിരുന്നു. 
“ഇന്ത്യയിൽ നിന്നുള്ള ആരോഗ്യപ്രവർത്തകർ ഇറ്റലിയിൽ എത്തിയിരുന്നു. വെള്ളിയാഴ്ച മറ്റൊരു സംഘം കൂടിയെത്തും.

കോവിഡ്‌ പരിശോധനയ്ക്കുള്ള സാമ്പിൾ ശേഖരിച്ച്‌ ഇവർ മടങ്ങും. ഫലം വന്നശേഷം രോഗമില്ലാത്തവരെ നാട്ടിലെത്തിക്കാനുള്ള സൗകര്യം ഒരുക്കുമെന്നാണ്‌ വിവരം. ഇതിൽ ഇറ്റലിയിൽ പഠിക്കുന്ന വിദ്യാർഥികൾക്കായിരിക്കും മുൻഗണന. അവരെ ആദ്യം ഇന്ത്യയിലെത്തിക്കും ‘–- റോമിലെ സാപിയെൻസ സർവകലാശാല പ്രൊഫസറും ലോക കേരളസഭ അംഗവുമായ ഡോ. ജോസ്‌ വട്ടക്കോട്ടയിൽ ഫിലിപ് “ദേശാഭിമാനി’യോട്‌ പറഞ്ഞു.
നിലവിൽ യൂറോപ്പിൽനിന്ന്‌ അമേരിക്കയിലേക്കുള്ള എല്ലാ വിമാന സർവീസുകളും യുഎസ്‌ പ്രസിഡന്റ്‌  ഡോണൾഡ്‌ ട്രംപ്‌ നിർത്തിവച്ചിട്ടുണ്ട്‌. ബ്രിട്ടനെമാത്രം ഒഴിവാക്കി.

ഇപ്പോഴും ഇറ്റലിയിൽ പൂർണ സഞ്ചാര സ്വാതന്ത്ര്യമില്ല. ഈ മാസം 25 വരെ ഈ സ്ഥിതി തുടരും. ഫാർമസി, സൂപ്പർ മാർക്കറ്റുകൾ തുടങ്ങിയവ മാത്രമാണ്‌ നഗരങ്ങളിൽ തുറന്നിട്ടുള്ളത്‌. ഇറ്റലിയിലെ ഇന്ത്യൻ എംബസി വിസ സേവനങ്ങൾ നിർത്തിവച്ചിരിക്കുകയാണ്‌. അടിയന്തര ഘട്ടം വന്നാൽമാത്രം എംബസി സേവനങ്ങൾ ലഭ്യമാക്കുമെന്നാണ്‌ വിവരം.  ഇന്ത്യയിലേക്ക്‌ വരാനാകാതെ 40 പേരാണ്‌ റോമിലെ ഫ്യൂമിചീനോ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ കുടുങ്ങിയത്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top