22 September Tuesday
ഡൽഹിയിൽ പരിശോധനകുറച്ചു, രോ​ഗികള്‍ കുറഞ്ഞു

ഒറ്റദിവസം 1007 മരണം; തമിഴകത്ത് കോവിഡ്ബാധിതര്‍ 3 ലക്ഷം കടന്നു

എം പ്രശാന്ത‌്Updated: Tuesday Aug 11, 2020


ന്യൂഡൽഹി
രാജ്യത്ത്‌ കോവിഡ്‌ ബാധിച്ച്‌  മരിക്കുന്നവരുടെ എണ്ണം ഒരുദിവസം ആയിരം കടന്നു. കേന്ദ്ര സർക്കാർ കണക്കനുസരിച്ച്‌ 24 മണിക്കൂറിൽ 1007 മരണം. രോ​ഗികള്‍ 62,064. ഞായറാഴ്‌ച ഏറ്റവും കൂടുതല്‍ രോ​ഗികളും മരണവും ഇന്ത്യയിലാണ്‌. ഞായറാഴ്‌ച അമേരിക്കയില്‍ രോ​ഗികള്‍ 47849 ആയി കുറഞ്ഞു. മരണം 534. ബ്രസീലിൽ 22213 രോ​ഗികളും 593 മരണവും.

രോഗസ്ഥിരീകരണ നിരക്ക്‌ 13 ശതമാനമായി ഉയര്‍ന്നു. 24 മണിക്കൂറില്‍ 4.77 ലക്ഷം പരിശോധന. ഇതിൽ 62,000 രോ​ഗികള്‍. ഓരോ എട്ട്‌ പരിശോധനയിലും ഒരുരോ​ഗിവീതം. 24 മണിക്കൂറിൽ 54,859 രോഗമുക്തര്‍. ആകെ രോഗമുക്തര്‍ 15 ലക്ഷത്തിലേറെ. ചികിത്സയില്‍ 6.35 ലക്ഷം പേർ‌. രോഗമുക്തി നിരക്ക്‌ 70 ശതമാനം. നിലവിലെ സജീവ കേസുകളിൽ 80 ശതമാനവും മഹാരാഷ്ട്ര, തമിഴ്‌നാട്‌, ആന്ധ്ര, കർണാടകം, യുപി, ബംഗാൾ, തെലങ്കാന, ബിഹാർ, അസം, ഒഡിഷ എന്നീ 10 സംസ്ഥാനങ്ങളില്‍‌. രാജ്യത്ത്‌ ഏറ്റവും കൂടുതൽ കോവിഡ്‌ മരണം മഹാരാഷ്ട്ര–- 17757, തമിഴ്‌നാട്‌–- 4927, ഡൽഹി–- 4111, കർണാടക–- 3198 എന്നീ സംസ്ഥാനങ്ങളിലാണ്‌.

തമിഴ്‌നാട്ടിൽ കോവിഡ്ബാധിതരുടെ എണ്ണം മൂന്നുലക്ഷം കടന്നു. മരണം അയ്യായിരത്തിലേറെ. തിങ്കളാഴ്‌ച 599--4 പേര്‍ക്ക് രോ​ഗം സ്ഥിരീകരിച്ചു, 114 മരണം. ഒരാഴ്‌ചയിലേറെയായി തമിഴ്നാട്ടില്‍ നൂറിലേറെയാണ്‌ മരണം. രണ്ടാഴ്‌ചയിലേറെയായി ദിവസവും അയ്യായിരത്തിലേറെ രോ​ഗികള്‍.

തമിഴ്‌നാട്ടിൽ ജൂലൈ മൂന്നിനാണ്‌ ആദ്യ കോവിഡ്‌ കേസ്‌ സ്ഥിരീകരിച്ചത്‌. നാലുമാസത്തോളമെടുത്ത്‌ ജൂലൈ മൂന്നിനാണ്‌ രോ​ഗികൾ ഒരു ലക്ഷമെത്തിയത്‌. 22 ദിവസമെടുത്ത്‌ ജൂലൈ 25ന്‌ രണ്ടുലക്ഷമെത്തി. രണ്ടു ലക്ഷത്തിൽനിന്ന്‌ മൂന്ന്‌ ലക്ഷത്തിലെത്തിയത് ‌16 ദിവസം മാത്രമെടുത്ത്. മാർച്ച്‌ 29നാണ്‌ തമിഴ്‌നാട്ടിൽ ആദ്യ മരണം. മൂന്ന്‌ മാസമെടുത്ത്‌ ജൂൺ 27ന്‌ മരണം ആയിരം കടന്നു. ആഗസ്‌ത്‌ ഒന്നിന്‌ മരണം നാലായിരം കടന്നു. തുടർന്ന്‌, ഒമ്പത്‌ ദിവസംകൊണ്ട്‌ മരണം അയ്യായിരമെത്തി.

പരിശോധനകുറച്ചു, രോ​ഗികള്‍ കുറഞ്ഞു
ഡൽഹിയിൽ പരിശോധന പകുതിയോളം കുറഞ്ഞതോടെ രോ​ഗികൾ വീണ്ടും ആയിരത്തിന്‌ താഴെയെത്തി. തിങ്കളാഴ്ച 707 രോ​ഗികള്‍മാത്രം. എന്നാൽ, പരിശോധനയ്‌ക്ക്‌ അയച്ചത്‌ 12323 സാമ്പിൾമാത്രം‌. ഞായറാഴ്‌ച 1300 രോ​ഗികളാണ്‌ ഡൽഹിയിൽ സ്ഥിരീകരിച്ചത്‌. 23787 സാമ്പിൾ പരിശോധനയ്‌ക്ക്‌ അയച്ചപ്പോഴാണ്‌ ഇത്രയധികം പോസിറ്റീവ്‌ ഫലം ലഭിച്ചത്‌. തുടർച്ചയായി അഞ്ച്‌ ദിവസം ഡൽഹിയിൽ ആയിരത്തിലേറെ രോ​ഗികളെ സ്ഥിരീകരിച്ചിരുന്നു. രോ​ഗികള്‍ കുറഞ്ഞെങ്കിലും ഡൽഹിയിൽ മരണത്തിൽ കുറവില്ല. തിങ്കളാഴ്‌ച 20 കോവിഡ്‌ മരണംകൂടി. ആകെ മരണം 4131. മഹാരാഷ്ട്രയും തമിഴ്‌നാടും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കോവിഡ്‌ മരണം ഡൽഹിയിലാണ്‌.

56 തടവുകാര്‍ക്ക്‌ കോവിഡ്‌
യുപിയിലെ ബറെയ്‌ലിയിൽ 56 തടവുകാര്‍ക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം തടവുകാരൻ കോവിഡ്‌ ബാധിച്ച്‌ മരിച്ചിരുന്നു. തുടർന്ന്‌, നടത്തിയ പരിശോധനയിലാണ്‌ ഇത്രയധികം പോസിറ്റീവ്‌ കേസുകൾ. കോവിഡ്‌ നെഗറ്റീവായതോടെ കർണാടക മുഖ്യമന്ത്രി യെദ്യൂരപ്പ ആശുപത്രി വിട്ടു. ആഭ്യന്തരമന്ത്രി അമിത്‌ ഷാ, മധ്യപ്രദേശ്‌ മുഖ്യമന്ത്രി ശിവ്‌രാജ്‌ സിങ്‌ ചൗഹാൻ എന്നിവർ ചികിൽസയിൽ തുടരുന്നു‌. പപ്പടം കഴിച്ചാൽ കോവിഡ്‌ വരില്ലെന്ന്‌ പറഞ്ഞ കേന്ദ്ര മന്ത്രി അർജ്ജുൻ മെഗ്‌വാളും ചികിൽസയിൽ തുടരുകയാണ്‌. പുതുച്ചേരി കൃഷി മന്ത്രി ആർ കമലകണ്ണനും സ്ഥിരീകരിച്ചു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top