18 February Monday

ബിഹാർ: കോൺഗ്രസിന‌് വഴങ്ങാതെ ആർജെഡി

വെബ് ഡെസ്‌ക്‌Updated: Tuesday Jan 22, 2019

പട‌്ന > ലോക‌്സഭ തെരഞ്ഞെടുപ്പിൽ  കോൺഗ്രസ‌് കൂടുതൽ സീറ്റ‌്  ആവശ്യപ്പെട്ടതോടെ  ബിഹാറിൽ മഹാസഖ്യത്തിൽ  പ്രതിസന്ധി. സംസ്ഥാനത്ത‌് 40ൽ 20 സീറ്റാണ‌് കോൺഗ്രസ‌് ആവശ്യപ്പെടുന്നത‌്.   2014ൽ ആർജെഡി 27ലും കോൺഗ്രസ‌് 12 സീറ്റിലുമാണ‌് മത്സരിച്ചത‌്. എന്നാൽ കോൺഗ്രസിന‌് 10ൽ കൂടുതൽ സീറ്റ‌്  നൽകില്ലെന്ന ഉറച്ച നിലപാടിലാണ‌്  സഖ്യത്തിന‌് നേതൃത്വം നൽകുന്ന  ലാലു പ്രസാദ‌് യാദവ‌്.   ഉപേന്ദ്ര കുശ‌്‌വാഹ, ജിതൻറാം മാഞ്ചി, മുകേഷ‌് സാഹ്നി എന്നിവർ  സഖ്യത്തിൽ ചേർന്നതോടെയാണ‌് സീറ്റുവിഭജനം കീറാമുട്ടിയായത‌്. കോൺഗ്രസും ആർജെഡിയും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുണ്ടാക്കുന്ന സാഹചര്യമാണ‌് നിലവിൽ.  കോൺഗ്രസ‌് വാശി പിടിച്ചാൽ യുപി മോഡൽ സഖ്യത്തിന‌് നേതൃത്വം  നൽകാനും മടിക്കില്ലെന്ന‌് ആർജെഡി നേതാക്കൾ പരോക്ഷമായി സൂചിപ്പിച്ചിട്ടുണ്ട‌്.  പ്രാദേശിക  പാർടികളുടെ ശക്തികൂടി കണക്കിലെടുക്കണമെന്നാണ‌് ആർജെഡി ആവശ്യപ്പെടുന്നത‌്. 
 
യുപിയിലെ എസ‌്പി–-ബിഎസ‌്പി സഖ്യത്തെ തേജസ്വി യാദവ‌്   സ്വാഗതം ചെയ‌്തതും   മായാവതി, അഖിലേഷ‌് എന്നിവരുമായി  ചർച്ച നടത്തുന്നതിലും  കോൺഗ്രസിന‌് എതിർപ്പുണ്ട‌്.   തക്കം കിട്ടുമ്പോഴെല്ലാം കോൺഗ്രസിനെ ആക്രമിക്കുന്ന മായാവതി, അഖിലേഷ‌് എന്നിവരുമായി  തേജസ്വി യാദവ‌്  കൂടിക്കാഴ‌്ച നടത്തുന്നത‌്  ബിഹാറിൽ  തിരിച്ചടിയാകുമെന്ന‌്  കോൺഗ്രസ‌് ആശങ്കപ്പെടുന്നു. അതേസമയം ബിഹാറിലെ ഉന്നതജാതിയിൽപെട്ട നേതാക്കൾ കോൺഗ്രസിൽ ചേരുന്നതാണ‌് ആർജെഡിയെ അലട്ടുന്നത‌്.  ഫെബ്രുവരി മൂന്നിന‌് പട‌്നയിൽ രാഹുൽ ഗാന്ധി നയിക്കുന്ന റാലിയിൽ മുൻ ബിജെപി എംപി ഉദയ‌് സിങ് കോൺഗ്രസിൽ ചേരുന്നത‌് സംബന്ധിച്ച‌് പ്രഖ്യാപനമുണ്ടാകും. ബിജെപി എംപിമാരായ കീർത്തി ആസാദ‌്, ശത്രുഘ‌്നൻ സിൻഹ, ജെഡിയു നേതാവ‌്   ആനന്ദ‌് സിങ‌് തുടങ്ങിയവരും  കോൺഗ്രസിൽ ചേർന്നേക്കും.  മുന്നോക്ക ജാതിക്കാരായ നേതാക്കൾക്കുവേണ്ടി കോൺഗ്രസ‌്  കൂടുതൽ സീറ്റ‌് ആവശ്യപ്പെടുന്നത‌് ആർജെഡി സഖ്യത്തിലെ സാമുദായിക സന്തുലിതാവസ്ഥ തകിടം മറിക്കുമോ എന്ന ആശങ്കയുമുണ്ട‌്. ആർജെഡി വർഷങ്ങളായി തുടരുന്ന  സംവരണത്തിലുള്ള  നിലപാടിന‌് വിരുദ്ധവുമാകും ഇത‌്.

 കരകഠ‌്, ഉജിയർപൂർ,  സിതാമർഹി, ഗോപാൽഗഞ്ച‌് എന്ന‌ീ നാലു സീറ്റുകൾ ഉപേന്ദ്ര കുശ‌്‌വാഹയുടെ രാഷ്ട്രീയ ലോകസംതാ പാർടിക്ക‌് ആർജെഡി നേരത്തെ വാഗ്ദാനം ചെയ‌്തിരുന്നു. എന്നാൽ  ഗോപാൽഗഞ്ച‌് ബിഎസ‌്പിക്ക‌് നൽകി  മായാവതിയെ കൂടെ നിർത്താനാണ‌് ആർജെഡി തന്ത്രം മെനയുന്നത‌്.  ഇതിൽ ആർഎൽഎസ‌്പിക്കും എതിർപ്പുണ്ട‌്. ശരത‌് യാദവും കൂടുതൽ സീറ്റ‌് ആവശ്യപ്പെടുകയാണ‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top