27 June Thursday

വർഗീയതയ‌്ക്കെതിരായ സഖ്യത്തിന്റെ ഗൗരവം ചോർത്തി കോൺഗ്രസ‌്; കർണാടകത്തിൽ ബിജെപിക്ക‌് വൻ വിജയം

വെബ് ഡെസ്‌ക്‌Updated: Thursday May 23, 2019

ബംഗളൂരു> വർഗീയതയ‌്ക്കെതിരായ രാഷ്ട്രീയ സഖ്യത്തിന്റെ ഗൗരവം ചോർത്തിയ കോൺഗ്രസ‌്, കർണാടകത്തിൽ ബിജെപിക്ക‌് സമ്മാനിച്ചത‌് വൻ വിജയം. സ്വന്തം സഖ്യത്തിനെതിരെ പ്രചാരണം നടത്താൻപോലും മടിക്കാത്ത കോൺഗ്രസിന്റെ മുൻനിര നേതാക്കൾ ദയനീയമായി തോൽക്കുന്ന കാഴ‌്ചയാണ‌് കർണാടകം കണ്ടത‌്. സ്വന്തം സ്ഥാനാർഥികൾക്കൊപ്പം സഖ്യകക്ഷിയായ ജെഡിഎസിന്റെ മുൻനിര നേതാക്കളുടെ തോൽവി ഉറപ്പാക്കാനും കോൺഗ്രസ‌് നിലപാട‌് സഹായിച്ചു.

മുൻ പ്രധാനമന്ത്രിയും ജെഡിഎസ‌് നേതാവുമായ എച്ച‌് ഡി ദേവഗൗഡ, സിനിമാതാരവും പേരക്കുട്ടിയുമായ നിഖിൽ ഗൗഡ, കോൺഗ്രസിന്റെ മുതിർന്ന നേതാക്കളായ മുൻ കേന്ദ്രമന്ത്രി എം വീരപ്പമൊയ‌്‌ലി, ലോക‌്സഭാ പ്രതിപക്ഷനേതാവായി പ്രവർത്തിച്ച മല്ലികാർജുൻ ഖാർഗെ തുടങ്ങിയവരെല്ലാം കർണാടകത്തിൽ പരാജയപ്പെട്ടു. ബിജെപി സ്വതന്ത്രയായി മത്സരിച്ച ചലച്ചിത്രതാരം സുമലതയെ പിന്തുണയ‌്ക്കുന്നതിന‌് കോൺഗ്രസിന‌് അറപ്പുണ്ടായില്ല.

ദേവഗൗഡയുടെ പേരക്കുട്ടിയും മുഖ്യമന്ത്രി എച്ച‌് ഡി കുമാര സ്വാമിയുടെ മകനുമായ നിഖിൽ ഗൗഡയാണ‌് ഇവിടെ പരാജയപ്പെട്ടത‌്. ബിജെപിയെ അധികാരത്തിൽനിന്ന‌് മാറ്റിനിർത്തുന്നതിനുള്ള നീക്കങ്ങളുടെ ഭാഗമായി രൂപംകൊണ്ട സഖ്യ സർക്കാർ ഒരു വർഷം പൂർത്തിയാക്കുന്ന വേളയിലാണ‌് കനത്ത പരാജയം ഏറ്റുവാങ്ങേണ്ടിവരുന്നത‌്. ഈ അവസരം ഉപയോഗിച്ച‌് മുഖ്യമന്ത്രിപദം കൈക്കലാക്കാനുള്ള തന്ത്രമാണ‌് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ ഒരുവിഭാഗം കോൺഗ്രസ‌് നേതാക്കൾ പയറ്റുന്നത‌്.


പ്രധാന വാർത്തകൾ
 Top