27 February Thursday

പൗരത്വ ഭേദഗതിക്കെതിരായ പോരാട്ടം രാജ്യതാൽപ്പര്യം മാത്രം; ഇന്ത്യയെ സംരക്ഷിക്കാനുള്ള പോരാട്ടത്തിലെ നിര്‍ണായക ഘട്ടം: യെച്ചൂരി

സ്വന്തം ലേഖകൻUpdated: Friday Jan 17, 2020

തിരുവനന്തപുരം> പൗരത്വ ഭേദഗതി നിയമത്തിനെതിരായ പോരാട്ടത്തിൽ രാജ്യതാൽപ്പര്യം മുൻനിർത്തി എല്ലാ രാഷ്‌ട്രീയകക്ഷികളും  ഒന്നിക്കണമെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.  പ്രദേശിക രാഷ്‌ട്രീയ താൽപ്പര്യങ്ങൾ മാറ്റിവെയ്‌ക്കണം.  വിവിധ കക്ഷികൾ സഹകരിക്കുന്നത്‌ രാഷ്‌ട്രീയ മുന്നണിയാകാനോ തെരഞ്ഞെടുപ്പ്‌ സഖ്യത്തിനോ അല്ലെന്നും അദ്ദേഹം  വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

മതനിരപേക്ഷ ഇന്ത്യയെ സംരക്ഷിക്കാനുള്ള പോരാട്ടത്തിലെ നിർണായക ഘട്ടമാണിത്‌. രാഷ്‌ട്രീയ ഭിന്നതകളുള്ളപ്പോഴും ദേശീയതലത്തിൽ കോൺഗ്രസും ഇടതുപക്ഷവുമടക്കം ഒരുമിച്ചുനിൽക്കുകയാണ്‌. കേരളത്തിൽ എൽഡിഎഫുമായി യോജിച്ച സമരത്തിനില്ലെന്ന കോൺഗ്രസ്‌ നിലപാട്‌ എന്തുകൊണ്ടാണെന്ന്‌ അവരോടാണ്‌ ചോദിക്കേണ്ടത്‌. ഇന്ത്യയുടെ അവസ്ഥ കൺതുറന്ന്‌ കാണണം. ഭരണഘടനയെയും റിപ്പബ്ലിക്കിനെയും സംരക്ഷിക്കാൻ വലിയ പോരാട്ടം നടക്കുകയാണ്‌.  തെരഞ്ഞെടുപ്പ്‌ നേട്ടത്തെക്കുറിച്ച്‌ മാത്രം ചിന്തിക്കുന്ന സങ്കുചിതരാഷ്‌ട്രീയം മാറ്റിവയ്‌ക്കേണ്ട സമയമാണിത്‌.

ഈ നിലപാടിന്റെ അടിസ്ഥാനത്തിലാണ്‌ ജനാധിപത്യകക്ഷികളും പ്രസ്ഥാനങ്ങളും ചേർന്ന്‌ ജനുവരിയിൽ മൂന്ന്‌ ദിനാചരണങ്ങൾ സംഘടിപ്പിക്കുന്നത്‌. 23ന്‌ നേതാജി സുഭാഷ്‌ചന്ദ്രബോസിന്റെ ജന്മദിനവും 26ന്‌ റിപ്പബ്ലിക്‌ ദിനവും 30ന്‌ ഗാന്ധിജിയുടെ രക്തസാക്ഷിദിനവും വിപുലമായി ആചരിക്കും. ഇത്‌ ഏതെങ്കിലുമൊരു പാർടിയുടെ ആഹ്വാനമല്ല. ആരും ആരെയും ക്ഷണിക്കുന്നതുമല്ല. ഭരണഘടന നിലനിൽക്കണമെന്ന്‌ ആഗ്രഹിക്കുന്ന എല്ലാവർക്കും മറ്റ്‌  വിയോജിപ്പുകൾ മാറ്റിവച്ച്‌ ഒത്തുചേരാം.   പൗരത്വ ഭേദഗതി നിയമത്തെ എതിർക്കുന്ന ആർക്കും ഈ പരിപാടികളിൽ പങ്കെടുക്കാം.

രാജ്യത്ത്‌ നടക്കുന്ന പ്രക്ഷോഭങ്ങളെ പൊലീസിനെ ഉപയോഗിച്ച്‌ അടിച്ചമർത്തുകയാണ്‌.  ജാമിയ മിലിയ ക്യാമ്പസിൽ വിസിയുടെ അനുവാദമില്ലാതെയാണ്‌ പൊലീസ്‌ കയറിയത്‌. ജെഎൻയുവിൽ പൊലീസിന്റെ പിന്തുണയോടെയായിരുന്നു അതിക്രമം. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്‌ അതിക്രങ്ങളുണ്ടായത്‌. ഉത്തർപ്രദേശിൽ 21 ഉം അസമിൽ അഞ്ചും കർണാടകത്തിൽ രണ്ടും പ്രക്ഷോഭകർ കൊല്ലപ്പെട്ടു. പൊലീസ്‌ പൊതുമുതൽ നശിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. എന്നാൽ, ഇതിന്റെ പേരിൽ കേസെടുക്കുന്നത്‌ ഇരകളായ പ്രക്ഷോഭകർക്കെതിരെയാണ്‌.

സൈനികമേധാവി രാഷ്‌ട്രീയകാര്യങ്ങളിൽ അഭിപ്രായം പറയുന്നത്‌ ഭരണനേതൃത്വത്തിന്റെ ബലഹീനതയാണ്‌ വ്യക്തമാക്കുന്നതെന്നും യെച്ചൂരി പറഞ്ഞു.


പ്രധാന വാർത്തകൾ
 Top