17 January Friday

പൗരത്വ നിയമ ഭേദ​ഗതി: കോൺഗ്രസിനെ അവിശ്വസിച്ച് ലീ​ഗ്

സ്വന്തം ലേഖകൻUpdated: Thursday Dec 12, 2019

ന്യൂഡൽഹി >  പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയെ ഒറ്റയ്ക്ക് സമീപിക്കുകവഴി കോൺഗ്രസിന്റെ മതനിരപേക്ഷ നിലപാടില്‍ അവിശ്വാസം പ്രകടമാക്കി  മുസ്ലിംലീഗ്‌. ജമ്മു -കശ്‌മീർ, അയോധ്യ തുടങ്ങിയ വിഷയങ്ങളിൽ ബിജെപിക്ക്‌ അനുകൂല നിലപാട്‌ കോൺഗ്രസിൽ വലിയൊരു വിഭാഗം സ്വീകരിച്ചു. പൗരത്വ ഭേദഗതി നിയമ ബില്ലിന്റെ കാര്യത്തിലും കോൺഗ്രസിനുള്ളിൽ വ്യത്യസ്‌ത അഭിപ്രായങ്ങൾ ഉയർന്നു. കാലങ്ങളായി കോൺഗ്രസിന്റെ സഖ്യകക്ഷിയായ ലീഗ്‌ അണികൾക്കിടയിൽ നിലപാട്‌ വിശദമാക്കാൻ ബുദ്ധിമുട്ടി.

കശ്‌മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ നടപടിയെ ജ്യോതിരാദിത്യ സിന്ധ്യ, മിലിന്ദ്‌ ദിയോറ, ദീപേന്ദർ സിങ്‌ ഹൂഡ തുടങ്ങിയ കോണ്‍​ഗ്രസ് നേതാക്കള്‍ പരസ്യമായി  അനുകൂലിച്ചു. പി ചിദംബരവും കശ്‌മീരിൽനിന്നുള്ള മുതിർന്ന നേതാവായ ഗുലാംനബി ആസാദും  മറ്റും 370–-ാം വകുപ്പ്‌ റദ്ദാക്കിയതിനെതിരായി ശക്തമായി രംഗത്തുവന്നപ്പോൾ രാഹുൽ ഗാന്ധിയടക്കമുള്ളവര്‍ ശക്തമായ പ്രതികരണത്തിന്‌ മുതിർന്നില്ല. 370 റദ്ദാക്കിയതിനെയല്ല അത്‌ ചെയ്‌ത രീതിയെയാണ്‌ വിമർശിക്കുന്നതെന്ന തരത്തിലേക്ക്‌ കോൺഗ്രസ്‌ ഔദ്യോഗികമായി  നിലപാട്‌ മാറ്റി.

അയോധ്യയിൽ അമ്പലം പണിയണമെന്ന സംഘപരിവാർ നിലപാടും കോൺഗ്രസിലെ പല മുതിർന്ന നേതാക്കളും ആവർത്തിച്ചു. ഉത്തരാഖണ്ഡ്‌ മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ ഹരീഷ്‌ റാവത്തടക്കമുള്ളവര്‍   വിധി വരുന്നതിനുമുമ്പുതന്നെ ക്ഷേത്രനിര്‍മാണവാദമുയര്‍ത്തി. വയനാട്ടിൽ രാഹുൽ ഗാന്ധിയെ ജയിപ്പിക്കുന്നതിന്‌ അത്യധ്വാനം നടത്തിയ ലീഗ്‌ നേതൃത്വത്തെ വെട്ടിലാക്കുന്നതായിരുന്നു കശ്‌മീർ, അയോധ്യ വിഷയങ്ങളിലെ കോൺഗ്രസ്‌ നിലപാട്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top