29 February Saturday

പൗരത്വ ഭേദഗതി നിയമം: ദളിത്‌, ന്യൂനപക്ഷ വിരുദ്ധനയങ്ങളുടെ തുടർച്ച

വെബ് ഡെസ്‌ക്‌Updated: Friday Jan 17, 2020

ന്യൂഡൽഹി
പൗരത്വ ഭേദഗതി നിയമം ഭരണഘടനയുടെ അടിസ്ഥാനതത്വത്തിന്‌ വിരുദ്ധവും നരേന്ദ്ര മോഡി സർക്കാരിന്റെ ദളിത്‌, ന്യൂനപക്ഷ വിരുദ്ധ നയങ്ങളുടെ തുടർച്ചയുമാണെന്ന്‌ സാമൂഹ്യപ്രവർത്തകർ. എൻപിആറും എൻആർസിയും സംയുക്തമായി നടപ്പാക്കുന്നത്‌ തുല്യത ഇല്ലാതാക്കുമെന്ന്‌ ജെഎൻയു അധ്യാപക സോനഝാരിയ മിൻസ്‌ പറഞ്ഞു. അലയൻസ്‌ എഗൻസ്‌റ്റ്‌ സിഎഎ, എൻആർസി, എൻപിആറിന്റെ നേതൃത്വത്തിലുള്ള വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഇവർ. രേഖകളില്ലാത്തതിന്റെ പേരിൽ ദളിതുകളും ആദിവാസികളും  പൗരത്വ രജിസ്‌റ്ററിൽനിന്ന്‌ പുറത്താകും.

ദാരിദ്ര്യം, നിരക്ഷരത, ജോലിസാഹചര്യങ്ങൾ എന്നിവ കാരണം വലിയ വിഭാഗത്തിന്‌ താമസസ്ഥലം, വസ്‌തുവകകൾ എന്നിവയുടെ രേഖകൾ ഹാജരാക്കാനാകില്ല. രേഖകളിലെ അക്ഷരത്തെറ്റുകളുടെ പേരിൽ അസമിൽ നിരവധിപ്പേരാണ്‌ പൗരത്വ രജിസ്‌റ്ററിൽനിന്ന്‌ പുറത്തായത്‌. ഉദ്യോഗസ്ഥർ സംശയം ഉന്നയിച്ചാൽ തെളിയിക്കേണ്ട ബാധ്യത ഇവരുടെ തലയിലാകും. വോട്ടർപട്ടികയിൽനിന്ന്‌ വൻതോതിൽ ദളിതുകളെയും ആദിവാസികളെയും ഒഴിവാക്കുന്നുണ്ട്‌. അത്‌ ഔദ്യോഗികമായി നടപ്പാക്കാനുള്ള ശ്രമമാണ്‌ എൻപിആർ എന്നും ഇവർ പറഞ്ഞു.

ദളിത്‌ അവകാശപ്രവർത്തകൻ അശോക്‌ ഭാരതി, ഡൽഹി സർവകലാശാല അധ്യാപകൻ എൻ സുകുമാർ, യുപിയിൽ പൊലീസ്‌വേട്ടയ്‌ക്ക്‌ ഇരയായ മുൻ ഐജിയും സാമൂഹ്യപ്രവർത്തകനുമായ എസ്‌ ആർ ധാരാപുരി തുടങ്ങിയവർ സംസാരിച്ചു.

വിവേചനത്തിന്റെ ഇരയായി മരിച്ച രോഹിത്‌ വെമുലയുടെ നാലാം ചരമവാർഷിക ദിനമായ വെള്ളിയാഴ്‌ച സാമൂഹ്യനീതി ദിനമായി ആചരിക്കും. ദളിത്‌, ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ തുറന്നുകാട്ടി രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന്‌ ഇവർ പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top