22 October Tuesday

ബലാത്സംഗക്കേസ്‌; ബിജെപി നേതാവ്‌ ചിന്മയാനന്ദ്‌ അറസ്റ്റിൽ

സ്വന്തം ലേഖകൻUpdated: Saturday Sep 21, 2019

ന്യൂഡൽഹി >  നിയമവിദ്യാർഥിനിയെ ബലാത്സംഗം ചെയ്‌ത കേസിൽ ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ചിന്മയാനന്ദിനെ ഉത്തർപ്രദേശ്‌ പൊലീസ്‌ പ്രത്യേക അന്വേഷകസംഘം (എസ്‌ഐടി) അറസ്റ്റ്‌ചെയ്‌തു. ഷാജഹാൻപുരിലെ വീട്ടിൽ നിന്ന്‌ അറസ്റ്റ്‌ചെയ്‌ത ചിന്മയാനന്ദിനെ വൈദ്യപരിശോധനയ്‌ക്ക്‌ ശേഷം കോടതിയിൽ ഹാജരാക്കി.

ചീഫ്‌ജുഡീഷ്യൽ മജിസ്‌ട്രേട്ട്‌ കോടതി  ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.  ചിന്മയാനന്ദിനെ ഷാജഹാൻപുർ ജയിലിലേക്ക് കൊണ്ടുപോയി. താൻ ചെയ്‌ത മോശം കാര്യങ്ങളിൽ ഖേദിക്കുന്നുവെന്ന്‌ ചിന്മയാനന്ദ്‌ സമ്മതിച്ചതായി അന്വേഷകസംഘത്തിലെ ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം, ചിന്മയാനന്ദിന്‌ ബലാത്സംഗക്കുറ്റം ചുമത്താത്ത പൊലീസ്‌ നടപടിയിൽ പ്രതിഷേധം ശക്തമായി. പരമാവധി അഞ്ച്‌ വർഷം തടവും പിഴയും ലഭിക്കുന്ന ദുർബലമായ വകുപ്പുകളാണ്‌ ചുമത്തിയതെന്ന്‌ നിയമവിദഗ്‌ധർ പ്രതികരിച്ചു.

ഷാജഹാൻപുരിൽ ചിന്മയാനന്ദ്‌ നടത്തിയിരുന്ന കോളേജിൽ രണ്ടാംവർഷ നിയമവിദ്യാർഥിനിയായിരുന്ന പെൺകുട്ടിയാണ്‌  ഗുരുതര ആരോപണങ്ങളുന്നയിച്ചത്‌. ഒരുവർഷത്തോളം ചിന്മയാനന്ദ്‌  ഭീഷണിപ്പെടുത്തിയും തടവിലാക്കിയും പീഡിപ്പിച്ചുവെന്ന്‌ സാമൂഹ്യമാധ്യമങ്ങളിലൂടെ വീഡിയോയിൽ പെൺകുട്ടി പുറത്തുവിടുകയായിരുന്നു. ഇതിന്‌ പിന്നാലെ പെൺകുട്ടിയെ കാണാതായി. ചിന്മയാനന്ദ്‌ തട്ടിക്കൊണ്ടുപോയതായി കുടുംബം ആരോപിച്ചു.

സ്വമേധയാ കേസെടുത്ത സുപ്രീംകോടതി പെൺകുട്ടിയെ ഉടൻ കോടതി മുമ്പാകെ ഹാജരാക്കണമെന്ന്‌ യുപി പൊലീസിനോട്‌ നിർദേശിച്ചു. രാജസ്ഥാനിലെ സുഹൃത്തിന്റെ വീട്ടിലായിരുന്ന പെൺകുട്ടിയെ കോടതിയിൽ എത്തിച്ചു. ചിന്മയാനന്ദിന്‌ എതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ എസ്‌ഐടിക്ക്‌ രൂപം കൊടുക്കാനും പെൺകുട്ടിക്കും കുടുംബത്തിനും സുരക്ഷ ഒരുക്കാനും സുപ്രീംകോടതി ഉത്തരവിട്ടു.


പ്രധാന വാർത്തകൾ
 Top