23 May Thursday

പരമോന്നത നീതിപീഠത്തെ പിടിച്ചുകുലുക്കിയ ശനിയാഴ‌്ച

സ്വന്തം ലേഖകൻUpdated: Sunday Apr 21, 2019

ന്യൂഡൽഹി> സുപ്രീംകോടതി ചീഫ‌്‌ ജസ‌്റ്റിസ‌് രഞ‌്ജൻ ഗൊഗോയ‌്ക്ക‌് എതിരെ കോടതിയിലെതന്നെ മുൻ ജീവനക്കാരി ലൈംഗികാതിക്രമപരാതി ഉന്നയിച്ചതായി ശനിയാഴ്ച രാവിലെ 9.30ന‌് ചില മാധ്യമങ്ങൾ റിപ്പോർട്ട‌് ചെയ‌്തു.
രാവിലെ 10.30ന‌് തന്നെ ചീഫ‌്‌ ജസ‌്റ്റിസ‌് അധ്യക്ഷനായ മൂന്നംഗ ബെഞ്ച‌് വിഷയം പരിഗണിക്കുമെന്ന‌് അഡീഷണൽ രജിസ‌്ട്രാർ നോട്ടീസ‌് പുറപ്പെടുവിച്ചു. ‘ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെത്തന്നെ ബാധിക്കുന്ന പൊതുപ്രാധാന്യമുള്ള ഒരു വിഷയം ചീഫ‌്ജസ‌്റ്റിസ‌് രഞ‌്ജൻ ഗൊഗോയ‌്, ജസ‌്റ്റിസുമാരായ അരുൺ മിശ്ര, സഞ‌്ജീവ‌്‌ ഖന്ന എന്നിവർ അംഗങ്ങളായ ബെഞ്ച‌് പ്രത്യേക സിറ്റിങ‌് നടത്തും’- എന്നായിരുന്നു അറിയിപ്പ‌്.

‘ഇന്നത്തെ വാദംകേൾക്കലിന്റെ പൂർണ ഉത്തരവാദിത്തം എനിക്കാണ‌്. കാര്യങ്ങൾ അത്രയും കടന്നുപോയ സാഹചര്യത്തിൽ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം ബലിയാടാകരുത‌് എന്നതിനാലാണ‌് അസാധാരണവും അപൂർവവുമായ നടപടിയിലേക്ക‌് കടക്കുന്നത‌്’–- ചീഫ‌്‌ ജസ‌്റ്റിസ‌് ആമുഖമായി പറഞ്ഞു. അത്രയും അസംബന്ധമായ കാര്യങ്ങളാണ‌് ചില മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചതെന്ന‌് സോളിസിറ്റർ ജനറൽ തുഷാർ മെഹ‌്ത്ത  പരാതിപ്പെട്ടു.

പരാതി ഉന്നയിച്ചിട്ടുള്ള യുവതിക്കെതിരെ ക്രിമിനൽ കേസുകൾ രജിസ‌്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട‌്. സാമ്പത്തികത്തട്ടിപ്പ‌് കേസിൽ അവർക്കെതിരെ അന്വേഷണം നടക്കുകയാണ‌്. അവരുടെ ആരോപണങ്ങൾക്ക‌് മറുപടി നൽകി സ്വയം താഴാൻ ആഗ്രഹമില്ല–- ചീഫ‌്‌ ജസ‌്റ്റിസ‌് തുറന്നടിച്ചു. വെള്ളിയാഴ‌്ച വൈകിട്ട‌് ഈ വിഷയത്തിൽ പ്രതികരണം തേടി വയർ, സ‌്ക്രോൾ, കാരവാൻ തുടങ്ങിയ മാധ്യമസ്ഥാപനങ്ങൾ തന്റെ ഓഫീസിലേക്ക‌് മെയിൽ അയച്ചു. പത്ത‌് മണിക്കൂറിനുള്ളിൽ മറുപടി നൽകാനാണ‌് അവർ ആവശ്യപ്പെട്ടത‌്. സുപ്രീംകോടതി രജിസ‌്ട്രാർ ജനറൽ ആരോപണങ്ങൾക്ക‌് മറുപടി നൽകിയിട്ടുണ്ട‌്.

ചില നിർണായക കേസുകൾ അടുത്ത ആഴ‌്ച തന്റെ ബെഞ്ച‌് പരിഗണിക്കാൻ ഇരിക്കെയാണ‌് ആരോപണം ഉയർന്നത‌്. ഈ വിഷയത്തിൽ കോടതി പുറപ്പെടുവിക്കാൻ ഇരിക്കുന്ന ഏതെങ്കിലും ജുഡീഷ്യൽ ഉത്തരവുകളിൽ താൻ ഇടപെടുകയില്ല. തന്റെ സഹപ്രവർത്തകനും സുപ്രീംകോടതിയിലെ മുതിർന്ന ജഡ‌്ജിയുമായ അരുൺ മിശ്ര ബന്ധപ്പെട്ട ഉത്തരവുകൾ പുറപ്പെടുവിക്കും’–- ചീഫ‌്‌ ജസ‌്റ്റിസ‌് പറഞ്ഞുനിർത്തി.

നിയമസംവിധാനത്തിൽ വിശ്വാസമില്ലെങ്കിൽ കോടതിക്ക‌് എങ്ങനെ പ്രവർത്തിക്കാൻ കഴിയുമെന്ന‌് ജസ‌്റ്റിസ‌് അരുൺ മിശ്ര ചോദിച്ചു. ആരോപണങ്ങൾ ബ്ലാക്ക‌്മെയിൽ തന്ത്രമാണെന്നും യുവതിക്കെതിരെ സ്വമേധയാ കേസെടുക്കൽ ഉൾപ്പെടെ ഉചിതമായ നടപടി സ്വീകരിക്കണമെന്നും സോളിസിറ്റർ ജനറൽ ആവശ്യപ്പെട്ടു.

കോടതിയെ സഹായിക്കുന്ന ഉദ്യോഗസ്ഥൻ എന്ന നിലയിൽ തനിക്കെതിരെയും ചില കേന്ദ്രങ്ങൾ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ടെന്ന‌് അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ ആരോപിച്ചു. എന്നാൽ, ഈ സാഹചര്യത്തിൽ വിശദമായ ഉത്തരവുകൾ പുറപ്പെടുവിക്കുന്നില്ലെന്ന‌് കോടതി അറിയിച്ചു. മാധ്യമങ്ങൾ ഉത്തരവാദിത്തത്തോടെയും സംയമനത്തോടെയും പ്രവർത്തിക്കണമെന്നും കോടതി നിർദേശിച്ചു.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top