17 October Thursday

ചാന്ദ്രയാൻ-2 ; ആ 15 മിനിറ്റ‌് നിർണായകം, കാത്തിരിക്കുന്നത‌് വെല്ലുവിളികൾ

ദിലീപ‌് മലയാലപ്പുഴUpdated: Friday Jul 12, 2019



അമ്പത്തിമൂന്ന‌ു ദിവസത്തെ യാത്രയ‌്ക്ക‌ുശേഷം ചാന്ദ്രപഥത്തിലെത്തുന്ന ചാന്ദ്രയാൻ–-2നെ കാത്തിരിക്കുന്നത‌് വെല്ലുവിളികൾ. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ സുരക്ഷിതമായി പേടകത്തെ ഇറക്കുകയെന്നത‌് ഏറെ ശ്രമകരമാണ‌്. സങ്കീർണമായ സാങ്കേതികവിദ്യകൾ  ഉപയോഗിക്കുന്ന  ഇത്തരമൊരു ‘സോഫ‌്റ്റ‌് ലാൻഡിങ‌്’ ഐഎസ‌്ആർഒക്ക‌് ആദ്യ അനുഭവമാണ‌്. നേരിയ സാങ്കേതിക പ്രശ‌്നങ്ങൾ പോലും ദൗത്യത്തെ ബാധിക്കും.

2008ലെ ഒന്നാം ചാന്ദ്രദൗത്യമായ ചാന്ദ്രയാൻ–-1 വിജയകരമായിരുന്നു. ഒരു ഓർബിറ്ററും ചാന്ദ്രപ്രതലത്തിൽ ഇടിച്ചിറങ്ങിയ പരീക്ഷണ ഉപകരണവുമായിരുന്നു ദൗത്യത്തിലുണ്ടായിരുന്നത‌്. ദക്ഷിണ ധ്രുവത്തിനടുത്തുള്ള ഷാക്കിൽടൻ ഗർത്തത്തിലാണ‌് പരീക്ഷണ ഉപകരണമായ മൂൺ ഇംപാക്ട‌് പ്രോബ‌് ഇടിച്ചിറക്കിയത‌്.
ജലസാന്നിധ്യം കണ്ടെത്തിയത‌് ഈ ദൗത്യമായിരുന്നു. ചാന്ദ്രയാൻ–-1 ലഭ്യമാക്കിയ വിവരങ്ങൾ പഠനവിധേയമാക്കിയശേഷമാണ‌് രണ്ടാം ദൗത്യത്തിന്റെ രൂപരേഖ തയ്യാറാക്കിയത‌്.

രണ്ടാം ദൗത്യത്തിലെ ലാൻഡർ, ദക്ഷിണധ്രുവത്തിൽ നിലംതൊടേണ്ട മേഖല ഐഎസ‌്ആർഒ മാപ്പ‌് ചെയ്തിട്ടുണ്ട‌്. എന്നാൽ, കൃത്യമായ കേന്ദ്രം ചാന്ദ്രയാനിലെ ‘കണ്ണു’കളും ‘തലച്ചോറു’മാകും കണ്ടെത്തുക. ഇതിനായി ആധുനിക ക്യാമറകളും സെൻസറുകളും പേടകത്തിലുണ്ട‌്. സ്വയംനിയന്ത്രിത സംവിധാനം ഉപയോഗിച്ചാണ‌് ഇത‌് സാധ്യമാക്കുക.

സെപ‌്തംബർ ആറിനോ ഏഴിനോ ചാന്ദ്രപഥത്തിലെത്തുന്ന ചാന്ദ്രയാൻ പേടകത്തിൽനിന്ന‌് ലാൻഡർ (വിക്രം) വേർപെടും. ലാൻഡർ ചന്ദ്രന്റെ പ്രതലത്തിലിറങ്ങാൻ 15 മിനിറ്റ‌് മതിയാകും. എന്നാൽ, ഈ 15 മിനിറ്റ‌് ഏറെ നിർണായകമാണ‌്. ലാൻഡറിയെ ബൂസ‌്റ്റർ റോക്കറ്റുകൾ പ്രവർത്തിപ്പിച്ച‌് വേഗത കുറയ‌്ക്കണം. 

‘അപ്പൂപ്പൻതാടി’യെപ്പോലെ പതുക്കെ താഴേക്ക‌് എത്തി നാല‌ുകാലിൽ നിൽക്കണം. പാളിച്ചയുണ്ടായാൽ ലാൻഡർ ഇടിച്ചിറങ്ങി തകരും. ചന്ദ്രനിലെ ദക്ഷിണധ്രുവം വലുതും ചെറുതുമായ ഗർത്തങ്ങളുടെ കേന്ദ്രമാണ‌്. പതിവായി ഉൽക്കാപതനകേന്ദ്രവും. അതുകൊണ്ട‌ുതന്നെ ചാന്ദ്രയാൻ–-2 ദൗത്യത്തിന‌് വെല്ലുവിളി ഏറെയാണ‌്. അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങൾ മാത്രമാണ‌് സോഫ‌്റ്റ‌് ലാൻഡിങ്ങിൽ ഇതുവരെ വിജയം കണ്ടവർ. അടുത്തിടെ, ഇസ്രയേൽ ദൗത്യം പരാജയപ്പെട്ടിരുന്നു. 38 സോഫ‌്റ്റ‌് ലാൻഡ‌് ദൗത്യമാണ‌് ഇതുവരെ നടന്നിട്ടുള്ളത‌്.


പ്രധാന വാർത്തകൾ
 Top