27 June Thursday

അമ്പിളിമുറ്റത്തെത്താൻ "വിക്രം' ഒരുങ്ങി; രണ്ടാം ചാന്ദ്രദൗത്യം ജൂലൈ 15ന‌്

വെബ് ഡെസ്‌ക്‌Updated: Thursday Jun 13, 2019

ബംഗളൂരുവിലെ ഐഎസ‌്ആർഒ കേന്ദ്രത്തിൽ ഉദ്യോഗസ്ഥർ ഓർബിറ്റർ വാഹനത്തിനരികിൽ


തിരുവനന്തപുരം
ഐഎസ‌്ആർഒയുടെ രണ്ടാം ചാന്ദ്രദൗത്യം ജൂലൈ 15ന‌്. ശ്രീഹരിക്കോട്ടയിലെ സതീഷ‌് ധവാൻ സ‌്പെയ‌്സ‌്സെന്ററിൽനിന്നാണ‌്  ചാന്ദ്രയാൻ–-2 പേടകം വിക്ഷേപിക്കുക. മാർക്ക‌്–-3  ഉപഗ്രഹവുമായി ഏറ്റവും ശക്തിയേറിയ റോക്കറ്റായ  ജിഎസ‌്എൽവി  കുതിക്കും. അഞ്ച‌് ഘട്ടങ്ങളായി പഥം ഉയർത്തി സെപ‌്തംബർ ആദ്യവാരം പേടകം ചന്ദ്രന്റെ ആകർഷണ വലയത്തിലെത്തും.

ആറിന‌് ലാൻഡർ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലിറങ്ങും. വിക്ഷേപണ ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണെന്ന‌് ഐഎസ‌്ആർഒ ചെയർമാൻ ഡോ. കെ ശിവൻ അറിയിച്ചു. ഓർബിറ്റർ, ലാൻഡർ,  റോവർ എന്നിവയടങ്ങിയതാണ‌് ചാന്ദ്രയാൻ–-2 ദൗത്യം.  വിജയിച്ചാൽ ഈ മേഖലയിൽ ആദ്യം പേടകം  ഇറക്കുന്ന രാജ്യമായി ഇന്ത്യമാറും. ഗോ‌‌ളാന്തര പര്യവേക്ഷണങ്ങൾക്ക‌് ഇടത്താവളമാക്കുന്നതിനുള്ള നിർണായക വഴിത്തിരിവുമാണിത‌്. ഇതിൽ ഓർബിറ്റർ ചന്ദ്രനെ വലം വയ്ക്കും. ഓർബിറ്ററിൽനിന്ന‌് ലാൻഡർ വേർപെട്ട‌് ചന്ദ്രോപരിതലത്തിൽ സോഫ‌്റ്റ‌് ലാൻഡ‌് ചെയ്യും. വേർപെട്ട‌് 15 മിനിറ്റിനുള്ളിലാണ‌് ലാൻഡർ പ്രതലം തൊടുക.
തുടർന്ന‌് റോവർ ചാന്ദ്രപ്രതലത്തിലൂടെ നീങ്ങിത്തുടങ്ങും. പ്രതലം കുഴിച്ചുള്ള പര്യവേക്ഷണമടക്കം നടത്തും.  വിക്രം സാരാഭായിയോടുള്ള ആദരസൂചകമായി ‘വിക്രം’എന്നാണ് ലാൻഡറിന‌് പേര‌്. റോവറിന്റെ പേര് ‘പഗ്യാൻ’എന്നും.

ചന്ദ്രനിലെ ജലസാന്നിധ്യത്തെപ്പറ്റിയുള്ള കൂടുതൽ പഠനങ്ങൾ റോവറിലെയും ലാൻഡറിലെയും  പരീക്ഷണ ഉപകരണങ്ങൾ നടത്തും. ഇതുവരെ കണ്ടെത്താത്ത ധാതുക്കളുടെ സാന്നിധ്യവും  ഈ മേഖലയിലുണ്ടെന്നാണ‌് നിഗമനം. ഹീലിയത്തിന്റെ അളവ‌്, രാസഘടന, അന്തരീക്ഷം, ഉൽക്കാപതനം തുടങ്ങിയവയെല്ലാം പഠനവിധേയമാക്കും. പത്ത‌ുവർഷംമുമ്പ‌് ഐഎസ‌്ആർഒ വിക്ഷേപിച്ച ചാന്ദ്രയാൻ–-1 പേടകമാണ‌് ചന്ദ്രനിലെ ജലസാന്നിധ്യം കണ്ടെത്തിയത‌്.

മൂൺ ഇംപാക്ട‌് പ്രോബ‌് എന്ന പരീക്ഷണ ഉപകരണത്തെ ചാന്ദ്രപ്രതലത്തിൽ ഇടിച്ചിറക്കുകയും ചെയ‌്തു. രണ്ട‌് ദശകമായി ഐഎസ‌്ആർഒ ശാസ‌്ത്രജ്ഞർ നടത്തിവരുന്ന ശ്രമങ്ങൾക്കൊടുവിലാണ‌് രണ്ടാം ചാന്ദ്രദൗത്യം ലക്ഷ്യം കാണുന്നത‌്. 800 കോടി രൂപയാണ‌് ഈ ദൗത്യത്തിന്റെ ചെലവ്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top