19 March Tuesday

കേന്ദ്രസര്‍ക്കാരിലും പൊതുമേഖലാ സ്ഥാപനങ്ങളിലും നിയമനം നടത്താതെ 29 ലക്ഷം ഒഴിവ്

സാജൻ എവുജിൻUpdated: Saturday Jan 12, 2019

ന്യൂഡൽഹി > രാജ്യത്ത‌് സർക്കാർമേഖലയിൽ ഒഴിഞ്ഞുകിടക്കുന്നത‌് 29 ലക്ഷം തസ‌്തികകൾ. ഇതിൽ ബഹുഭൂരിപക്ഷവും കേന്ദ്രസർക്കാരിലും കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങളിലുമാണ‌്. അഭ്യ‌സ‌്തവിദ്യരായ യുവജനങ്ങളെ സഹായിക്കാനെന്ന പേരിൽ മുന്നോക്കവിഭാഗങ്ങൾക്ക‌് സാമ്പത്തികസംവരണം നൽകാൻ ബിൽ കൊണ്ടുവന്ന മോഡിസർക്കാരിന്റെ ഇരട്ടത്താപ്പ‌് വ്യക്തമാക്കുന്ന കണക്കാണിത‌്.

ഈ ഒഴിവുകൾ നികത്തിയാൽ തന്നെ മൂന്നുലക്ഷത്തോളം പേർക്ക‌് ഇപ്പോൾ പ്രഖ്യാപിച്ച സംവരണമാനദണ്ഡപ്രകാരം ജോലി ലഭിക്കും. എന്നാൽ അധികസാമ്പത്തിക ബാധ്യത വരുമെന്ന കാരണത്താൽ സർക്കാർ ഇതിന‌് തയ്യാറല്ല. മോഡിസർക്കാർ കഴിഞ്ഞ നാലരവർഷവും സർക്കാർവകുപ്പുകളിൽപോലും അപ്രഖ്യാപിത നിയമനനിരോധന നയമാണ‌് സ്വീകരിക്കുന്നത‌്. 

മൊത്തം ഒഴിവുകളിൽ 13 ലക്ഷവും വിദ്യാഭ്യാസമേഖലയിലാണ‌്. മാനവവിഭവ ശേഷി വികസനത്തിൽ സർക്കാർ കാട്ടുന്ന അലംഭാവം എത്രത്തോളമാണെന്ന‌് ഇതിൽനിന്ന‌് തെളിയുന്നു. വരുംതലമുറയെ വാർത്തെടുക്കുന്നതിൽ നിർണായകമായ പ്രാഥമിക വിദ്യാഭ്യാസമേഖലയിൽ അധ്യാപകരുടെ ഒൻപതുലക്ഷം ഒഴിവുണ്ട‌്. സർവശിക്ഷ അഭിയാൻ പദ്ധതിയിൽ മാത്രം 4.17 ലക്ഷം തസ‌്തിക ഒഴിഞ്ഞുകിടക്കുന്നു. സെക്കൻഡറി അധ്യാപകരുടെ ഒരു ലക്ഷത്തോളം ഒഴിവും കേന്ദ്രീയ വിദ്യാലയങ്ങളിൽ 7,885 ഒഴിവുമുണ്ട‌്.
പൊലീസിൽ 4.43 ലക്ഷം തസ‌്തികകൾ കാലിയാണ‌്. സിആർപി‌എഫിലും അസം റൈഫിൾസിലുമായി 61,000ൽപരം ഒഴിവുണ്ട‌്. കേന്ദ്രമന്ത്രാലയങ്ങളിലും വകുപ്പുകളിലുമായി ഒഴിഞ്ഞുകിടക്കുന്നത‌് 4.12 ലക്ഷം തസ‌്തികകളാണ‌്. റെയിൽവേയിൽ 2.53 ലക്ഷം സ്ഥിരം ജീവനക്കാരുടെ ഒഴിവുണ്ട‌്. റെയിൽവേയിൽ നോൺ–- ഗസറ്റഡ‌് തസ‌്തികകളിൽ 17 ശതമാനം ഒഴിഞ്ഞുകിടക്കുകയാണ‌്. ട്രെയിനുകൾ സമയംതെറ്റി ഓടുന്നതിനും അപകടങ്ങൾക്കും പ്രധാനകാരണം ജീവനക്കാരുടെ കുറവാണ‌്.

അങ്കണവാടി വർക്കർമാരുടെ 1.06 ലക്ഷം തസ‌്തികകളും ഹെൽപ്പർമാരുടെ 1.16 ലക്ഷം തസ‌്തികകളും രാജ്യവ്യാപകമായി ഒഴിഞ്ഞുകിടക്കുന്നു. സിവിൽ സർവീസ‌് മേഖലയിലും ഇതിൽനിന്ന‌് വിമുക്തമല്ല. ഐഎഎസിൽ 1449, ഐപിഎസിൽ 970, ഐഎഫ‌്എസിൽ(ഫോറസ‌്റ്റ‌് സർവീസ‌്) 30 വീതം തസ‌്തികകൾ ഒഴിവാണ‌്. നീതിന്യായമേഖലയിലാകട്ടെ, രാജ്യത്തെ കീഴ‌്ക്കോടതികളിൽ 5,436 ന്യായാധിപന്മാരുടെ ഒഴിവുണ്ട‌്; അംഗീകരിക്കപ്പെട്ട തസ‌്തികകളുടെ 24 ശതമാനമാണിത‌്. സുപ്രീംകോടതിയിൽ ഒൻപത‌് ജഡ‌്ജിമാരുടെയും ഹൈക്കോടതികളിലായി 417 ജഡ‌്ജിമാരുടെയും ഒഴിവുകൾ തുടരുന്നു. മെഡിക്കൽ വിദ്യാഭ്യാസമേഖലയിൽ രാജ്യത്തെ ഏറ്റവും പ്രമുഖസ്ഥാപനമായ ഡൽഹി എയിംസിൽ 304 അധ്യാപകരുടെ ഒഴിവുണ്ട‌്. അംഗീകരിച്ച തസ‌്തികകളുടെ 30 ശതമാനമാണിത‌്. അധ്യാപകേതര വിഭാഗത്തിലാകട്ടെ എല്ലാ എയിംസുകളിലും സ്ഥിതി അതീവദയനീയമാണ‌്; 75 ശതമാനം തസ‌്തികകളിലും സ്ഥിരം നിയമനമില്ല. ഐഐടി, ഐഐഎം, എൻഐടി എന്നീ സ്ഥാപനങ്ങളിൽ 2612, 191, 3552 വീതം ഒഴിവുകൾ നികത്തിയിട്ടില്ല. ഈ ത‌സ‌്തികകൾ നികത്തിയാൽ പ്രതിവർഷം 1.27 ലക്ഷം കോടി രൂപയുടെ അധികബാധ്യത ഏറ്റെടുക്കേണ്ടിവരുമെന്ന‌് ധനമന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.


പ്രധാന വാർത്തകൾ
 Top