24 May Friday

പ്രിയങ്കയെ മത്സരിപ്പിക്കാനുള്ള നീക്കത്തിന‌് തിരിച്ചടി; വാരാണസി‌യിൽ എസ‌്പി- ബിഎസ‌്പി സഖ്യം സ്ഥാനാർഥിയെ പ്രഖ്യാപിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Apr 23, 2019

ലഖ‌്നൗ> വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കാനുള്ള കോൺഗ്രസ‌് നീക്കങ്ങൾക്ക‌് തിരിച്ചടി. എസ‌്പി - ബിഎസ‌്പി സഖ്യം വാരാണസിയിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ചതോടെയാണ‌് കോൺഗ്രസ‌് നീക്കം പാളിയത‌്. വാരാണസി മുൻ എംപിയും മുതിർന്ന കോൺഗ്രസ‌് നേതാവുമായിരുന്ന ശ്യാംലാൽ യാദവിന്റെ മരുമകൾ ശാലിനി യാദവാണ‌് വാരാണസിയിലെ മഹാസഖ്യം സ്ഥാനാർഥി. 2017ൽ വാരാണസിയിൽ കോൺഗ്രസിന്റെ മേയർ സ്ഥാനാർഥിയായി മത്സരിച്ച ശാലിനി ഒന്നേകാൽലക്ഷത്തോളം വോട്ട‌് നേടിയിരുന്നു.

എസ‌്പി﹣- ബിഎസ‌്പി പിന്തുണയോടെ പ്രിയങ്ക വാരാണസിയിൽ സ്ഥാനാർഥിയാകുമെന്നായിരുന്നു അഭ്യൂഹങ്ങൾ. കോൺഗ്രസ‌് നേതൃത്വം ആവശ്യപ്പെട്ടാൽ വാരാണസിയിൽ സ്ഥാനാർഥിയാകാൻ താൻ ഒരുക്കമാണെന്ന പ്രഖ്യാപനം പ്രിയങ്കയും നടത്തിയിരുന്നു. മഹാസഖ്യത്തിലെ സീറ്റുധാരണ പ്രകാരം വാരാണസി സീറ്റ‌് എസ‌്പിക്കാണ‌് ലഭിച്ചിരുന്നത‌്. മോഡിക്കെതിരായി എസ‌്പിയുടെ സ്ഥാനാർഥി പ്രഖ്യാപനം വൈകിയതോടെ പ്രിയങ്ക മത്സരത്തിനെത്തുമെന്ന പ്രചാരണം മുറുകി.  പ്രിയങ്ക എത്തിയാൽ മോഡി വാരാണസിയിൽ തളയ‌്ക്കപ്പെടുമെന്നും ബിജെപിക്കെതിരായ കോൺഗ്രസിന്റെ നേരിട്ടുള്ള ഏറ്റുമുട്ടലായി മാറുമെന്നുമായിരുന്നു വിശകലനങ്ങൾ.

എന്നാൽ, എസ‌്പി അധ്യക്ഷൻ അഖിലേഷ‌് യാദവ‌് വാരാണസിയിലെ മഹാസഖ്യം സ്ഥാനാർഥിയെ പ്രഖ്യാപിച്ചതോടെ അഭ്യൂഹങ്ങൾക്ക‌് വിരാമമായി. കോൺഗ്രസ‌് നേതാവായിരുന്ന ശാലിനി കഴിഞ്ഞദിവസം അഖിലേഷുമായി കൂടിക്കാഴ‌്ച നടത്തിയശേഷം എസ‌്പിയിൽ അംഗത്വമെടുക്കുകയായിരുന്നു. അഖിലേഷിന്റെ നിർദേശങ്ങൾക്ക‌് അനുസരിച്ചായിരിക്കും ഇനി തന്റെ പ്രവർത്തനങ്ങളെന്ന‌് ശാലിനി പറഞ്ഞു. ശാലിനിയുടെ ഭർതൃപിതാവ‌് ശ്യാംലാൽ യാദവ‌് 1984﹣-89 കാലയളവിൽ വാരാണസിയിൽനിന്നുള്ള കോൺഗ്രസ‌് എംപിയായിരുന്നു. രാജ്യസഭാ ഉപാധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട‌്.

പ്രിയങ്ക ഗാന്ധി യുപിയിൽ സജീവമായതിന‌് ശേഷവും കോൺഗ്രസിന്റെ ഒരു മുതിർന്ന നേതാവിനെ അടർത്തിമാറ്റാനായത‌് മഹാസഖ്യത്തിന‌് നേട്ടമാണ‌്. പ്രിയങ്കയുടെ വരവ‌് യുപിയിലെ കോൺഗ്രസിൽ ഒരു ഉണർവും സൃഷ്ടിച്ചിട്ടില്ലെന്ന‌് ബോധ്യപ്പെടുത്താനും ഈ നീക്കത്തിലൂടെ എസ‌്പി- ബിഎസ‌്പി സഖ്യത്തിനായി. പ്രിയങ്കയ‌്ക്ക‌് ചുമതലയുള്ള കിഴക്കൻ യുപിയിലെ മണ്ഡലങ്ങളിലാണ‌് ഇനിയുള്ള ഘട്ടങ്ങളിൽ വോട്ടെടുപ്പ‌്. വാരാണസിയിൽ പ്രിയങ്ക സ്ഥാനാർഥിയായിവന്നാൽ കിഴക്കൻ യുപിയിലാകെ അതിന്റെ പ്രതിഫലനമുണ്ടാകുമെന്നായിരുന്നു കോൺഗ്രസ‌് പ്രതീക്ഷ.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വാരാണസിയിൽ കോൺഗ്രസ‌് സ്ഥാനാർഥിയായി മത്സരിച്ച അജയ‌് റായിക്ക‌് മുക്കാൽ ലക്ഷം വോട്ടുകൾ മാത്രമാണ‌് ലഭിച്ചത‌്. 2004 ൽ വാരാണസിയിൽ ജയിച്ച കോൺഗ്രസ‌് എന്നാൽ തുടർന്നുള്ള തെരഞ്ഞെടുപ്പുകളിൽ പിന്നോക്കം പോകുകയായിരുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top