21 July Sunday

മോഡി സർക്കാരിന്റെ നയങ്ങളെ വിമർശിച്ച‌് ബിഎംഎസ‌് അഖിലേന്ത്യാ പ്രസിഡന്റ‌്

വെബ് ഡെസ്‌ക്‌Updated: Tuesday Jun 25, 2019

ന്യൂഡൽഹി> നന്ദ്രേ മോഡി സർക്കാരിന്റെ രാജ്യവിരുദ്ധ–- തൊഴിലാളിവിരുദ്ധ നയങ്ങളെ വിമർശിച്ച‌് ബിഎംഎസ‌് അഖിലേന്ത്യാ പ്രസിഡന്റ‌് സി കെ സജി നാരായണൻ. നഷ‌്ടങ്ങളെ ദേശസാൽക്കരിക്കുക, ലാഭത്തെ സ്വകാര്യവൽക്കരിക്കുക എന്നതാണ‌്  കേന്ദ്രസർക്കാരിന്റെ നയമെന്ന‌് അദ്ദേഹം ദ വയറിന‌് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

92 പൊതുമേഖലാ സ്ഥാപനത്തിന്റെ ഓഹരി വിൽപനയ്ക്കുള്ള തീരുമാനത്തിനെതിരെ പൊതുമേഖലയിലെ എല്ലാ ട്രേഡ‌് യൂണിയനുകളും ഒരുമിച്ച‌് പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യവികസനത്തിൽ പൊതുമേഖലയുടെ പങ്കിനെകുറിച്ച‌് ഇന്ത്യക്ക‌് നയമൊന്നുമില്ല. ഇക്കാര്യത്തിൽ നിതി ആയോഗ‌് നയം രൂപപ്പെടുത്തണം.

മോഡി സർക്കാരിന്റെ തൊഴിൽപരിഷ‌്കാര നടപടികളിൽ മറ്റു ട്രേഡ‌് യൂണിയനുകൾക്ക‌് സമാനമായ ആവശ്യങ്ങൾ തന്നെയാണ‌് ബിഎംഎസിനുമുള്ളത‌്.  രാജ്യത്തെ മുഴുവൻ തൊഴിലാളികൾക്കും മിനിമം വേതനവും 14 ഇന സാമൂഹ്യസുരക്ഷയും ലഭിക്കേണ്ടതുണ്ട‌്. അല്ലാത്തപക്ഷം എതിർക്കപ്പെടണം. ഇക്കാര്യങ്ങളിൽ തൊഴിൽ കോഡ‌് കൊണ്ടുവരാനായിരുന്നു കേന്ദ്രസർക്കാർ ലക്ഷ്യമിട്ടത‌്. ഇക്കാര്യത്തിൽ വിയോജിപ്പ‌് ഉള്ളതുകൊണ്ട‌്  പാസാക്കരുത‌് എന്ന‌്   സർക്കാരിനോട‌് ആവശ്യപ്പെട്ടു.

തൊഴിലില്ലായ‌്മ പരിഹരിക്കാനുള്ള ശ്രമങ്ങൾ ഫലവത്താവുന്നില്ല. അധ്വാനിക്കുന്ന മേഖലകളിലാണ‌് യഥാർഥത്തിൽ  തൊഴിൽ സൃഷ‌്ടിക്കേണ്ടത‌്. അത‌് നടക്കുന്നില്ല. ഏറ്റവും കൂടുതൽ  തൊഴിൽസൃഷ‌്ടിക്കേണ്ട കാർഷിക  മേഖല കനത്ത തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുകയാണ‌്. രാജ്യത്തെ സൂക്ഷ‌്മ, ചെറുകിട  ഉൽപ്പാദന മേഖലകൾ പ്രതിസന്ധിയിലാണ‌്. ടെക‌്സ‌്റ്റൈൽ, ബീഡി വ്യവസായം തുടങ്ങിയ തൊഴിൽ മേഖലകളെല്ലാം വൻ പ്രതിസന്ധിയാണ‌് നേരിടുന്നത‌്. ഈ മേഖലകളുടെ ഉന്നമനം സാധ്യമാക്കിയില്ലെങ്കിൽ തൊഴിലില്ലായ‌്മ വലിയൊരു പ്രശ‌്നമായി തുടരും.

ജിഎസ‌്ടിയും നോട്ടുനിരോധനവും സാമ്പത്തികമേഖലക്ക‌് ആഘാതമേൽപ്പിച്ചു. സ്വകാര്യസ്ഥാപനങ്ങളെ ദേശസാൽകൃതവൽക്കരിക്കുന്നതുകൊണ്ടോ പൊതുമേഖലയെ സ്വകാര്യവൽക്കരിച്ചതുകൊണ്ടോ രാജ്യവികസനം സാധ്യമല്ല. ഇക്കാര്യത്തിൽ കൂടുതൽ ചർച്ചകൾ ആവശ്യമാണെന്നും സജി നാരായണൻ പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top