22 October Tuesday

എസ്‌ഐയെ കൊലപ്പെടുത്തിയ ബിജെപി പ്രവര്‍ത്തകരടക്കമുള്ളവര്‍ക്ക് വന്‍ സ്വീകരണം; 'എതിരേറ്റത്' ജയ്ശ്രീറാം വിളികളോടെ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 27, 2019

ന്യൂഡൽഹി > ഉത്തർപ്രദേശിലെ ബുലന്ദ്‌ശഹറിൽ കലാപശ്രമം തടഞ്ഞ പൊലീസ്‌ ഇൻസ്‌പെക്ടർ സുബോധ്‌കുമാർ സിങ്ങിനെ കൊലപ്പെടുത്തിയവർക്ക്‌ ജയിലിനുപുറത്ത്‌ വൻ സ്വീകരണം. ശനിയാഴ്‌ച ജാമ്യംനേടി ജില്ലാ ജയിലിൽനിന്ന്‌ ഇറങ്ങിയ ബിജെപി പ്രവർത്തകനടക്കമുള്ള ഏഴ്‌ പ്രതികളെ മാലയിട്ടും മുദ്രാവാക്യംമുഴക്കിയുമാണ്‌ തീവ്രഹിന്ദുത്വ സംഘടനാ  പ്രവർത്തകർ സ്വീകരിച്ചത്‌. ജയ്‌ശ്രീറാം, വന്ദേമാതരം, ഭാരത്‌മാതാ കീ ജയ്‌ എന്നിങ്ങനെ ആർത്തുവിളിച്ച്‌ പ്രതികളെ സ്വീകരിക്കുന്ന വീഡിയോ വ്യാപകമായി. ബിജെപി–- യുവമോർച്ച നേതാവ്‌ ശിഖർ അഗർവാൾ, ജീത്തു ഫൗജി എന്നിവരെ മാലയിട്ട്‌ സ്വീകരിക്കുന്നത്‌ കാണാം. ഇരുവരെയും ആലിംഗനംചെയ്‌തും ഒപ്പംനിന്ന്‌ സെൽഫിയെടുത്തുമാണ്‌ പ്രവർത്തകർ പിന്തുണ പ്രഖ്യാപിച്ചത്‌.

അക്രമികൾ ജാമ്യത്തിലിറങ്ങിയതോടെ തന്റെ മക്കളുടെ ജീവന് സുരക്ഷ നൽകണമെന്ന്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് സുബോധ്‌കുമാറിന്റെ ഭാര്യ അഭ്യർഥിച്ചു. പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നും തങ്ങളുടെ ജീവൻ അപകടത്തിലാണെന്നും അവർ പറഞ്ഞു. കഴിഞ്ഞ ഡിസംബറിലാണ്‌ സംഭവം. ചിങർവതി മേഖലയിൽ  മഹോവ‌് ഗ്രാമത്തിന‌് സമീപം വനത്തിൽ പശുവിന്റെ ജഡാവശിഷ്ടം കണ്ടെന്ന‌ുപറഞ്ഞായിരുന്നു സംഘപരിവാർ കലാപം. തബ‌്‌ലീഗി ജമാഅത്തെ മതസമ്മേ‌‌ളനം കഴിഞ്ഞ്‌ മടങ്ങുന്നവരെ ലക്ഷ്യമിട്ട്‌ ദേശീയപാതയിലേക്ക്‌ ആക്രമണം വ്യാപിപ്പിച്ചതോടെയാണ്‌ സുബോധ്‌ നിയന്ത്രിക്കാൻ ശ്രമിച്ചത്‌.

തുടർന്ന്‌ മഴുകൊണ്ട്‌വെട്ടിയും കല്ലെറിഞ്ഞും വെടിവച്ചും സുബോധിനെ കൊല്ലുകയായിരുന്നു. ദാദ്രിയിൽ ഗോഹത്യയുടെപേരിൽ കൊലചെയ്യപ്പെട്ട മുഹമ്മദ‌് അഖ‌്‌ലാഖിന്റെ കേസ‌് ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥനായിരുന്നു സുബോധ‌്.സ്വീകരണം നൽകിയത്‌ വലിയ കാര്യമല്ലെന്ന്‌ ഉത്തർപ്രദേശ്‌ സർക്കാർ പ്രതികരിച്ചു. ജയിലിൽനിന്നിറങ്ങുന്നവരെ അനുയായികൾ സ്വീകരിക്കുന്നതിൽ സർക്കാരിനോ ബിജെപിക്കോ ഒന്നും ചെയ്യാനാകില്ലെന്നായിരുന്നു സർക്കാരിന്റെ പ്രതികരണം. 


പ്രധാന വാർത്തകൾ
 Top