17 October Thursday

ഉപതെര‍ഞ്ഞെടുപ്പില്‍ ഒറ്റയ‌്ക്ക് മത്സരിക്കാന്‍ ബിഎസ‌്പി

വെബ് ഡെസ്‌ക്‌Updated: Tuesday Jun 4, 2019

ന്യൂഡൽഹി > ലോക‌്സഭാ തെരഞ്ഞെടുപ്പിന‌് മുമ്പ‌് യുപിയിൽ സമാജ‌് വാദി (എസ‌്പി) പാർടിയും ബഹുജൻ സമാജ‌് വാദി പാർടിയും (ബിഎസ‌്പി) ചേര്‍ന്ന് രൂപീകരിച്ച മഹാസഖ്യം സംസ്ഥാനത്ത് വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ഉണ്ടായേക്കില്ല. സഖ്യം ​ഗുണംചെയ്തില്ലെന്ന് ഡൽഹിയിൽ നടന്ന യുപി സംസ്ഥാന ഘടകത്തിന്റെ യോഗത്തില്‍  ബിഎസ‌്പി അധ്യക്ഷ മായാവതി വിലയിരുത്തി. 11 നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ ബിഎസ‌്പി ഒറ്റയ‌്ക്ക‌് മത്സരിക്കുമെന്നും സഖ്യകക്ഷികളിൽനിന്ന‌് വോട്ട‌് സമാഹരിക്കാമെന്ന‌് കരുതേണ്ടെന്നും അവര്‍ പ്രവർത്തകരോട‌് നിര്‍ദേശിച്ചു.

എന്നാൽ, തെരഞ്ഞെടുപ്പിലെ തോൽവിയുടെ കാരണങ്ങളാണ‌് യോഗം പരിശോധിച്ചതെന്ന‌ും മഹാസഖ്യം ഉപേക്ഷിക്കാൻ തീരുമാനിച്ചിട്ടില്ലെന്ന‌ും ബിഎസ‌്പി നേതാക്കൾ പറഞ്ഞു. യാദവ വോട്ടുകൾ ബിഎസ‌്പിക്ക‌് ലഭിച്ചില്ലെന്നും എന്നാല്‍ ബിഎസ‌്പിയുടെ വോട്ടുകള്‍ എസ് പിക്ക് ലഭിച്ചെന്നും മായാവതി യോ​ഗത്തില്‍ പറഞ്ഞു. വൻതോതിൽ മുസ്ലിങ്ങൾ അനുകൂലമായി വോട്ടുചെയ‌്തിടത്തുമാത്രമാണ‌് എസ‌്പി ജയിച്ചത‌്. അഖിലേഷ‌് യാദവിന്റെ കുടുംബാംഗങ്ങൾക്കുപോലും യാദവ വോട്ടുകൾ ലഭിച്ചില്ല.

എസ‌്പിയോട‌് ഇടഞ്ഞു നിൽക്കുന്ന അഖിലേഷ‌് യാദവിന്റെ അമ്മാവൻ ശിവപാൽ യാദവും കോൺഗ്രസും യാദവ വോട്ടുകൾ ഭിന്നിപ്പിച്ചെന്ന‌് മായാവതി ചൂണ്ടിക്കാട്ടി. അഖിലേഷ‌് യാദവിന്റെ ഭാര്യ ഡിംപിൾ യാദവ‌്, ബന്ധുക്കളായ അക്ഷയ്, ധർമേന്ദ്ര യാദവ് എന്നിവരും തോറ്റു. തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന്റെ പേരിൽ രണ്ട‌് സംസ്ഥാന പ്രസിഡന്റുമാരെയും ആറ‌് സംസ്ഥാന തെരഞ്ഞെടുപ്പ‌് കോ ഒാർഡിനേറ്റർമാരെയും മായാവതി പുറത്താക്കി.


പ്രധാന വാർത്തകൾ
 Top