18 February Monday

സൈനികർക്ക്‌ മോശം ഭക്ഷണം ലഭിക്കുന്നുവെന്ന്‌ വീഡിയോയിൽ ആരോപിച്ച മുൻ സൈനികന്റെ മകൻ വീടിനുള്ളിൽ മരിച്ചനിലയിൽ

വെബ് ഡെസ്‌ക്‌Updated: Friday Jan 18, 2019

ന്യൂഡൽഹി > സൈന്യത്തിൽ മോശം ഭക്ഷണമാണ്‌ ലഭിക്കുന്നതെന്ന്‌ ഫേസ്‌ബുക്കിൽ വീഡിയോ പങ്കുവച്ചതിന്റെ പേരിൽ ജോലിയിൽനിന്ന്‌ കോർട്ട്‌മാർഷൽ ചെയ്‌ത ബിഎസ്‌എഫ്‌ ജവാൻ തേജ്‌ ബഹദൂർ യാദവിന്റെ മകനെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. 22കാരനായ രോഹിത്തിനെ ഹരിയാനയിലെ റെവാരിയിലെ വീട്ടിലാണ്‌ മരിച്ചനിലയിൽ കണ്ടെത്തിയത്‌. കയ്യിൽ തോക്ക്‌ ഉണ്ടായിരുന്നതായി പൊലീസ്‌ റിപ്പോർട്ടുകളുണ്ട്‌.

ആത്മഹത്യയാണെന്നാണ്‌ പ്രാഥമിക നിഗമനം. മുറി ഉള്ളിൽനിന്ന്‌ പൂട്ടിയ നിലയിലായിരുന്നു. തേജ്‌ ബഹദൂർ യാദവ്‌ കുംഭമേളക്കായി ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലാണെന്നും, മകൻ മരിച്ച വിവരം അദ്ദേഹത്തെ ഉടൻ അറിയിക്കുമെന്നും പൊലീസ്‌ പറഞ്ഞു.

2017ലാണ്‌ അതിർത്തിയിൽ ജോലിചെയ്യുന്ന താനുൾപ്പെടെയുള്ള സൈനികർക്ക്‌ മോശം ഭക്ഷണമാണ്‌ ലഭിക്കുന്നതെന്ന്‌ യാദവ്‌ വീഡിയോ എടുത്ത്‌ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്‌. സൈനികരുടെ ഭക്ഷണത്തിനായി അനുവദിക്കുന്ന തുകയുടെ ചെറിയ ശതമാനം മാത്രമാണ്‌ ഇതിനായി ചെലവഴിക്കുന്നതെന്നും ബാക്കി എവിടെപ്പോകുന്നുവെന്ന്‌ അന്വേഷിക്കേണ്ടതാണെന്നും യാദവ്‌ വീഡിയോയിൽ ആരോപിച്ചിരുന്നു. സംഭവത്തിൽ ആഭ്യന്തര മന്ത്രാലയവും പ്രധാനമന്ത്രിയുടെ ഓഫീസും റിപ്പോർട്ട്‌ ആവശ്യപ്പെടുകയും പിന്നീട്‌ യാദവിനെ 2മാസം നീണ്ട കോർട്ട്‌മാർഷലിനുശേഷം സൈന്യത്തിൽനിന്നും പുറത്താക്കുകയും ചെയ്‌തിരുന്നു. തന്റെ ഭാഗം കൃത്യമായി കേൾക്കാതെയാണ്‌ ജോലിയിൽനിന്ന്‌ പുറത്താക്കിയതെന്ന്‌ പറഞ്ഞുള്ള യാദവിന്റെ വീഡിയോയും വൈറലായിരുന്നു.


പ്രധാന വാർത്തകൾ
 Top