22 September Sunday

കലാപാഹ്വാന വീഡിയോകൾ തടയണം :ആഭ്യന്തരമന്ത്രിക്ക്‌ ബൃന്ദയുടെ കത്ത്‌

വെബ് ഡെസ്‌ക്‌Updated: Saturday Jul 27, 2019

ന്യൂഡൽഹി> വർഗീയ വിദ്വേഷവും കലാപാഹ്വാനവുമടങ്ങുന്ന വീഡിയോകൾ യൂട്യുബിലും വാട്‌സാപിലും മറ്റും പ്രചരിപ്പിക്കുന്നത്‌ തടയണമെന്ന്‌ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം ബൃന്ദ കാരാട്ട്‌ ആഭ്യന്തരമന്ത്രി അമിത്‌ ഷായോട്‌ ആവശ്യപ്പെട്ടു. ഒരു സമുദായത്തിനെതിരെ മറ്റൊരു സമുദായത്തോട്‌ കലാപത്തിന്‌ ആഹ്വാനം ചെയ്യുന്ന വീഡിയോകളാണ്‌ പ്രചരിക്കുന്നത്‌. ജയ്‌ ശ്രീ റാം വിളിക്കാത്തവരെ ചുടുകാട്ടിലേക്കയക്കണം എന്നാണ്‌ ഒരു വീഡിയോയിൽ പറയുന്നത്‌.

ഹിന്ദുക്കൾ സംഘടിച്ച്‌ മുസ്ലിങ്ങളുടെ വീടുകളിൽ കയറി അവരെ പാഠം പഠിപ്പിക്കണമെന്നാണ്‌ മറ്റൊരു പരാമർശം. ‘ലൗ ജിഹാദ്‌’ ആരോപിച്ചാണ്‌ സന്ദീപ്‌ ആചാര്യ എന്നയാൾ ഈ ആഹ്വാനം നടത്തിയത്‌. ജനത മ്യുസിക്‌ എന്ന കമ്പനിയുടെ പേരിലാണ്‌ വീഡിയോ ഉള്ളത്‌. 

ഈ വീഡിയോകൾ ഐപിസി 153 എ/ 505 (1), (2) വകുപ്പുകൾ പ്രകാരം കുറ്റകരമാണെന്ന്‌ ആഭ്യന്തമന്ത്രിക്ക്‌ നൽകിയ കത്തിൽ ബൃന്ദ ചൂണ്ടിക്കാട്ടി. ഐടി നിയമ പ്രകാരവും ഗുരുതര കുറ്റമാണ്‌. ഒരു പ്രത്യേക വിഭാഗത്തിനെതിരെ ആക്രമണത്തിന്‌ പ്രേരിപ്പിക്കുകയാണ്‌ ഇവരെല്ലാം. യൂട്യൂബ്‌ ചാനലുകളുടെ ഉടമകളും ഉത്തരവാദികളാണ്‌. ലോകവ്യാപകമായി ഈ വീഡിയോകൾ പ്രചരിക്കുന്നത്‌ രാജ്യത്തിന്റെ പ്രതിച്ഛായക്കും താൽപ്പര്യത്തിനും തിരിച്ചടിയാകും. പ്രചാരണം നടത്തിയവർക്കെതിരെ കേസെടുക്കാനും ഉടൻ അറസ്‌റ്റ്‌ ചെയ്യാനും തയാറാകണം.

ജനത മ്യൂസിക്‌ എന്ന കമ്പനിക്കെതിരെ അടിയന്തര നടപടി എടുക്കണം.  പ്രകോപനപരമായ വീഡിയോകൾ നീക്കം ചെയ്യാൻ യൂട്യൂബിന്‌ നിർദേശം നൽകണമെന്നും ബൃന്ദ ആവശ്യപ്പെട്ടു. ഇത്തരം വീഡിയോ പ്രചരിപ്പിക്കുന്ന യൂട്യൂബ്‌,- ഫെയ്‌സ്‌ബുക്ക്‌ ലിങ്കുകൾ കത്തിലുണ്ട്‌. ഈ ലിങ്കുകൾ പിന്നീട്‌ യൂട്യൂബ്‌ നീക്കം ചെയ്‌തു. ഡൽഹി പൊലീസ്‌ കമീഷണർ മൻദീപ്‌ സിങിനും ബൃന്ദയും സിപിഐ എം ഡൽഹി സംസ്ഥാന സെക്രട്ടറി കെ എം തിവാരിയും കത്ത്‌ നൽകി.


പ്രധാന വാർത്തകൾ
 Top